National
തമിഴ്‌നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പിടിയിലായത് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ
അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ചെന്നൈ| കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. അങ്കിത് തിവാരി എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെ അദ്ദേഹത്തെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനെ തുടര്‍ന്ന് അങ്കിത് തിവാരിയുടെ വസതിയിലും ഇഡിയുടെ മധുരയിലെ ഓഫീസിലും ദിണ്ടിഗല്‍ ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
അങ്കിത് നിരവധി ആളുകളെ ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. മറ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്കും അങ്കിത് കൈക്കൂലി വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.