Saudi Arabia
ഹജ്ജ്; വെള്ളിയാഴ്ച്ച വരെ പുണ്യഭൂമിയിലെത്തിയത് 890,883 തീർത്ഥാടകർ
രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴിയാണ് ഏറ്റവും കൂടുതൽ ഹാജിമാർ എത്തിച്ചേർന്നത്.

മക്കേ/മദീന| വിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച്ച വരെ 890,883 തീർത്ഥാടകർ പുണ്യഭൂമിയിലെത്തി ചേർന്നതായി സഊദി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴിയാണ് ഏറ്റവും കൂടുതൽ ഹാജിമാർ എത്തിച്ചേർന്നത്.
കര മാർഗ്ഗം 41,646 പേരും , ജലമാർഗ്ഗം 2,822 പേരുമാണ് എത്തിയത്. രാജ്യത്തെ മുഴുവൻ പ്രവേശന കവാടങ്ങളിലും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി ദ്വിഭാഷികളുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അതോറിറ്റി വ്യകത്മാക്കി.
അന്താരാഷ്ട്ര വ്യോമ, കര, കടൽ തുറമുഖങ്ങൽ ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളിൽ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള യോഗ്യതയുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച്, തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജ് വേളയിൽ മക്കയിൽ മസ്ജിദുൽ ഹറാമിലെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും മണിക്കൂറിൽ 107,000 ഹാജിമാർക്ക് മതാഫിൽ ത്വവാഫ് കർമ്മങ്ങൾ നിർവ്വഹിക്കാൻ കഴിയുമെന്നും ഇരുഹറം കാര്യാലയ മന്ത്രാലയം അറിയിച്ചു.