local body election 2025
തിരഞ്ഞെടുപ്പ്: മുത്തുണ്ണി തിരക്കിലാണ്
പ്രായാധിക്യമായ അസുഖങ്ങൾ അലട്ടുന്നുണ്ടെങ്കിലും മുത്തുണ്ണി ഇന്നും എല്ലാ ദിവസവും പ്രസ്സിലെത്തും.
കുറ്റിപ്പുറം | ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും മുത്തുണ്ണിക്ക് തിരക്കോട് തിരക്കായിരിക്കും. മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടിക്ക് പ്രചാരണ പോസ്റ്റർ അടിച്ച് തുടങ്ങിയതാണ് 78കാരനായ ടി എം മുത്തുണ്ണി.
60 വർഷമായുള്ള പ്രിന്റിംഗ് മേഖലയിലെ മുത്തുണിയുടെ പ്രവർത്തനത്തിൽ നിരവധി തിരഞ്ഞെടുപ്പുകളാണ് കടന്നുപോയത്. ചാക്കീരി അഹമ്മദ് കുട്ടി, കൊരമ്പയിൽ അഹമ്മദ്ക്കുട്ടി മുതൽ പുതിയ തലമുറയിലെ നേതാക്കൾക്ക് വരെ പ്രചാരണ പോസ്റ്ററുകൾ തയ്യാറാക്കി.
സ്കൂൾ പഠന കാലത്ത് സീനിയേസ് പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിൽ സഹായിയായാണ് അച്ചടി മേഖലയിലേക്ക് കടന്നുവരുന്നത്. 1968ലാണ് കുറ്റിപ്പുറം പഴയ പോലീസ് സ്റ്റേഷന് സമീപം സബീന പ്രിന്റേഴ്സ് എന്ന പേരിലാണ് ആദ്യമായി സ്ഥാപനം തുടങ്ങുന്നത്. പിന്നീട് പേരുമാറ്റി ബ്യൂട്ടി എന്നാക്കി. കാൽ കൊണ്ട് പ്രവർത്തിക്കുന്ന ട്രെഡിൽ പ്രിന്റിംഗ് മെഷീനിലായിരുന്നു തുടക്കം. പീന്നീട് സിലിന്‍ഡർ പ്രിന്റിംഗ് മെഷീനിലേക്കും അതിനുശേഷം ഓഫ് സെറ്റ് പ്രിന്റിംഗിലേക്കും നാല് വർഷം മുന്പ് ഡിജിറ്റലിലേക്കും മാറി. ഒരുകാലത്ത് സ്ഥാപനം രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക നേതാക്കളുടെ ഇടത്താവളമായിരുന്നു.
പ്രായാധിക്യമായ അസുഖങ്ങൾ അലട്ടുന്നുണ്ടെങ്കിലും മുത്തുണ്ണി ഇന്നും എല്ലാ ദിവസവും പ്രസ്സിലെത്തും. മുത്തുണിയുടെ മേൽനോട്ടത്തിൽ മക്കളും മരുമക്കളുമാണ് സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്. അച്ചടി രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടിയുടെ ജില്ലാ ഭാരവാഹിയായിരുന്നു. മൂന്നുതവണ കുറ്റിപ്പുറം പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. പിന്നീട് എൻ സി പിയിലേക്ക് ചേക്കേറി. കേരള പ്രിന്റേഴ്സ് അസ്സോസിയേഷൻ സ്ഥാപക നേതാക്കളിൽ ഓരാളും ഭാരവാഹിയുമായിരുന്നു.



