Connect with us

Editorial

ചാരവൃത്തി ഗുരുതര കുറ്റം; മതങ്ങളുമായി കൂട്ടിക്കെട്ടരുത്

ചാരപ്രവര്‍ത്തനത്തിന് മതമില്ല. വ്യക്തിഗത കുറ്റകൃത്യങ്ങളാണ് അവയത്രയും. സാമ്പത്തിക നേട്ടത്തിനോ പാക് യുവതികളുടെ ഹണിട്രാപ്പില്‍ അകപ്പെട്ടോ ആണ് മിക്കവരും ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങളും മറ്റു സുപ്രധാന വിവരങ്ങളും ഐ എസ് ഐ വൃത്തങ്ങള്‍ക്ക് കൈമാറുന്നത്.

Published

|

Last Updated

“ഇന്ത്യയിലെ ഇന്റലിജന്‍സ് ജോലികള്‍ക്കായി ഐ എസ് ഐ (പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സി) റിക്രൂട്ട് ചെയ്ത ആളുകളുടെ എണ്ണം എത്രയാണെങ്കിലും മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ്. 1947 മുതലുള്ള കേസുകള്‍ നാലായിരത്തിലധികം വരും. അതില്‍ 20 ശതമാനം പോലും മുസ്‌ലിംകളുണ്ടാകില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്. മുസ്‌ലിംകളെ ഞങ്ങള്‍ കൂടെക്കൂട്ടി രാജ്യത്തെ ഉന്നതിയിലെത്തിക്കും’- ദേശീയ സുരക്ഷാ ഉപദേഷ്ടാവും കറകളഞ്ഞ സംഘ്പരിവാറുകാരനുമായ അജിത് ഡോവലിന്റേതാണ് ഈ വാക്കുകള്‍. 2014 മാര്‍ച്ച് 11ന് ആസ്‌ത്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അപ്‌ലോഡ് ചെയ്ത ഒരു മണിക്കൂര്‍ 17 മിനുട്ട് ദൈര്‍ഘ്യമുള്ള യൂട്യൂബ് വീഡിയോയിലാണ് അജിത് ഡോവലിന്റെ ഈ പരാമര്‍ശം.
അദ്ദേഹത്തിന്റെ നിരീക്ഷണം ശരിവെക്കുന്നതാണ് ചാര-രാജ്യദ്രോഹ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. മൂന്ന് ദിവസം മുമ്പാണ് ഐ എസ് ഐയുമായി ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ ഡല്‍ഹിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അജയ്, ദല്‍വീന്ദര്‍, മന്‍ദീപ്, രോഹന്‍ എന്നിവരാണ് പിടിയിലായ സംഘത്തിലെ അംഗങ്ങള്‍. ഇതേദിവസം തന്നെയാണ് രാജ്യത്തെ കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരായ രോഹിത്, സാന്‍ട്രി എന്നിവരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തത്.

ഐ എസ് ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഈ വര്‍ഷം അറസ്റ്റിലായവരുടെ ഏതാനും പേരുകള്‍ കൂടി: സെന്‍ട്രല്‍ റിസര്‍വ് സേനയിലെ അസ്സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാംജാട്ട് (മേയ് 25ന് ഡല്‍ഹിയില്‍ എന്‍ ഐ എയാണ് അറസ്റ്റ് ചെയ്തത്), സൂരജ് മസീഹ്, പാലക് ഷെര്‍ മസീഹ് (തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് മേയ് മൂന്നിന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു), ഉത്തര്‍പ്രദേശ് ഫിറോസാബാദിലെ ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ രവീന്ദ്രകുമാര്‍ (മാര്‍ച്ച് 13ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു), പഞ്ചാബുകാരനായ ഗഗന്‍ദീപ് സിംഗ് (ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ഐ എസ് ഐക്കു കൈമാറിയതിന് ജൂണ്‍ രണ്ടിന് പഞ്ചാബ് പോലീസിന്റെ പിടിയില്‍), ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര, പഞ്ചാബ് സ്വദേശികളായ ഗുസാല, സുഖ്പ്രീത് സംഗ്‌ദേവേന്ദ്രസിംഗ് ധില്ലര്‍, കരണ്‍ബീര്‍ സിംഗ്, ഹരിയാന സ്വദേശി ദേവേന്ദര്‍ സിംഗ്. ഇവരാരും മുസ്‌ലിം സമുദായാംഗങ്ങളല്ല.
കൂട്ടത്തില്‍ 2017ല്‍ മധ്യപ്രദേശ് പോലീസ് പിടികൂടിയ ഒരു വന്‍ ചാരക്കേസ് കൂടി പരാമര്‍ശിക്കട്ടെ. ബി ജെ പിയുടെ ഭോപ്പാല്‍ ഐ ടി സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ധ്രുവ് സക്‌സേനയും 10 സംഘ്പരിവാര്‍ പ്രവര്‍ത്തകരുമാണ് അന്ന് പിടിയിലായത്. ഇന്ത്യന്‍ സൈനിക വിന്യാസങ്ങളെക്കുറിച്ച് ഐ എസ് ഐക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കിയതിനു പുറമെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ആയുധങ്ങള്‍ ശേഖരിച്ചതായും ഇവര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ചാരപ്രവര്‍ത്തനത്തിനായി ധ്രുവ് സക്‌സേന സമാന്തര ടെലികോം എക്‌സ്‌ചേഞ്ച് വരെ സജ്ജീകരിച്ചിരുന്നു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മൂലം ടെലികോം വകുപ്പിന് 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മധ്യപ്രദേശ് നിയമസഭയില്‍ ആഭ്യന്തര മന്ത്രി വെളിപ്പെടുത്തുകയുമുണ്ടായി.

ചാരപ്രവര്‍ത്തനക്കേസില്‍ മുസ്‌ലിം നാമധാരികളും പിടിയിലായിട്ടുണ്ട്. അജിത് ഡോവല്‍ പറഞ്ഞതു പോലെ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. ചാരപ്രവര്‍ത്തനത്തെയും അജ്ഞാതരായ ഭീകരര്‍ നടത്തുന്ന സ്‌ഫോടനങ്ങളെയും അപ്പുറവും ഇപ്പുറവും നോക്കാതെ മുസ്‌ലിം തീവ്രവാദവുമായി കൂട്ടിക്കെട്ടുന്ന പ്രവണതയുണ്ട് രാജ്യത്ത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ പോലും ഇത്തരം മുന്‍ധാരണക്കാരുണ്ട്. മുംബൈ ട്രെയിന്‍ സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനം, മക്കാ മസ്ജിദ് സ്‌ഫോടനം, അജ്മീര്‍ ദര്‍ഗ സ്‌ഫോടനം തുടങ്ങി രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെല്ലാം മുസ്‌ലിം തീവ്രവാദികളെയായിരുന്നു തുടക്കത്തില്‍ സംശയിക്കപ്പെട്ടത്. നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇവയുടെ പിന്നാമ്പുറങ്ങളില്‍ സന്യാസിമാരും സൈനിക പ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ഹിന്ദുത്വ തീവ്രവാദികളായിരുന്നുവെന്ന വസ്തുത രേഖാമൂലം പിന്നീട് വെളിച്ചത്തു വന്നു.

സമാനമാണ് ഐ എസ് ഐക്ക് വേണ്ടിയുള്ള ചാരപ്രവര്‍ത്തനങ്ങളുടെ സ്ഥിതിയും. ഇന്ത്യന്‍ മുസ്‌ലിംകള്‍ പാകിസ്താനോട് കൂറുപുലര്‍ത്തുന്നവരും പാക് ചാരന്മാരുമാണെന്ന തെറ്റായ ധാരണ പരത്തുന്നുണ്ട് ചിലര്‍. അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് അജിത് ഡോവല്‍ ഓര്‍മപ്പെടുത്തുന്നത്. ചാരപ്രവര്‍ത്തനത്തിന് മതമില്ല. വ്യക്തിഗത കുറ്റകൃത്യങ്ങളാണ് അവയത്രയും. സാമ്പത്തിക നേട്ടത്തിനോ പാക് യുവതികളുടെ ഹണിട്രാപ്പില്‍ അകപ്പെട്ടോ ആണ് മിക്കവരും ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങളും മറ്റു സുപ്രധാന വിവരങ്ങളും ഐ എസ് ഐ വൃത്തങ്ങള്‍ക്ക് കൈമാറുന്നത്. ഭോപ്പാലിലെ ബി ജെ പി ജില്ലാ നേതാവ് ധ്രുവ് സക്‌സേന നടത്തിയ ചാരപ്രവര്‍ത്തനത്തിന്റെയും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും പേരില്‍ ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയോ ഹിന്ദു സമുദായത്തെയോ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റാനൊരുങ്ങുന്നത് അന്യായവും അര്‍ഥശൂന്യവുമെന്നതു പോലെ തന്നെയാണ് ചെങ്കോട്ട സ്‌ഫോടനത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ മൊത്തം സംശയദൃഷ്ടിയോടെ നോക്കുന്നതും. ദേശീയ ഐക്യത്തിന് വെല്ലുവിളിയാണ് അത്തരം മുന്‍ധാരണകളും വീക്ഷണങ്ങളും പ്രചാരണങ്ങളും. സാമൂഹിക ഐക്യത്തെയും ന്യായബോധത്തെയും ദോഷകരമായി ബാധിക്കുന്ന തെറ്റായ പ്രവണതയുമാണത്.

Latest