Connect with us

holy ramasan

നന്മകളിൽ വ്യാപൃതരാവുക

കേവലമായ അന്നപാനീയ നിരാസം കൊണ്ട് റമസാനിലൂടെ വിശ്വാസികളിൽ നിന്ന് പ്രതീക്ഷിക്കുന്ന നന്മകൾ കരസ്ഥമാക്കാനാകില്ല. മറിച്ച്, എല്ലാ തരത്തിലും ശരീരവും മനസ്സും അല്ലാഹുവിലുള്ള ഭക്തിയാൽ സമ്പന്നമാക്കുമ്പോഴാണ്, റമസാനെ ഏറ്റവും നന്നായി സ്വീകരിക്കുന്നവരിൽ വിശ്വാസികൾ ഉൾപ്പെടുകയുള്ളൂ.

Published

|

Last Updated

വിശുദ്ധ റമസാൻ കടന്നുവരുമ്പോൾ വിശ്വസികളുടെ മനം സന്തോഷത്താൽ സമൃദ്ധമാകുന്നു. ആ സന്തോഷത്തിന്റെ താത്പര്യം ആത്മീയമാണ്. വിശുദ്ധ റമസാന്റെ അടിസ്ഥാനപരമായ ആശയം വിശ്വാസികളെ തഖ്‌വയുള്ളവരാക്കി തീർക്കുക എന്നതാണ്. നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണ് വ്രതത്തെ സജ്ജമാക്കിയിരിക്കുന്നത്. നോമ്പാകട്ടെ, നിങ്ങൾക്ക് മാത്രമല്ല മുൻഗാമികളായ സമൂഹങ്ങൾക്കെല്ലാം നിർബന്ധമാക്കിയിരിക്കുന്നു എന്ന് അല്ലാഹു പറയുന്നുണ്ടല്ലോ. അതിനാൽ തന്നെ വ്രതം ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ആരാധനകളിൽ ഒന്നാണ്.

അല്ലാഹുവിന്റെ ഇഷ്ടദാസരായി വന്ന മുഹമ്മദ് നബി (സ) യുടെ പൂർവ സമൂഹങ്ങൾക്കെല്ലാം വ്രതം ഉണ്ടായിരുന്നു, പല തരത്തിൽ. അതിന്റെയെല്ലാം ലക്ഷ്യം അവരിലെ വിശ്വാസികളെ കൂടുതൽ ഭക്തിയുള്ളവരാക്കുക എന്നത് തന്നെയായിരുന്നു. റമസാന് വേണ്ടിയുള്ള വിശ്വാസിയുടെ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ ആരംഭിക്കുന്നുണ്ട്. “കരുണാവാരിധിയായ രക്ഷിതാവേ, ഞങ്ങൾക്ക് റജബ്, ശഅ്ബാൻ മാസങ്ങളിൽ അനുഗ്രഹം ചെയ്യുകയും ഞങ്ങളെ വിശുദ്ധമായ റമസാൻ മാസത്തിൽ എത്തിക്കുകയും ചെയ്യേണമേ. റമസാനിൽ നീ കൽപ്പിച്ചത് പ്രകാരമുള്ള സദ്‌വൃത്തികൾ ചെയ്തുതീർക്കാനാവശ്യമായ മനസ്സും ആരോഗ്യവും ഓശാരം നൽകേണമേ’.
കഴിഞ്ഞ ദിവസങ്ങളിലായി ലോകത്തുടനീളമുള്ള മുസ്്ലിംകൾ നിസ്‌കാര ശേഷവും മറ്റുമുള്ള പ്രാർഥനകളിൽ മുടങ്ങിപ്പോകാതെ അല്ലാഹുവിനോട് നടത്തുന്ന അപേക്ഷയാണിത്. അടുത്ത റമസാനിലേക്ക് കൂടി ആയുസ്സിനെ ബാക്കിവെക്കേണമേ എന്നാണ് റമസാനിൽ വിശ്വാസികൾ അല്ലാഹുവിനോട് നടത്തുന്ന മറ്റൊരു പ്രാർഥന. റമസാന് മുസ്‌ലിംകളുടെ നിത്യജീവിതത്തിലുള്ള പ്രധാന്യത്തെ വിളിച്ചറിയിക്കുന്ന പ്രാർഥന കൂടിയാണിത്. മുസ്‌ലിംകളുടെ ജീവിതവുമായി റമസാൻ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. നിർബന്ധമായും ചെയ്തിരിക്കേണ്ട ആരാധന എന്ന നിലയിൽ മാത്രമല്ല, മറിച്ച് സാമൂഹികജീവി എന്ന നിലയിൽ അവനെ ചിട്ടപ്പെടുത്തുന്നതിലും റമസാന് വലിയ പങ്കുണ്ട്.

കേവലമായ അന്നപാനീയ നിരാസം കൊണ്ട് റമസാനിലൂടെ വിശ്വാസികളിൽ നിന്ന് പ്രതീക്ഷിക്കുന്ന നന്മകൾ കരസ്ഥമാക്കാനാകില്ല. മറിച്ച്, എല്ലാ തരത്തിലും ശരീരവും മനസ്സും അല്ലാഹുവിലുള്ള ഭക്തിയാൽ സമ്പന്നമാകുമ്പോഴാണ്, റമസാനെ ഏറ്റവും നന്നായി സ്വീകരിക്കുന്നവരിൽ വിശ്വാസികൾ ഉൾപ്പെടുകയുള്ളൂ.

തഖ്്വ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ അനുസരിക്കലും വിരോധിച്ചവ ഒഴിവാക്കലും ആണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജനനം മുതൽ മരണം വരെയുള്ള മുഴുവൻ കാര്യങ്ങളിലും ദീനിന്റെ വഴികളുണ്ട്. അതെപ്പോഴും ഹൃദയം കളങ്കരഹിതമായി നിർത്തുന്നതിലും അല്ലാഹുവും റസൂലും അരുളിയ കാര്യങ്ങൾ പൂർണമായും അനുഷ്ഠിക്കുന്നതിലും ഊന്നി നിൽക്കുന്നു. അതിനാൽ ഏത് പ്രവർത്തനം നിർവഹിക്കുമ്പോഴും ഒരു മുൻ ആലോചന വിശ്വാസികൾക്ക് വേണം. ഇത് അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന കാര്യമാണോ, അതോ അല്ലേയെന്ന ആലോചന. ഇഷ്ടപ്പെടുന്ന കാര്യം അല്ലാഹുവിന്റെ പ്രതിഫലം മനസ്സിൽ കരുതി നമ്മൾ നിർവഹിച്ചാൽ നിശ്ചയമായും അതിന് വലിയ പ്രതിഫലം ലഭിക്കും. ഒരു കാര്യം ചെയ്യാൻ വിചാരിച്ച ശേഷം, പുനരാലോചന നടത്തുമ്പോൾ അതല്ലാഹു ഇഷ്ടപ്പെടാത്ത കാര്യമാണല്ലോ, അതിനാൽ ഞാൻ നിർവഹിക്കുന്നില്ല എന്ന നല്ല മനസ്സ് വന്നാലും പ്രതിഫലം കിട്ടും. അതിനാൽ, വിശ്വാസികളുടെ കർമങ്ങളുടെ അടിസ്ഥാന പ്രചോദനം അല്ലാഹുവിന്റെയും റസൂലിന്റെയും ഇഷ്ടമാകണം.

ജീവിതത്തിന്റെ പലതരം വഴികളിലൂടെ ഓരോ വർഷവും കറങ്ങി നടക്കുന്ന മനുഷ്യർ, ചിലപ്പോഴൊക്കെ തെറ്റുകളിലേക്ക് വീണു പോയേക്കാം. എപ്പോഴും മനുഷ്യരെ പാപികളാക്കാനാണല്ലോ പിശാചിന്റെ തിടുക്കം. എന്നാൽ, റമസാൻ വരുമ്പോൾ എല്ലാവരും പ്രത്യേകമായ ഒരു ആവേശം ആരാധനകളിൽ കാണിക്കുന്നു. നന്മകൾ പരമാവധി ചെയ്യാൻ ഉത്സാഹം കാണിക്കുന്നു. തിന്മകളെ ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നു. അങ്ങനെ നല്ലൊരു ജീവിത ചിട്ടയെ രൂപപ്പെടുത്തുന്നു.

അല്ലാഹുവിന്റെ റഹ്്മത്ത് വിശ്വസികളുടെ മേൽ കോരിച്ചൊരിയുന്ന മാസമാണിത്. ഓരോ അമലുകൾക്കും മഹാ പ്രതിഫലം ലഭിക്കുന്നു. ഫർളായ ആരാധനകൾക് പുറമെ സുന്നത്തായ ആരാധനകൾക്കും വിശ്വാസികൾ നന്നായി സമയം കണ്ടെത്തണം. പ്രധനമായും റവാതിബ്, വിത്ർ, ളുഹാ നിസ്‌കാരങ്ങൾ. രാത്രി ഒരുറക്കം കഴിഞ്ഞുള്ള തഹജ്ജുദ് നിസ്‌കാരം എന്നിവയെല്ലാം സൂക്ഷ്മതയോടെ നിർവഹിക്കാൻ വിശ്വാസികൾ തയ്യാറാകണം.

പാപമോചനം ഏറ്റവും പ്രധാനമാണ് ഈ മാസത്തിൽ. ചെറുതും വലുതുമായ പാപങ്ങൾ മനുഷ്യന് സംഭവിക്കാം. അവക്കെല്ലാം അല്ലാഹുവോട് ഇരവിനെ തേടണം. ഇനിയവ ആവർത്തിക്കാതിരിക്കാനുള്ള നിശ്ചയം ഉണ്ടാകണം. നരകത്തെ തൊട്ടുള്ള കാവലിനും സ്വർഗത്തിലേക്കുള്ള എളുപ്പമുള്ള പ്രവേശനത്തിനും പ്രാർഥനകൾ നിരന്തരം വേണം.
അനേകം വാഗ്ദാനങ്ങൾ റമസാനെ സംബന്ധിച്ച് അല്ലാഹുവും റസൂലും നൽകിയിട്ടുണ്ട്. സ്വർഗത്തിന്റെ കവാടങ്ങൾ തുറന്നിടുന്ന, നരക വാതിലുകൾക്ക് സാക്ഷയിടുന്ന മാസം. ഓരോ നന്മകൾക്കും ഇരട്ടിയിരട്ടി പ്രതിഫലം വർഷിക്കുന്ന മാസം. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള മഹാരാവ് സമ്മാനമായി വരുന്ന മാസം, എന്നിങ്ങനെ ഈമാനുള്ളവരെയെല്ലാം ഒത്തിരി മോഹിപ്പിക്കുന്ന അല്ലാഹുവിന്റെ അരുളുകൾ. വിശ്വാസികൾക്ക് അതിനാൽ റമസാൻ മറ്റൊരു മാസത്തെപ്പോലെയും അല്ല. അത് സദാ നന്മകളിൽ മുഴുകുന്ന മാസമാണ്. പാവപ്പെട്ടവരെ സഹായിച്ച്, പരലോക ജീവിതത്തിലേക്ക് വലിയ സമ്പാദ്യങ്ങൾ സമാഹരിക്കുന്ന മാസമാണ്. ഉള്ളതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവെക്കുന്നവരെ അല്ലാഹുവിനും റസൂലിനും വലിയ ഇഷ്ടമാണ്. അവരുടെ ജീവിതത്തിൽ എപ്പോഴും ബറകത് ഉണ്ടാകും. ആ നൽകൽ, എപ്പോഴും അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചാകണം. നമ്മുടെ ഒരു സത്കർമത്തിലും ലോകമാന്യ മോഹം വരരുത്. അങ്ങനെ വന്നാൽ ഫലം നിരാശാജനകമാകും.

ഖുർആൻ ഓതിയും പഠിച്ചും നാവും ഹൃദയവും തെളിച്ചം വരുത്തുന്ന മാസമാണ് റമസാൻ. ഖുർആൻ ഇറക്കപ്പെട്ട മാസമാണല്ലോ. ഖുർആൻ പഠനങ്ങൾക്കും ഈ മാസത്തിൽ സമയം കണ്ടെത്തണം. മോശം വാക്കുകളിൽ നിന്നെല്ലാം മോചിതരായി, ദിക്റുകളിലും സ്വലാത്തുകളിലും രാവും പകലും നാവിനെയും ഹൃദയത്തെയും സജീവമാക്കുന്ന മാസമാകണം ഇത്. അതിനാൽ, നോമ്പ് നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന വിധത്തിലാക്കാൻ, സ്വർഗത്തിലേക്കുള്ള പ്രവേശം പെട്ടെന്ന് സാധ്യമാക്കുന്ന തരത്തിലാക്കാൻ ഓരോരുത്തരും ഉപയോഗിക്കണം. അല്ലാഹു
അനുഗ്രഹിക്കട്ടെ.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി