Connect with us

Articles

ഒടുവിലവര്‍ മദ്റസകളെ തേടിയെത്തി

കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെ സംശയനിഴലില്‍ നിര്‍ത്താനും അവിടെ അറിവ് പകരുന്ന അധ്യാപകരെ താറടിക്കാനും വേണ്ടിയുള്ള കുത്സിത ശ്രമങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ വസ്തുനിഷ്ഠമായി പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദത്തിന് അനിവാര്യമാണ്. കുറ്റാരോപണത്തിന്റെ പെരുമഴ നനയേണ്ട കേന്ദ്രങ്ങളല്ല മദ്‌റസകള്‍. അവ മാനുഷികമൂല്യങ്ങളുടെ കൈമാറ്റ സ്ഥലങ്ങളാണ്.

Published

|

Last Updated

ആ ചാനലില്‍ സത്യമായ വല്ലതും പറയാറുണ്ടോ എന്ന ഒറ്റച്ചോദ്യത്തില്‍ തൂത്തുവാരി പുറത്തുകളയാവുന്ന മാലിന്യമാണ് സംഘ്പരിവാര്‍ ചാനലിലെ ആങ്കര്‍, ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടംവലം പായുന്ന ചര്‍ച്ചയില്‍ എടുത്തുദ്ധരിച്ചത്. കെ ടി ജലീല്‍ നിയമസഭയില്‍ വെച്ച റിപോര്‍ട്ട് എന്ന വ്യാജേനയാണ് മദ്റസാധ്യാപകരുടെ ശമ്പളത്തെ കുറിച്ച് അവര്‍ പെരുംനുണ എഴുന്നെള്ളിച്ചത്. അതങ്ങനെ തള്ളിക്കളയാവുന്ന വെറുമൊരു വ്യാജമല്ല എന്നതുകൊണ്ടും സമൂഹത്തെ അപകടകരമാംവിധത്തില്‍ ഗ്രസിച്ചേക്കാവുന്ന വിഷപ്രയോഗമാണ് അതെന്നതുകൊണ്ടും ചില കാര്യങ്ങള്‍ വിസ്തരിച്ചുതന്നെ പറയേണ്ടിയിരിക്കുന്നു. ജനം ടി വി അവതാരക പൊതുവിടത്തില്‍ തികച്ചും നിരുത്തരവാദപരമായി നടത്തിയ ആ പ്രസ്താവനയുടെ നിജസ്ഥിതി അന്വേഷിക്കുന്നത് സംഘ്പരിവാര്‍ മുസ്ലിംകളോടും അവരുടെ മതപാഠശാലകളോടും പുലര്‍ത്തുന്ന വെറുപ്പ് അവസാനിപ്പിക്കും എന്ന പ്രതീക്ഷയിലല്ല. മറിച്ച്, മലയാളികളെ വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്നതല്ലാതെ മറ്റൊരജന്‍ഡയും ജനം ചാനലിനില്ല എന്ന് മുന്നറിയിപ്പ് നല്‍കാനാണ്.

ചര്‍ച്ചയില്‍ അവതാരക ഉദ്ധരിച്ച ‘റിപോര്‍ട്ട്’ ആദ്യം പ്രത്യക്ഷപ്പെടുന്നത് Maicile Sഎന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ്. 2020 സെപ്തംബര്‍ ആറിന് പുറത്തുവന്ന ആ കുറിപ്പിലെ മുഖ്യമായ ഭാഗം ഇങ്ങനെ: ‘ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. ഒന്ന്, കേരളത്തിലെ ആകെ ജനസംഖ്യ: 3,56,99,443. രണ്ട്, കേരളത്തിലെ മുസ്ലിം ജനസംഖ്യ: 88,73,472 (26 ശതമാനം). മൂന്ന്, കേരളത്തിലെ മദ്റസകളുടെ എണ്ണം: 21,683. നാല്, കേരളത്തിലെ മദ്റസാ അധ്യാപകരുടെ എണ്ണം: 2,04,683. അഞ്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941. ആറ്, ശരാശരി ഒരു പഞ്ചായത്തിലെ മദ്റസകളുടെ എണ്ണം (21,683/941) = 23 മദ്റസകള്‍. ചആ : വാര്‍ഡ് ഒന്നിന് ഒന്നില്‍ കൂടുതല്‍ മദ്റസകള്‍. ഏഴ്, ഒരു മദ്റസാ അധ്യാപകന്റെ ശമ്പളം = 25000/ പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കില്‍ ശമ്പളം പറ്റുന്നവര്‍ പുറമെ). എട്ട്, ഒരു മാസം മദ്റസാ അധ്യാപകര്‍ക്കായി ഖജനാവില്‍ നിന്ന് കൊടുക്കുന്ന ശമ്പളം: ( 20,4683ഃ25,000) = 511,70,75,000. ഒമ്പത്, ഒരു മാസം മദ്റസാ അധ്യാപകര്‍ക്ക് കൊടുക്കുന്ന പെന്‍ഷന്‍ (പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്): 6,000ഃ200000 = 1200000000. പത്ത്, ആകെ ഒരു മാസം മദ്റസാ ശമ്പളവും പെന്‍ഷനും കൂടി ഖജനാവില്‍ നിന്ന് നല്‍കുന്ന പണം: ( 511,70,75000 + 120,00,00,000) = 631,70,75,000. 11, ഒരു വര്‍ഷം കേരളത്തില്‍ മദ്റസാ ശമ്പളവും പെന്‍ഷനും കൂടി ചെലവഴിക്കുന്ന പണം (631,70,75000ഃ12) = 7580,49,00,000 (ഏഴായിരത്തി അഞ്ഞൂറ്റി എണ്‍പത് കോടി നാല്‍പ്പത്തി ഒമ്പത് ലക്ഷം രൂപ) ചആ: ഈ സംഖ്യ പരിശോധിക്കുന്നവര്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചിട്ട് കാര്യമില്ല. സംഖ്യയുടെ വലിപ്പം കൊണ്ട്, എറര്‍ കാണിക്കും.’

രണ്ട് കൊല്ലം മുമ്പത്തെ കണക്കല്ലോ, ഇപ്പോള്‍ വായിക്കുമ്പോള്‍ സ്വല്‍പ്പം വര്‍ധന വേണമല്ലോ എന്ന് കരുതിയിട്ടാകണം ജനം ചാനലിലെ ആങ്കര്‍ മദ്‌റസ അധ്യാപകന്റെ പ്രതിമാസ ശമ്പളം 35,000 ആയും മണിക്കൂറിനു 600 രൂപ ആയും കുത്തനെ കൂട്ടിയിട്ടുണ്ട്! Maicile S ന്റെ കുറിപ്പില്‍ ‘വിവരങ്ങള്‍ക്ക് കടപ്പാട്: ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ അവതരിപ്പിച്ച വിവരങ്ങള്‍’ എന്ന് ചേര്‍ത്തിട്ടുണ്ട്. ചാനലില്‍ ഈ കണക്ക് വായിച്ചയാളും കെ ടി ജലീലിനെ തന്നെയാണ് ഉദ്ധരിക്കുന്നത്. ഇനി കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് എന്താണെന്ന് പരിശോധിക്കാം. ആ പ്രസംഗം ഇപ്പോഴും യൂട്യൂബില്‍ ഉണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍:

‘കേരളത്തില്‍ വളരെ തുച്ഛമായ വേതനത്തിന് സേവനം ചെയ്യുന്ന വിഭാഗമാണ് മദ്റസാ അധ്യാപകര്‍. മൊത്തം 21,683 മദ്റസകളിലായി 20,04,683 അധ്യാപകര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വലിയൊരു വിഭാഗമായിട്ടും അവര്‍ ഈ രംഗത്ത് നിശ്ശബ്ദമായി സേവനം ചെയ്ത് പോരുന്നു. ഓരോ മദ്റസക്ക് കീഴിലുമുള്ള അധ്യാപകര്‍ക്കും ലഭിക്കുന്ന വേതനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട് എന്നത് വസ്തുതയാണ്. ശരാശശി 6,000 രൂപയില്‍ കൂടുതല്‍ മദ്റസാധ്യാപകര്‍ക്ക് ശമ്പളമായി ലഭിക്കുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ആളുകളാണിവര്‍. ഈ ദുരവസ്ഥ ലഘൂകരിക്കാന്‍ ശ്രീ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആണ് ആദ്യമായി മദ്റസാധ്യാപക ക്ഷേമനിധി രൂപവത്കരിച്ചത്. നിലവില്‍ കോഴിക്കോട് ആസ്ഥാനമായ മദ്റസാധ്യാപക ക്ഷേമനിധിയുടെ നടത്തിപ്പ് നിയമം മൂലം വ്യവസ്ഥപ്പെടുത്താനാണ് മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡും രൂപവത്കരിച്ചുകൊണ്ടുള്ള നിയമ നിര്‍മാണം ഇപ്പോള്‍ നടത്തുന്നത്.

മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്ന് ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയതായി 6,000ത്തോളം പേരാണ് ഇതില്‍ അംഗങ്ങളായത്. 65 വയസ്സ് പൂര്‍ത്തിയായവരും അംഗത്വമെടുത്ത് അഞ്ച് വര്‍ഷം കഴിഞ്ഞവരുമായ അംഗങ്ങള്‍ക്കാണ് നിലവില്‍ 1,000 രൂപ പെന്‍ഷന്‍ നല്‍കിവരുന്നത്. പുതിയ സ്‌കീം പ്രകാരം 2020 ഏപ്രില്‍ ഒന്ന് മുതല്‍ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ പെന്‍ഷന്‍ തുക കുറഞ്ഞത് 1,500 രൂപയും കൂടിയത് 7,500 രൂപയും ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 230 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്.’

ആ പ്രസംഗത്തിലെവിടെയും മദ്റസാധ്യാപകരുടെ ശമ്പളത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അപ്പോള്‍ പെന്‍ഷന്‍ ഇനത്തിലുള്ള ആയിരം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുത്തുകൊടുക്കുകയാണോ? അല്ല. പിന്നെയോ? ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്ന മുഅല്ലിമും (മദ്‌റസാ അധ്യാപകന്‍) മാനേജ്‌മെന്റും പ്രതിമാസം ട്രഷറിയില്‍ നിക്ഷേപിക്കുന്ന 50 രൂപയില്‍ നിന്നാണ് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് 1,000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. അഥവാ അവര്‍ സര്‍ക്കാറില്‍ നിക്ഷേപിച്ച പണം അവരുടെ വാര്‍ധക്യത്തില്‍ സര്‍ക്കാര്‍ അവര്‍ക്ക് തിരിച്ചുനല്‍കുന്നു. എല്ലാ മുഅല്ലിമുകള്‍ക്കും ഇങ്ങനെ പെന്‍ഷന്‍ കിട്ടില്ല. ബോര്‍ഡില്‍ അംഗത്വമെടുത്തവര്‍ക്കേ ഇത് കിട്ടൂ. സാധാരണയായി ഏതെങ്കിലും ബേങ്കുമായി ബന്ധിപ്പിച്ചാണ് ക്ഷേമനിധികളുടെ പ്രവര്‍ത്തനം. മദ്റസാ ക്ഷേമനിധി ബോര്‍ഡിന്റെ ആരംഭകാലത്ത് കോഴിക്കോട് കോ-ഓപറേറ്റീവ് ബേങ്കുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നതുമാണ്.പക്ഷേ ബേങ്കിടപാടിനോട്, അതുവഴി സംഭവിക്കുന്ന പലിശ ചേരലിനോട് മതസംഘടനകളും മദ്റസാ കമ്മിറ്റികളും താത്പര്യക്കുറവ് അറിയിച്ചതിനെത്തുടര്‍ന്നാണ് മദ്റസാധ്യാപക ക്ഷേമനിധി സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റിയത്. അതിന്റെ ഇന്‍സെന്റീവില്‍ നിന്നാണ് മദ്റസാ അധ്യാപകര്‍ക്ക് ഭവന വായ്പ, വിവാഹ സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്നിവയെല്ലാം നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാറിലെ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീലിനെ തന്നെ ഉദ്ധരിക്കട്ടെ.

‘ഇന്ന് മുപ്പതിനായിരത്തോളം അംഗങ്ങളാണ് ഈ ക്ഷേമനിധിയിലുള്ളത്. മദ്റസാ അധ്യാപകരുടെയും മദ്റസാ മാനേജ്‌മെന്റുകളുടെയും വിഹിതമായി സ്വരൂപിക്കപ്പെട്ട 25 കോടിയോളം രൂപയാണ് നിലവില്‍ ട്രഷറിയില്‍ നിക്ഷേപമായി ഉള്ളത്. ആ 25 കോടി ഏതെങ്കിലും ബേങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നതെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവിനേക്കാള്‍ അധികം തുക ലഭിക്കുമായിരുന്നു. അത് ചെയ്യാതെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറിന് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുമാറ് പൊതുഖജനാവില്‍ സൂക്ഷിച്ചത് മഹാ അപരാധമാണെന്നാണോ സംഘ് ഭാഷ്യം'(thecue.in/ 2021 മെയ് 27).

ജനം ടി വി ഇപ്പോള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ച ആ കണക്കുകള്‍ സംഘ് കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സമയത്തുതന്നെ കെ ടി ജലീല്‍ അതിനു മറുപടി നല്‍കിയതാണ്. ‘ഏകദേശം 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവില്‍ നിന്ന് മദ്റസാധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ല’ എന്ന് ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചിരുന്നു.

ഇനി ക്ഷേമനിധിയുടെ കാര്യം. മദ്റസാ അധ്യാപകര്‍ക്ക് മാത്രമാണോ ക്ഷേമനിധി ഉള്ളത്? അല്ല. ഏതാണ്ടെല്ലാ തൊഴില്‍ സമൂഹങ്ങള്‍ക്കും ക്ഷേമനിധി ഉണ്ട്. തൊഴില്‍ വരുമാനത്തില്‍ നിന്നൊരു വിഹിതം ബന്ധപ്പെട്ട ബോര്‍ഡില്‍ അടക്കുകയും ഒരു വിഹിതം സര്‍ക്കാര്‍ വകയും ചേരുന്നതാണ് ക്ഷേമനിധികളുടെ പൊതുസ്വഭാവം. മദ്റസാ ക്ഷേമനിധിയുടെ കാര്യത്തിലാകട്ടെ, സര്‍ക്കാര്‍ വിഹിതം പോലും ചേരേണ്ടതില്ലാത്ത വിധം ഭദ്രമാണ് അതിന്റെ നില. മതസമൂഹം എന്ന നിലക്ക് മുസ്ലിംകള്‍ക്ക് മാത്രമുള്ള പരിഗണനയാണോ മദ്റസാ അധ്യാപക ക്ഷേമനിധി? അതുമല്ല. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1,648 ക്ഷേത്രങ്ങളിലെയും ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉണ്ട്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് തന്നെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ചതും ക്ഷേമനിധി ഏര്‍പ്പെടുത്തിയതും. അതേ ഭരണകാലത്താണ് പാലോളി കമ്മിറ്റി ഉണ്ടാകുന്നതും മദ്റസാ ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കുന്നതും. ക്ഷേത്രങ്ങളില്‍ മതപ്രവര്‍ത്തനം അല്ലേ നടക്കുന്നത്? അതെ. പിന്നെന്തിനു ക്ഷേമനിധി? അവര്‍ ഒരു തൊഴില്‍ സമൂഹം എന്ന പരിഗണന അര്‍ഹിക്കുന്നതുകൊണ്ട്. അതുതന്നെയാണ് മദ്റസാ അധ്യാപകരുടെ കാര്യത്തിലും മാനദണ്ഡം. അവരെ ഒരു മതസമൂഹം എന്ന നിലയില്‍ അല്ല, തൊഴില്‍ സമൂഹം എന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള സി, ഡി ഗ്രേഡിലുള്ള 1,400ലേറെ ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. സര്‍ക്കാര്‍ നല്‍കുന്ന പണമാണ് ദേവസ്വം ബോര്‍ഡ് ഇതിനായി വിനിയോഗിക്കുന്നത്. അഥവാ സര്‍ക്കാര്‍ പണം ക്ഷേത്രങ്ങളില്‍ ശമ്പളം നല്‍കാനും വിനിയോഗിക്കപ്പെടുന്നുണ്ട്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും വരുമാനം ഉള്ളവയല്ല. അതേസമയം വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങളിലും ജീവനക്കാരുണ്ട്. മുസ്ലിം സമൂഹത്തിലേത് പോലെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പരിപാലിക്കുന്നതില്‍ വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ ഹിന്ദു സമുദായത്തില്‍ ഇല്ല. എന്നുകരുതി ക്ഷേത്ര ജോലിയില്‍ ഏര്‍പ്പെട്ടവരുടെ ജീവിതം വഴിമുട്ടരുതല്ലോ. അതുകൊണ്ട് ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പണം നല്‍കുന്നു. ആ പണം ക്ഷേത്രജീവനക്കാരുടെ ശമ്പളത്തിലേക്ക് വിനിയോഗിക്കുന്നു. ഇതിലൊന്നും വര്‍ഗീയത കാണേണ്ടതില്ല. തൊഴില്‍സമൂഹം എന്ന നിലക്ക് എല്ലാ വിഭാഗത്തിനും പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നു എന്നേ അര്‍ഥമുള്ളൂ. മദ്റസാധ്യാപക ക്ഷേമനിധിയും അങ്ങനെയൊരു സംരംഭമാണ്. അത് മനുഷ്യര്‍ക്ക് മനസ്സിലാകേണ്ടതാണ്; വര്‍ഗീയവാദികള്‍ക്ക് ഇതൊന്നും മനസ്സിലാകുകയുമില്ല.

അപ്പോള്‍ പിന്നെ മദ്റസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് ആരാണ്? ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള ഓര്‍ഡിനന്‍സില്‍ ഇങ്ങനെ പറയുന്നു: ‘കമ്മിറ്റി എന്നാല്‍ മദ്റസയുടെ ഭരണനിര്‍വഹണത്തിനു വേണ്ടി രൂപവത്കൃതമായ കമ്മിറ്റിയോ മറ്റ് ഭരണസമിതിയോ എന്ന് അര്‍ഥമാക്കുന്നതും അതില്‍ മദ്റസാ അധ്യാപകന് വേതനം നല്‍കുന്നതിന് ഉത്തരവാദപ്പെട്ട ആള്‍ ഉള്‍പ്പെടുന്നതുമാകുന്നു’. മഹല്ല് കമ്മിറ്റിയോ മദ്റസാ കമ്മിറ്റിയോ ആണ് ഓരോ പ്രദേശത്തെയും മദ്റസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. ആ വകയിലേക്ക് സര്‍ക്കാര്‍ നയാപൈസ നല്‍കുന്നില്ല. നാട്ടുകാരില്‍ നിന്ന് കമ്മിറ്റി പിരിച്ചെടുക്കുന്ന സംഖ്യ സ്വരൂപിച്ചാണ് മദ്റസാ അധ്യാപകരുടെ ശമ്പളം കൊടുക്കുന്നത്. സി പി എം നേതാവ് കെ ജയദേവന്‍ മുമ്പ് ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പില്‍ നിന്നൊരു ഭാഗം കൂടി വായിക്കുക. ‘മദ്റസകളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ല. അതാത് പള്ളിക്കമ്മിറ്റികളാണ്. ഓരോ മഹല്ലുകളിലെയും അംഗങ്ങളില്‍ നിന്ന് പിരിവെടുത്താണ് കേരളത്തിലെ മുസ്ലിം പള്ളികളെല്ലാം പ്രവര്‍ത്തിക്കുന്നത്. 2,000 രൂപ തൊട്ട് ശമ്പളം പറ്റുന്ന മദ്റസാ അധ്യാപകര്‍ സംസ്ഥാനത്തുണ്ട്. 15,000 രൂപ വരെ പരമാവധി കിട്ടുന്നവരുമുണ്ട് (ഈ കണക്ക് പള്ളികളുമായി ബന്ധമുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞതാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താം.) അതിലൊന്നും സര്‍ക്കാറിന് യാതൊരു പങ്കുമില്ല’ (2020 ജൂണ്‍ 7) . ഇനിയും തിരിയാത്തവര്‍ക്ക് 2021 ജൂണ്‍ പത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വായിക്കാവുന്നതാണ്. പി കെ ബഷീര്‍, എന്‍ ശംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ പി എ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍, മദ്റസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ അല്ലെന്നും മദ്റസാ മാനേജ്‌മെന്റ് ആണെന്നും വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്. വിളയോടി ശിവന്‍കുട്ടി എന്നയാള്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇതേ മറുപടി നല്‍കുന്നുണ്ട്. കാര്യം തിരിയാത്തവര്‍ക്ക് അതും വായിക്കാവുന്നതാണ്.

കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെ സംശയനിഴലില്‍ നിര്‍ത്താനും അവിടെ അറിവ് പകരുന്ന അധ്യാപകരെ താറടിക്കാനും വേണ്ടിയുള്ള കുത്സിത ശ്രമങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ വസ്തുനിഷ്ഠമായി പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദത്തിന് അനിവാര്യമാണ്. കുറ്റാരോപണത്തിന്റെ പെരുമഴ നനയേണ്ട കേന്ദ്രങ്ങളല്ല മദ്‌റസകള്‍. അവ മാനുഷികമൂല്യങ്ങളുടെ കൈമാറ്റ സ്ഥലങ്ങളാണ്. അച്ചടക്കമുള്ള തലമുറയെ രൂപപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഓരോ മതാധ്യാപകനും ചെയ്യുന്നത്. കള്ളങ്ങള്‍ക്കുമേല്‍ കള്ളങ്ങള്‍ അടുക്കിവെച്ച് സംഘ്പരിവാരവും അവരുടെ മാധ്യമങ്ങളും മതപാഠശാലയുടെ പേരില്‍ കേരളത്തെ വര്‍ഗീയമായി പിളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അരുതേ എന്ന അപേക്ഷ മാത്രം പോരാ, ഇതാണ് സത്യം എന്നുറക്കെ പറയാനുള്ള അധികബാധ്യത കൂടി ജനാധിപത്യവാദികള്‍ക്കുണ്ട്. നമ്മുടെ മൗനത്തിന്റെ കടവില്‍ ഫാസിസത്തിന്റെ ഒരു വഞ്ചിയും കെട്ടിയിടാന്‍ അനുവദിക്കരുത്.