Connect with us

Malappuram

പൊന്നാനിയിലെ തട്ടിൻപുറം പാട്ട് ആസ്വദിച്ച്...

ഇദ്ദേഹമാണ് പൊന്നാനിക്കാർക്ക് ഖവ്വാലി പരിചയപ്പെടുത്തിയത്.

Published

|

Last Updated

പൊന്നാനായിലെ തട്ടിൻപുറം പാട്ട് ആസ്വദിക്കാൻ സാധിച്ച അനുഭവം പങ്കുവെച്ച് മുൻ മന്ത്രി ഡോ.തോമസ് ഐസക്. പൊന്നാനി വണ്ടിപ്പേട്ടയ്ക്കു ചുറ്റുമുള്ള അരകിലോമീറ്റർ പരിധിയിൽ ആറ് തട്ടിൻപുറം പാട്ടു സംഘങ്ങളുണ്ട്. പണി കഴിഞ്ഞ് കുളി കഴിഞ്ഞാൽ സാധാരണ തൊഴിലാളികളും മറ്റും ഇവിടെ കൂടുകയായി. ഇനി ആരും ഇല്ലെങ്കിലും തട്ടിൻപുറം പാട്ടുകാർക്ക് ഇതൊരു പ്രശ്നമല്ല. ആരുടെയും കൈയ്യടിക്കു വേണ്ടിയല്ല അവരുടെ സംഗീതം. വേല കഴിഞ്ഞു കുറച്ചു സമയം ആത്മസംതൃപ്തിക്കുവേണ്ടി പാടുന്നു. അത്ര തന്നെ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

പൊന്നാനി വിടുന്നതിനുമുമ്പ് ഖലീമിന്റെയും മാജിദയുടെയും ഓഫീസിലൊന്നു കയറി. വീടിന്റെ ഭാഗം തന്നെ. വീട് തുറക്കുന്നത് ഒരു തെരുവിലേയ്ക്കാണെങ്കിൽ ഓഫീസ് തുറക്കുന്നത് മറ്റൊരു തെരുവിലേയ്ക്കാണ്. അപ്പോഴാണ് ശ്രദ്ധിച്ചത്, പുറത്ത് നിന്നും സംഗീതം. തബലവാദനം, ഹാർമോണിയം ഈണം, അവ്യക്തമായൊരു വായ്പ്പാട്ടും. എന്റെ ശ്രദ്ധ കണ്ടിട്ടാവും മാജിദ ചോദിച്ചു ‘തട്ടിൻപുറം പാട്ടു’ കേട്ടിട്ടില്ലേ? കേൾക്കാൻ താൽപ്പര്യമുണ്ടോ?

അങ്ങനെ വീടിന്റെയും ഓഫീസിന്റെയും വാതിലുകൾക്ക് ഇടയിലുള്ള കെട്ടിടത്തിന്റെ തട്ടിൻപുറത്തേയ്ക്കു കയറി. കുത്തനെയുള്ള മരഗോവണി. സാധാരണ കൈപിടിക്കാനുള്ള കയറില്ല. കയറ്റം സ്വൽപ്പം സാഹസം തന്നെ. ചെറിയൊരു വരാന്ത. നടുക്കുള്ള മുറിയിൽ വെളിച്ചവും പാട്ടും. വാതിൽക്കൽ നിന്ന് എത്തിനോക്കി. അബ്ദുള്ള കുട്ടിക്ക പാടുകയാണ്. 75 വയസ്സിലേറെ വരും. പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ…. മാമുക്ക ഹാർമോണിയത്തിൽ, മുസ്തഫ തബലയിൽ, അശറഫ് റിഥം പാഡിൽ. ഒരു ഡസൻപേർ മുറിയിലുണ്ട്. പാട്ടു കഴിഞ്ഞപ്പോൾ ഞങ്ങളെ കണ്ടു. പിന്നെ ഒരരമണിക്കൂർ പാട്ടും സംഭാഷണവുമായി പോയി. ഇതിനിടയിൽ താജുദ്ദീനും, ഷെമീറും ഓരോ പാട്ടുകൾ പാടി. താജുദ്ദീൻ ഒരു തമിഴ് ഗാനവും, ഷെമീർ ഒരു മുസ്ലിം ഭക്തിഗാനവും.

ഇതാണ് ഹംസധ്വനി ക്ലബ്ബ്. ഹംസധ്വനി ഹംസ ആയിരുന്നു പൊന്നാനിയിലെ ഏറ്റവും പ്രസിദ്ധ പാട്ടുകാരിൽ ഒരാൾ. ഹിന്ദുസ്ഥാനിയും സിനിമാ പാട്ടുമെല്ലാം ഒരുപോലെ മെരുങ്ങും. പിന്നെ തബലയും ഹാർമോണിയവുമെല്ലാം വായിക്കാം. ഒട്ടേറെ ശിഷ്യൻമാരും ഉണ്ടായിരുന്നു. വരാന്തയിലെ തുടക്കത്തിലുള്ള മുറിയിലായിരുന്നു ഹംസധ്വനി ഹംസ പാടിയിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ക്ലബ്ബ് അടഞ്ഞുപോയി. ഇപ്പോൾ അദ്ദേഹത്തിന്റെ ചില ആരാധകർ തൊട്ടടുത്തൊരു മുറിയിൽ ഒരു തട്ടിൻപുറം പാട്ടുസംഘം ആരംഭിച്ചിരിക്കുകയാണ്. പേരു ഉസ്താദിന്റേതു തന്നെ ഹംസധ്വനി. ഉസ്താദിന്റെ വലിയൊരു പടവും ചുവരിൽ കാണാം. ഇദ്ദേഹത്തിൻ്റെ ശിഷ്യൻ ഹംസത്ത് തൻ്റെ ബൈക്ക് പണയം വെച്ച് പണം സ്വരൂപിച്ചാണത്രെ പുതിയ ക്ലബ്ബിലേക്ക് ഹാർമോണിയം വാങ്ങിച്ചിരിക്കുന്നത്.

പൊന്നാനി വണ്ടിപ്പേട്ടയ്ക്കു ചുറ്റുമുള്ള അരകിലോമീറ്റർ പരിധിയിൽ ആറ് തട്ടിൻപുറം പാട്ടു സംഘങ്ങളുണ്ട്. ഹംസ ധ്വനിക്ക് പുറമെ, ബസന്ത് ബാഹർ, ലയം, ഇസ്ക്ര, പ്യൂപിൾസ് ക്ലബ്ബ്, മെലഡി….ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെ. പണി കഴിഞ്ഞ് കുളി കഴിഞ്ഞാൽ സാധാരണ തൊഴിലാളികളും മറ്റും ഇവിടെ കൂടുകയായി. ഏറ്റവും പ്രസിദ്ധം ബസന്ത് ബാഹർ തട്ടിൻപുറം പാട്ടുകാരാണ്. അവിടെ നിന്ന് പിരിഞ്ഞുവന്ന് ഇവിടെ പുതിയൊരു ക്ലബ്ബ് ഉണ്ടാക്കിയിരിക്കുകയാണ്.

പൊന്നാനിക്കാരുടെ സുൽത്താനായിരുന്ന ഇമ്പിച്ചിബാവയുടെ അനിയൻ ഇ.കെ.അബൂബക്കർ അൻപത് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് ബസന്ത് ബാഹർ. അബൂബക്കർ പഴയ വഞ്ചി തൊഴിലാളിയായിരുന്നു. ഇദ്ദേഹമാണ് പൊന്നാനിക്കാർക്ക് ഖവ്വാലി പരിചയപ്പെടുത്തിയത്. പത്തേമാരികൾ ബോംബെ പോലുള്ള തീരത്ത് നങ്കൂരമിട്ടാൽ തൊഴിലാളികൾ അവിടുത്തെ സംഗീത ക്ലബ്ബുകളിൽ പോയി ഇരിക്കും. അവരാണ് ഹിന്ദുസ്ഥാനി സംഗീതത്തെ ഇവിടേക്ക് കൊണ്ടുവന്നത്. ഖലീൽ ഭായി മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ മധുരദായകമായി പാടുമായിരുന്നു. അവുലിച്ചിക്ക എന്ന അബ്ദുൾ അസീസ്, പക്കി മുഹമ്മത്, പൊന്നാനി ബാവ, മായിൻക്ക, അബ്ദുറുക്ക എന്നിവരെല്ലാം ഈ ഗാനശാഖയിലെ പാട്ടുകാരായിരുന്നു. ഇവരെല്ലാം പാട്ടിനൊപ്പം തബലയോ, ഹാർമോണിയമോ ഏതെങ്കിലും സംഗീത ഉപകരണം വായിക്കുന്നവരായിരുന്നു.

10 മണി കഴിഞ്ഞപ്പോൾ യാത്ര തുടങ്ങാൻ ഞങ്ങൾ ഗോവണിയിറങ്ങി. കുറച്ചുപേർ യാത്രയയ്ക്കാൻ അനുഗമിച്ചു. മുകളിൽ ഹാർമോണിയം മൂളിത്തുടങ്ങി. മഴ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുപേർ താഴത്തും കേൾക്കാൻ ഉണ്ടായിരുന്നേനെ. ഇനി ആരും ഇല്ലെങ്കിലും തട്ടിൻപുറം പാട്ടുകാർക്ക് ഇതൊരു പ്രശ്നമല്ല. ആരുടെയും കൈയ്യടിക്കു വേണ്ടിയല്ല അവരുടെ സംഗീതം. വേല കഴിഞ്ഞു കുറച്ചു സമയം ആത്മസംതൃപ്തിക്കുവേണ്ടി പാടുന്നു. അത്ര തന്നെ.