Kerala
എട്ടുവയസ്സുകാരിക്ക് മര്‍ദ്ദനം; അമ്മ മടങ്ങിവരാനുള്ള പ്രാങ്ക് വീഡിയോ എന്നു മൊഴി, വിശ്വസിക്കാതെ പോലീസ്
ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പിതാവിനെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍ | എട്ടുവയസ്സുകാരിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായത്.
കുട്ടിയുടെ മാതാവ് കുറച്ചു ദിവസമായി വീട്ടില്‍ നിന്നു മാറി നില്‍ക്കുകയാണെന്നും മാതാവിനെ കളിപ്പിക്കാന്‍ പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തതാണെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും സത്യാവസ്ഥ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടു.
കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ മര്‍ദിക്കുന്നത് എട്ട് വയസുകാരിയുടെ സഹോദരന്‍ ഫോണില്‍ പകര്‍ത്തിയത്. മര്‍ദ്ദന ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഭാര്യക്ക് അയച്ചു കൊടുത്തു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പ്രാങ്ക് വീഡിയോ ആണെന്നു മൊഴി നല്‍കി. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു എന്നാണു കുട്ടികള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ മര്‍ദ്ദനവും കുട്ടിയുടെ കരച്ചിലും യഥാര്‍ഥമാണെന്നു തോന്നും വിധമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ക്രൂരമര്‍ദനം പ്രാങ്ക് വിഡിയോയെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല. കുട്ടികളുടെ മൊഴി ജോസ് കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്.