Connect with us

editorial

ഇ യു വ്യാപാര കരാറും ഇന്ത്യന്‍ കര്‍ഷകരും

അമേരിക്ക തീരുവ യുദ്ധത്തിലേര്‍പ്പെട്ട സാഹചര്യത്തില്‍ ഇന്ത്യക്ക് ശക്തരായ വ്യാപാര പങ്കാളികളെ ആവശ്യമാണെങ്കിലും അത് രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്ത് കൂടിയാകണം.

Published

|

Last Updated

ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ നിര്‍ണായക അധ്യായമായാണ് ഇന്ത്യ- ഇ യു വ്യാപാര കരാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ട് ദശകത്തോളം നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിലാണ് കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്. 2007ല്‍ തുടങ്ങിയതാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍. 2013ല്‍ ചര്‍ച്ച വഴിമുട്ടി. ഇന്ത്യയുടെ കാര്‍ഷിക-പാല്‍ ഉത്പന്ന വിപണിയിലേക്കുള്ള യൂറോപ്പിന്റെ കടന്നുവരവിനെ ചൊല്ലിയുള്ള ഭിന്നതയായിരുന്നു കാരണം. കൊവിഡിനു ശേഷം ആഗോള വിതരണ ശൃംഖലയില്‍ അനുഭവപ്പെട്ട മുരടിപ്പും യുക്രൈന്‍ യുദ്ധവും 2022ല്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ വഴിയൊരുക്കി. അമേരിക്ക, ചൈന ആശ്രിതത്വം കുറച്ച് മറ്റു രാജ്യങ്ങളുമായി സാമ്പത്തിക- നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള യൂറോപ്പിന്റെ തീരുമാനവും കരാര്‍ രൂപപ്പെടുന്നതിന് വേഗത കൂട്ടി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി ഇന്ത്യക്കെതിരെ ഉപരോധത്തിന് അമേരിക്ക യൂറോപ്യന്‍ യൂനിയനില്‍ സമ്മര്‍ദം ചെലുത്തി വരുന്നതിനിടെയാണ് അമേരിക്കയെ തള്ളി യൂറോപ്പ് കരാറില്‍ ഒപ്പിട്ടത്.

അമേരിക്കയുടെ ഇരട്ടത്തീരുവക്കും ഇന്ത്യ- യു എസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെ ഇ യുമായുള്ള വ്യാപാര പങ്കാളിത്തം ഇന്ത്യക്ക് വലിയ ആശ്വാസമാകും. ആഗോള ജി ഡി പിയുടെ നാലിലൊന്ന് പ്രതിനിധാനം ചെയ്യുന്ന ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ ഏകീകൃത വിപണിയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് പ്രതിനിധാനം ചെയ്യുന്നതുമായ യൂറോപ്യന്‍ യൂനിയനുമായി വ്യാപാര രംഗത്ത് കൈകോര്‍ക്കുമ്പോള്‍ ആഗോള സാമ്പത്തിക ക്രമത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ 22ാമത് സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) പങ്കാളിയാണ് യൂറോപ്യന്‍ യൂനിയന്‍. യു കെ, ആസ്‌ത്രേലിയ, യു എ ഇ, ഒമാന്‍, മൗറീഷ്യസ് തുടങ്ങിയവ ഇന്ത്യയുടെ മറ്റു പ്രധാന എഫ് ടി എ പങ്കാളികളാണ്.

90 ശതമാനം ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ തീരുവ ഒഴിവാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഘട്ടംഘട്ടമായി ഇന്ത്യയും തീരുവ ഒഴിവാക്കും. ഇറക്കുമതി തീരുവ ഇല്ലാതാകുന്നതോടെ നിരവധി ഇറക്കുമതി ഉത്പന്നങ്ങളുടെ വില കുറയുകയും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍, ലോഹങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത വര്‍ധിക്കുകയും ചെയ്യും. രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും. കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കുന്നതോടെ ഷിപ്പിംഗ്, വെയര്‍ഹൗസിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളിലും ഭക്ഷ്യ സംസ്‌കരണ രംഗത്ത് യൂറോപ്യന്‍ സാങ്കേതിക വിദ്യ എത്തുന്നതോടെ ഈ രംഗത്തും പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെടും.

ഇന്ത്യന്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അക്കൗണ്ടന്റുമാര്‍, നഴ്‌സുമാര്‍ തുടങ്ങിയ പ്രൊഫഷനലുകള്‍ക്കും വിദേശത്ത് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കരാര്‍ ഗുണകരമാകും. വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും തൊഴില്‍വിസാ നടപടികള്‍ ലഘൂകരിക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. യു എസിലെയും യു കെയിലെയും വിസാ നിയന്ത്രണം കാരണം പ്രതിസന്ധിയിലായ ഇന്ത്യയിലെ പ്രൊഫഷനലുകള്‍ക്ക് യൂറോപ്പ് വഴിതുറന്നു കൊടുക്കും. യു എസിനെയും യു കെയെയും അപേക്ഷിച്ച് യൂറോപ്പില്‍ പഠന ചെലവ് കുറവാണെന്നത് വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമാണ്. അമേരിക്കയില്‍ ഒരു വര്‍ഷം 60-65 ലക്ഷം ചെലവ് വരുമ്പോള്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ 35-40 ലക്ഷമേ വരികയുള്ളൂ.

അതേസമയം കാര്‍ഷിക, ചെറുകിട സംരംഭക മേഖലക്ക് കരാര്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. കര്‍ഷകര്‍ക്ക് വന്‍തോതിലുള്ള സബ്‌സിഡിയും വിലസംരക്ഷണവും നല്‍കുന്നുണ്ട് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍. ഇന്ത്യ ഇറക്കുമതി തീരുവയില്‍ വന്‍തോതില്‍ ഇളവ് നല്‍കുന്നതോടെ ഇ യു രാജ്യങ്ങള്‍ക്ക് പാലുത്പന്നങ്ങള്‍, മാംസം, ഗോതമ്പ് സംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇത് ക്ഷീരമേഖല ഉള്‍പ്പെടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കും. കേരളത്തിലെ സഹകരണ സ്ഥാപനമായ മില്‍മക്കും ഇത് തിരിച്ചടിയാകും. ഇന്ത്യയിലെ പാല്‍ ഉത്പാദനമേഖല കേവലമൊരു വ്യവസായമല്ല, ഗ്രാമീണ സമ്പദ്്വ്യവസ്ഥയുടെ നട്ടെല്ലാണ്. കോടിക്കണക്കിന് ചെറുകിട കര്‍ഷകര്‍ ആശ്രയിക്കുന്ന മേഖലയാണത്.

റബ്ബര്‍ തുടങ്ങി തോട്ടവിളകളെയും കരാര്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ടയര്‍ നിര്‍മാണത്തിനും മറ്റും യൂറോപ്പില്‍ നിന്ന് ഗുണനിലവാരമുള്ള സിന്തറ്റിക് റബ്ബറും അനുബന്ധ ഉപകരണങ്ങളും കുറഞ്ഞ നിരക്കില്‍ എത്തുമ്പോള്‍ രാജ്യത്തെ റബ്ബറിന് വിലയിടിയും. യൂറോപ്പിലെ വൻകിട കമ്പനികളോട് മത്സരിക്കാന്‍ സജ്ജരല്ല രാജ്യത്തെ കര്‍ഷകര്‍. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്‌സിഡികളോ മെച്ചപ്പെട്ട സാങ്കേതികവിദ്യയോ നടപ്പാക്കാതെ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തെ ഗ്രാമീണ സമ്പദ്്വ്യവസ്ഥക്ക് കടുത്ത ക്ഷീണമാകും.

അമേരിക്ക തീരുവ യുദ്ധത്തിലേര്‍പ്പെട്ട സാഹചര്യത്തില്‍ ഇന്ത്യക്ക് ശക്തരായ വ്യാപാര പങ്കാളികളെ ആവശ്യമാണെങ്കിലും അത് രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്ത് കൂടിയാകണം. പാല്‍, പച്ചക്കറി പോലുള്ള ഉത്പന്നങ്ങളെ കരാറില്‍ നിന്നൊഴിവാക്കി ഇറക്കുമതി തീരുവ നിലനിര്‍ത്താന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തേണ്ടതാണ്. വളം, വൈദ്യുതി തുടങ്ങിയവക്ക് കൂടുതല്‍ സബ്‌സിഡി നല്‍കി ഉത്പാദനച്ചെലവ് കുറക്കാന്‍ കര്‍ഷകരെ സഹായിക്കുകയും ഇറക്കുമതി മൂലം വിലയിടിഞ്ഞാല്‍ മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനത്തിന് കര്‍ഷകരെ സജ്ജരാക്കുന്നതിന് സാങ്കേതികവിദ്യയും ആധുനിക യന്ത്രോപകരണങ്ങളുടെ നടപടികളും പരിചയപ്പെടുത്തുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. ഇന്ത്യന്‍ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കാതെ കരാര്‍ നടപ്പാക്കുന്നത് ആത്മഹത്യാപരമാണ്.

---- facebook comment plugin here -----

Latest