Connect with us

Kerala

വിദ്യാഭ്യാസവും തൊഴിലും മര്‍കസിന്റെ പരിഗണനകളില്‍ പ്രധാനം: കാന്തപുരം

'വിദ്യാഭ്യാസവും തൊഴിലും സ്പര്‍ശിച്ചുകൊണ്ടാണ് മര്‍കസ് പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിനും മനുഷ്യരുടെ സ്ഥായിയായ വിജയത്തിനും ഇവ രണ്ടും ആവശ്യമാണ്.'

Published

|

Last Updated

കോഴിക്കോട് | ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിദ്യാഭ്യാസം നല്‍കുന്നതും തൊഴില്‍ നല്‍കുന്നതും മര്‍കസിന്റെ പരിഗണനാ വിഷയങ്ങളില്‍ പ്രധാനമാണെന്ന് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് തൊഴില്‍ദാന പദ്ധതി പ്രകാരം വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും തൊഴിലും സ്പര്‍ശിച്ചുകൊണ്ടാണ് മര്‍കസ് പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിനും മനുഷ്യരുടെ സ്ഥായിയായ വിജയത്തിനും ഇവ രണ്ടും ആവശ്യമാണ്. ഇവ ഇല്ലാതാവുമ്പോഴാണ് സമൂഹത്തില്‍ അധാര്‍മിക പ്രവണതകള്‍ വര്‍ധിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസം നല്‍കിയതിന് ശേഷം പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ദാന പദ്ധതി പ്രകാരം വിവിധ കമ്പനികളില്‍ മര്‍കസ് തൊഴില്‍ ലഭ്യമാക്കിയത്-കാന്തപുരം പറഞ്ഞു.

തൊഴില്‍ ദാന പദ്ധതി പ്രകാരം ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും സംഭാവന ചെയ്യാനും സാധിച്ചിട്ടുണ്ട്. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി കാന്തപുരം അധ്യക്ഷത വഹിച്ചു. സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍ പദ്ധതി അവതരിപ്പിച്ചു.

ഗുണഭോക്താക്കള്‍ നടപ്പിലാക്കിയ ‘മര്‍കസ് കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ശറഫുദ്ദീന്‍ കൊടുവള്ളി കാന്തപുരം ഉസ്താദിന് വിഹിതം നല്‍കി നിര്‍വഹിച്ചു. മര്‍കസ് മുഖേന വിവിധ രാജ്യങ്ങളില്‍ ജോലി നേടിയ ഉദ്യോഗാര്‍ഥികളെ ഒരുമിപ്പിച്ച് കൂട്ടായ്മ വിപുലീകരിക്കാന്‍ തീരുമാനിക്കുകയും ഇതിനായി അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. വി എം റശീദ് സഖാഫി, റശീദ് പുന്നശ്ശേരി, ഡോ. നാസര്‍ കുന്നുമ്മല്‍, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംസാരിച്ചു.

 

Latest