Kerala
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മേധാവിക്കെതിരെ കേസെടുക്കും
എ ഡി ജി പി മനോജ് എബ്രഹാം കോട്ടയം എസ് പിക്ക് നിര്‍ദേശം നൽകി

തിരുവനന്തപുരം | ഇ പി ജയരാജന്റെ ആത്മകഥ ചോര്‍ത്തിയതില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേര്‍ത്ത് കേസെടുക്കും. ഇക്കാര്യത്തില്‍ എ ഡി ജി പി മനോജ് എബ്രഹാം കോട്ടയം എസ് പിക്ക് നിര്‍ദേശം നല്‍കി.
ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്സില്‍ അച്ചടക്ക നടപടിയെടുത്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ പേരില്‍ ഡി സി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവര്‍ ചിത്രവും പേജുകളുമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്.
എന്നാല്‍ തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. പുറത്തുവരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഇ പി ജയരാജന്‍ ഡി ജി പിക്ക് പരാതി നല്‍കുകയായിരുന്നു.