Connect with us

Prathivaram

ഒരു മൾട്ടിവേഴ്സിലെ സമത്വ കഥ

അങ്ങനെ അവര്‍ പ്രധാന മലകളുടെയും കുന്നുകളുടെയും നേതാക്കളെല്ലാം കൂടിയാലോചന നടത്തിയ ശേഷം ആ തീരുമാനമെടുത്തു. മലകളുടെ ആജീവനാന്ത പാര്‍ട്ടി സെക്രട്ടറിയായ എവറസ്റ്റ് കൊടുമുടിയാണ് ആ പ്രഖ്യാപനം ലോകത്തിനു മുമ്പില്‍ അറിയിച്ചത്. കേട്ടവരെല്ലാം ഒരു നിമിഷം തരിച്ചുനിന്നു.

Published

|

Last Updated

ഭൂമിക്കു സമാനമായ ഒരു ജൈവിക ഗ്രഹത്തിലെ പത്തമ്പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു പ്രഭാതം. പരിണാമത്തിനു പലയാവര്‍ത്തി വിധേയപ്പെട്ടു മനുഷ്യര്‍ക്കു പുറമെ കല്ലിനും മുള്ളിനും പക്ഷി- പറവാദികള്‍ക്കും പുറമെ ഓരോ മണല്‍ത്തരിക്കും വരെ സംസാരശേഷിയും ചിന്താശേഷിയും ലഭിച്ചിരിക്കുന്നു.

കരയും കടലുമാണു പ്രധാന ശത്രുക്കളെങ്കിലും ഇവര്‍ക്കിടയിലെ ആഭ്യന്തര പ്രശ്നമാണ് ഏറ്റവും ഭീകരം. എന്നത്തെയും പോലെ ‍‍ജാതീയതയും വര്‍ഗീയതയും അസഹിഷ്ണുതയും അസമത്വവുമെല്ലാം തന്നെയാണ് അന്നത്തെയും അഭ്യന്തര കലാപങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍.
ഇതില്‍ ഏറ്റവും രസകരവും എന്നാല്‍ കരയില്‍ താമസിക്കുന്ന സകല വസ്തുക്കളുടെയും നിലനില്‍പ്പു തന്നെ അപകടത്തിലാവാന്‍ കാരണവുമായേക്കാവുന്ന ഒരു സംഭവമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. കരയിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് മലകളും സമതലങ്ങളും. ഇവര്‍ തമ്മിലാണു വഴക്ക്. വഴക്കിന്റെ കാരണമാവട്ടെ മനുഷ്യരും!

അഥവാ, അന്നും മനുഷ്യരാണ് കരയിലെ ഏറ്റവും ഉന്നത കുലജാതരെന്നാണ് സകലചരാചരങ്ങളും വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെ മനുഷ്യരോടു ചങ്ങാത്തം കൂടാനും സഖ്യംചേരാനും കരയിലുള്ള സകലയിനം സാധനങ്ങളും മാര്‍ഗം തേടിക്കൊണ്ടേയിരുന്നു. മനുഷ്യരോടുള്ള ചങ്ങാത്തം വലിയൊരു അംഗീകാരമായി അവർ കരുതുകയും ചെയ്തു. അത്തരത്തിലൊരു ചങ്ങാത്തം കൂട്ടാനുള്ള മാര്‍ഗം തേടുന്നതിനിടക്കാണ് മലകൾ ആ കാര്യം ശ്രദ്ധിച്ചത്.
അതായത്, ഭൂമുഖത്തെ ശ്രേഷ്ഠവർഗമായ മനുഷ്യര്‍ വാസസ്ഥലമൊരുക്കുന്നതും പട്ടണങ്ങളുണ്ടാക്കുന്നതും വിനോദങ്ങളിലേര്‍പ്പെടുന്നതുമടക്കം അവരുടെ പ്രധാന ഇടപെടലുകള്‍ നടക്കുന്നതെല്ലാം സമതലങ്ങളിലാണ്. അതുകൊണ്ടു തന്നെ അവരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ഒരേയോരു മാര്‍ഗം നമ്മളും സമതലമാവുകയെന്നതാണ്!

അങ്ങനെ അവര്‍ പ്രധാന മലകളുടെയും കുന്നുകളുടെയും നേതാക്കളെല്ലാം കൂടിയാലോചന നടത്തിയ ശേഷം ആ തീരുമാനമെടുത്തു. മലകളുടെ ആജീവനാന്ത പാര്‍ട്ടി സെക്രട്ടറിയായ എവറസ്റ്റ് കൊടുമുടിയാണ് ആ പ്രഖ്യാപനം ലോകത്തിനു മുമ്പില്‍ അറിയിച്ചത്. കേട്ടവരെല്ലാം ഒരു നിമിഷം തരിച്ചുനിന്നു.

“മലകള്‍ സമതലങ്ങളായാല്‍ പിന്നെ ഭൂമിയുടെ ബലന്‍സ് തെറ്റും. നിങ്ങളാണ് ഈ ഭൂമിയുടെ ആണിക്കല്ലുകള്‍. അതുകൊണ്ടാണ് ദൈവം നിങ്ങളെ ഇതുപോലെ തലയെടുപ്പോടെ നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ അടങ്ങിയൊതുങ്ങി ഇവിടെ നില്‍ക്കണം. പിടിവാശി ഒഴിവാക്കണം.’ തർക്കം രമ്യമായി പരിഹരിക്കാനായി മധ്യസ്ഥം പറയാന്‍ വന്ന ഒരു മനുഷ്യന്‍ എവറസ്റ്റിന്റെ കാതുകളിലോതി.

“അതൊക്കെ നിങ്ങള്‍ ഞങ്ങളെ കബളിപ്പിക്കാന്‍ പടച്ചുണ്ടാക്കുന്ന ഐതിഹ്യങ്ങളാണ്. ഇന്നേക്കു കൃത്യം ഒരു വര്‍ഷത്തിനുള്ളിൽ ചെറുതും വലുതുമായ സകലമലകളേയും കുന്നുകളേയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും സമതലപ്രദേശമാകാനുള്ള പുരോഗമന ചിന്തയിലേക്ക് അവരെ എത്തിക്കാനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.’ പാര്‍ട്ടിനേതാക്കള്‍ മറുപടി പറഞ്ഞു.
സമതല പ്രദേശങ്ങളിലെ പുരോഗമന ചിന്താഗതിക്കാരായ അമേരിക്കയും യൂറോപ്പുമെല്ലാം മലമ്പ്രദേശങ്ങളിൽ രൂപപ്പെട്ട ഈ വിപ്ലവ ചിന്തയെ ആവേശത്തോടെ വരവേറ്റു. മാറ്റത്തിന്റെ കാഹളം മുഴങ്ങിയിരിക്കുന്നുവെന്നവർ വീമ്പു പറഞ്ഞു. ഇത്തരം ലിബറൽ ചിന്തകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നവർ മുറവിളി കൂട്ടി. ഇതിന്റെ പ്രത്യാഘാതങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ച മധ്യപൗരസ്ത്യന്‍ ദേശങ്ങളെ പിന്തിരിപ്പന്മാരെന്നു മുദ്രകുത്തപ്പെട്ടു.
***
അങ്ങനെ മലകള്‍ സമതല പ്രദേശമാവാന്‍ നിശ്ചയിച്ച ആ ദിവസം നാളെയാണ്. നാളെ പുലർച്ചെ അവരൊന്ന് ആഞ്ഞു കുലുങ്ങും. ആണി പാദം മുതൽ മൂർധാവ് വരെ പൊടിഞ്ഞുപോകുന്ന തരത്തിലൊരു കുലുക്കം. അതോടെ അവരും സമതലങ്ങളാവും. അങ്ങനെ മനുഷ്യർ അവരുമായും കൂടുതൽ ചങ്ങാത്തം കൂടും. നാളെ പുലർന്നാൽ തങ്ങൾക്ക് വന്നുചേരാന്‍ പോകുന്ന ഭാഗ്യമോർത്ത് അവർ ഉൾപ്പുളകം കൊണ്ടു.

അപ്പോള്‍ ഹിമാലയത്തിൽ നിന്നും ഉറവയെടുത്തു കാശ്മീരിലൂടെ ഒഴുകുന്ന ഒരു നദിയുടെ തീരത്തിരുന്നുകൊണ്ട് ഹിമാലയത്തെയും തൊട്ടടുത്ത സമതല പ്രദേശത്തേയും നോക്കി ഒരു മനുഷ്യ മുത്തശ്ശി നെടുവീര്‍പ്പിട്ടു. പണ്ട് പുരുഷനാകാന്‍ വാശിപിടിച്ച സ്ത്രീകളുടെ കഥയാണവരുടെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത്.

“ആ അതിനെ മനുഷ്യർ അതിജീവിച്ചല്ലോ, ഇതും അതിജീവിക്കുമായിരിക്കും. ഇനിയെന്തു സംഭവിക്കുമെന്നതു കാത്തിരുന്നു കാണണം’ അവർ ആത്മഗതം പറഞ്ഞു.

Latest