Connect with us

wild elephant attack

അഞ്ച് വയസ്സുകാരനെ കാട്ടാന ചവുട്ടിക്കൊന്ന സംഭവം: അതിരപ്പിള്ളിയിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ

മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

Published

|

Last Updated

തൃശൂര്‍ | അതിരപ്പിള്ളി കണ്ണക്കുഴിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. വെറ്റിലപ്പാറയിലായിരുന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വൈകിട്ട് സർവകക്ഷി യോഗം ചേരുമെന്ന് തൃശൂർ കലക്ടറും അറിയിച്ചിട്ടുണ്ട്. മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇന്നലെ വൈകീട്ടാണ് തൃശൂര്‍ അതിരപ്പിള്ളിക്ക് സമീപം കണ്ണക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലക്കാണ് ചവിട്ടേറ്റത്.

കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിക്കുകയായായിരുന്നു. ആശുപത്രിയില്‍ എത്തുമ്പൊഴേക്കും ആഗ്‌നിമിയ മരിച്ചിരുന്നു.

 

Latest