Kerala
വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
ആറ് തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും മണ്ണിടിച്ചിലുണ്ടായപ്പോള്‍ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട് | കനത്ത മഴയില്‍ വടകര അഴിയൂരില്‍ നിര്‍മാണത്തിലിരുന്ന കിണറിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണിനടിയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിലേക്ക് താഴ്ന്നുപോയ മറ്റൊരു തൊഴിലാളി വേണുവിനെയാണ് രക്ഷപ്പെടുത്തിയത്. ആറ് തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും മണ്ണിടിച്ചിലുണ്ടായപ്പോള്‍ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്നും മാഹിയില്‍ നിന്നും ഫയര്‍ഫോഴ്സ് ഉള്‍പ്പടെയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കനത്ത മഴയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും.