Connect with us

Kerala

ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതം; കിഫ്ബി ഹൈക്കോടതിയില്‍

ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസര്‍വ് ബേങ്കിനാണ്, അല്ലാതെ ഇ ഡിക്കല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Published

|

Last Updated

കൊച്ചി | കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ് അയച്ചതിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. സി ഇ ഒ ഉള്‍പ്പടെയുള്ളവരാണ് നിലവിലെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്. ഇ ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചാണ് ഹരജി. കഴിഞ്ഞ ഒന്നര വര്‍ഷമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് പിന്നാലെയാണ് ഇ ഡിയെന്ന് ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. ഹരജി കോടതി ഈമാസം 16 ന് പരിഗണിക്കും.

വിദേശ നാണയ വിനിമയ ചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇ ഡി സമന്‍സ് അയച്ചത് ഉദ്യോഗസ്ഥരെ മനപ്പൂര്‍വം ബുദ്ധിമുട്ടിക്കാനാണെന്ന് കിഫ്ബി സി ഇ ഒ. കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരുള്‍പ്പെടെ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നു.

വികസന ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബേങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നും ഹരജിയിലുണ്ട്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസര്‍വ് ബേങ്കിനാണ്, അല്ലാതെ ഇ ഡിക്കല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.