Connect with us

Uae

പ്രതികൂല കാലാവസ്ഥ; രാജ്യത്ത് പുലർച്ചെകളിൽ നിരവധി അപകടങ്ങൾ

കനത്ത പുകമഞ്ഞിൽ വലഞ്ഞ് യാത്രക്കാർ

Published

|

Last Updated

ദുബൈ| രാജ്യത്തുടനീളം പുലർച്ചെകളിൽ അനുഭവപ്പെട്ട കനത്ത പുകമഞ്ഞിനെത്തുടർന്ന് റോഡപകടങ്ങൾ വർധിച്ചു. തിങ്കളാഴ്ച രാവിലെ ദുബൈയിലും വടക്കൻ എമിറേറ്റുകളിലും വാഹനയാത്ര സാരമായി തടസ്സപ്പെട്ടു. ദൃശ്യപരത കുറഞ്ഞതും റോഡുകളിൽ വഴുക്കൽ അനുഭവപ്പെട്ടതും കാരണം ഷാർജ-ദുബൈ റൂട്ടിലെ പ്രധാന റോഡുകളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാർജ – ദുബൈ അതിർത്തിയിലാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. അൽ ഖാലിദിയ പ്രദേശത്തിന് സമീപം അൽ ഇത്തിഹാദ് സ്ട്രീറ്റിലുണ്ടായ അപകടം ദുബൈയിലേക്കുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു. അൽ വഹ്ദ സ്ട്രീറ്റിലൂടെ അൽ മജാസ് പ്രദേശത്തേക്ക് വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി.

അൽ കിഫാഫിന് സമീപം ശൈഖ് റാശിദ് റോഡിലുണ്ടായ അപകടത്തെത്തുടർന്ന് നഗരമധ്യത്തിലേക്കുള്ള ഗതാഗതം മന്ദഗതിയിലായി. ജുമൈറ ഫസ്റ്റ് ഭാഗത്ത് അൽ വാസൽ റോഡിലും അപകടം സംഭവിച്ചു. എമിറേറ്റ്‌സ് റോഡ്, വാദി അൽ സഫ 3, അൽ ഖൈൽ റോഡ് എന്നിവിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്്യാൻ സ്ട്രീറ്റ്, അൽ ഖുദ്്റ റോഡ് എന്നിവിടങ്ങളിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലും വാഹനങ്ങൾ സാവധാനത്തിലാണ് നീങ്ങിയത്.

അജ്മാനിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടം തെക്കോട്ടുള്ള വാഹനയാത്രയെ ബാധിച്ചു. ഷാർജ റിംഗ് റോഡിലുണ്ടായ അപകടം കൂടുതൽ തടസ്സങ്ങൾക്ക് കാരണമായി. അൽ ബദീ പ്രാന്തപ്രദേശത്തിനടുത്ത് എമിറേറ്റ്‌സ് റോഡിലും രാവിലെ മുഴുവൻ കനത്ത തിരക്ക് അനുഭവപ്പെട്ടു. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗരേഖകൾ പിന്തുടരണമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) ജനങ്ങളോട് അഭ്യർഥിച്ചു.

Latest