Uae
അവധിക്കാല ബുക്കിംഗുകളെ ലക്ഷ്യമിട്ടുള്ള ഇ-മെയില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; സുരക്ഷ ശക്തമാക്കി യു എ ഇ യാത്രാ വെബ്സൈറ്റുകള്‍
യു എ ഇയിലെ മുന്‍നിര ഓണ്‍ലൈന്‍ യാത്രാ ബ്രാന്‍ഡുകളില്‍ ഭൂരിഭാഗവും വ്യാജ ഇ-മെയിലുകള്‍ തടയുന്നതിനായി ഡൊമെയ്ന്‍ അധിഷ്ഠിത സന്ദേശ പ്രാമാണീകരണം, റിപ്പോര്‍ട്ടിംഗ് & കണ്‍ഫോര്‍മന്‍സ് (ഡി എം എ ആര്‍ സി) എന്ന ഇ-മെയില്‍ സുരക്ഷാ പ്രോട്ടോകോള്‍ നടപ്പാക്കിയിട്ടുണ്ട്.

ദുബൈ | അവധിക്കാല ബുക്കിംഗുകളെ ലക്ഷ്യമിട്ടുള്ള ഇ-മെയില്‍ തട്ടിപ്പുകള്‍ക്കെതിരെ യു എ ഇയിലെ യാത്രാ വെബ്സൈറ്റുകള്‍ പ്രതിരോധം ശക്തമാക്കുന്നു. സൈബര്‍ കുറ്റവാളികള്‍ ആകര്‍ഷകമായ വിലക്കുറവുകള്‍ വാഗ്ദാനം ചെയ്ത് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
യു എസ് ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് നടത്തിയ പഠനത്തില്‍ യു എ ഇയിലെ മുന്‍നിര ഓണ്‍ലൈന്‍ യാത്രാ ബ്രാന്‍ഡുകളില്‍ ഭൂരിഭാഗവും വ്യാജ ഇ-മെയിലുകള്‍ തടയുന്നതിനായി ഡൊമെയ്ന്‍ അധിഷ്ഠിത സന്ദേശ പ്രാമാണീകരണം, റിപ്പോര്‍ട്ടിംഗ് & കണ്‍ഫോര്‍മന്‍സ് (ഡി എം എ ആര്‍ സി) എന്ന ഇ-മെയില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ നടപ്പാക്കിയിട്ടുണ്ട്. ഇമെയില്‍ തട്ടിപ്പിനെതിരായ ഒരു പ്രധാന പ്രതിരോധമാണ് ഇത്.
തിരക്കേറിയ ബുക്കിംഗ് സമയങ്ങളില്‍ ഇ-മെയില്‍ തട്ടിപ്പുകള്‍ യാത്രക്കാര്‍ക്കും യാത്രാ കമ്പനികള്‍ക്കും ഒരുപോലെ അപകടകരമാണ്. യു എ ഇയിലെ 77 ശതമാനം യാത്രക്കാരും മൊബൈല്‍ ആപ്പുകളോ ഓണ്‍ലൈന്‍ ബുക്കിംഗ് സേവനങ്ങളോ ഉപയോഗിക്കുന്നതിനാല്‍, യാത്രാ കമ്പനികളില്‍ നിന്നുള്ള വ്യാജ ഇമെയിലുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് യു എ ഇ ഇ-മെയില്‍ സുരക്ഷയില്‍ മുന്നിലാണെങ്കിലും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ആവശ്യമുണ്ടെന്നാണ് തട്ടിപ്പുകളില്‍ അധികമാളുകളും വീണുപോകുന്നത് സൂചിപ്പിക്കുന്നത്. അതിനാല്‍, ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.