Connect with us

Prathivaram

സ്മാർട്ട് ആയി കഴിക്കാം; ആഘോഷ വേളകളിൽ

ഹെൽത്തി പ്ലേറ്റിനെ കുറിച്ചുള്ള അറിവ് നമ്മെ ഏറെ സഹായിക്കും. നമ്മുടെ പാത്രത്തിൽ പകുതി ഭാഗം പച്ചക്കറികളും ഇലക്കറികളും പഴങ്ങളും കാൽഭാഗം പ്രോട്ടീൻ അടങ്ങിയ നോൺവെജ് വിഭവങ്ങളോ പയർ, പരിപ്പ് പോലെയുള്ളവയോ അവസാന കാൽ ഭാഗം അന്നജം അടങ്ങിയ ചോറ്, ചപ്പാത്തി പോലെയുള്ള ധാന്യ വിഭവങ്ങളും ആകാം... ഈ നിയമം ആഘോഷങ്ങളിൽ ശീലമാക്കിയാൽ സന്തോഷം കളയുകയും വേണ്ട ആരോഗ്യം പോകുകയുമില്ല.

Published

|

Last Updated

സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കാനും വൈകാരിക നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കാനും ഭക്ഷണത്തിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ആഘോഷങ്ങളിലും കൂടിച്ചേരലുകളിലും ഭക്ഷണം വിളമ്പുന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയത്. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളും ഒരുപോലെ ആഘോഷിക്കുന്ന മലയാളിക്ക് കേക്കും ബിരിയാണിയും പായസവും ഒരുമിച്ച് നുണയാതെ എന്ത് ആഘോഷം. എന്നാൽ ഇന്നത്തെ കാലത്ത് ആഘോഷങ്ങളുടെ എണ്ണം കൂടിയതിനാൽ തന്നെ, അത് ആരോഗ്യത്തെ ബാധിക്കുന്നില്ലേ എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. ആഘോഷങ്ങളെല്ലാം മനുഷ്യനെ മാനസികമായും ശാരീരികമായും സന്തോഷിപ്പിക്കുന്നതാകണം എങ്കിലേ അതിന്റെ മാറ്റ് കൂടുകയുള്ളൂ.

കുറച്ചു സ്മാർട്ട് ആയി ആഘോഷങ്ങളിലെ ആഹാരം തിരഞ്ഞെടുത്താൽ മനസ്സും ഹാപ്പിയാക്കാം ശരീരവും ഹാപ്പിയാക്കാം. കലോറി മൂല്യം കൂടിയ കേക്കുകൾ, ചോക്ലേറ്റുകൾ, എണ്ണക്കടികൾ, പലതരം റൈസ് വിഭവങ്ങൾ, മയോണൈസ് , സോസുകൾ, പൊരിച്ചതും വറുത്തതുമായ ഇറച്ചി വിഭവങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയെല്ലാം തന്നെ വാരിവലിച്ചു കഴിക്കുന്നത് വായിലെ രുചി മുകുളങ്ങളെ പുളകം കൊള്ളിക്കുന്നതോടൊപ്പം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ, ഉദര രോഗങ്ങൾ, മലബന്ധം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങൾക്കടിമയാക്കുക കൂടി ചെയ്യുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളതിൽ കൂടുതൽ ഊർജം ശരീരത്തിൽ എത്തിയാൽ അവ കൊഴുപ്പായാണ് സംഭരിച്ചുവെക്കുന്നത്. ഈ പ്രക്രിയ തുടർച്ചയായി നടക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നു.

എങ്ങനെ സ്മാർട്ട് ആയി കഴിക്കാം

ചില ചെറിയ തിരിച്ചറിവുകൾ പലപ്പോഴും വലിയ മാറ്റങ്ങൾക്കുള്ള കാരണങ്ങളാകാറുണ്ട്. ഇവ അവയിൽപ്പെടും.

  • ശരീരത്തെ അറിഞ്ഞു കൊണ്ട് കഴിക്കുന്നത് ശീലമാക്കാം. വിശപ്പ്, ദാഹം എന്നിവ അറിഞ്ഞു കൊണ്ട് അതിനനുസരിച്ച് കഴിക്കുന്നത് അമിത ഭക്ഷണം ഒഴിവാക്കാൻ സഹായിക്കുന്നു
  • പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കുന്നു. ദിവസവും 30 മുതൽ 45 മിനുട്ട് വ്യായാമം ചെയ്യുന്നവരിൽ ജീവിത ശൈലീ രോഗങ്ങൾക്കുള്ള സാധ്യത വളരെ കുറവാണ്.
  • ആഘോഷങ്ങൾക്ക് ശേഷം ലഘു വ്യായാമങ്ങളിൽ ഏർപ്പെടുകയോ നടക്കുകയോ ചെയ്യുന്നത് അധിക ഊർജത്തെ കളയാൻ സഹായിക്കുന്നു
  • രാത്രി വൈകിയുള്ള പാർട്ടികൾക്ക് പകരം നേരത്തെ ആക്കാൻ ശ്രമിക്കുക. രാത്രിയിൽ ഉയർന്ന കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് ദഹിപ്പിക്കാൻ ശരീരത്തിന് കൂടുതൽ സമയം ആവശ്യമായി വരുന്നു. ഇത് ഉറക്കക്കുറവ്, പൊണ്ണത്തടി, പ്രമേഹം, രക്താദിസമ്മർദം എന്നിവക്ക് കാരണമാകുന്നു.
  • തൂക്കം കുറയ്ക്കാൻ ശ്രമിക്കുന്നവരും പ്രമേഹ രോഗികളും പാർട്ടികളിൽ ഊർജമൂല്യം കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
  • മധുരം ചേർത്ത പലഹാരങ്ങൾക്ക് പകരം ഫ്രഷ് ആയ പഴങ്ങൾ, സാലഡുകൾ, ഫ്രെഷ് ഫ്രൂട്ട് ജ്യൂസുകൾ, ലൈം ജ്യൂസ്, പോപ്‌കോൺ, സ്വീറ്റ്‌കോൺ എന്നിവ കഴിക്കാം. കൊഴുപ്പ് കൂടിയ റൈസ് വിഭവങ്ങൾക്ക് പകരം ചപ്പാത്തിയോ, റൊട്ടിയോ മിതമായി എടുക്കാം.
  • ഫ്രൈ ചെയ്തവക്ക് പകരമായി ഗ്രിൽ ചെയ്തവ ആകാം.
  • പാർട്ടികൾക്ക് മുന്പായി പ്രോട്ടീൻ അടങ്ങിയ ലഘു ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.
  • നിങ്ങളുടെ പാത്രത്തിൽ നാരടങ്ങിയ ഭക്ഷണ പദാർഥങ്ങൾ (സാലഡുകൾ, മുളപ്പിച്ചവ, പച്ചക്കറികൾ, ഇലക്കറികൾ) ഉണ്ട് എന്ന് ഉറപ്പു വരുത്തുക. അതായത് പാത്രത്തിന്റെ പകുതി ഭാഗം പഴങ്ങളും പച്ചക്കറികളും നിറച്ച് കഴിക്കുന്നത് വയർ പെട്ടെന്ന് നിറയുന്നതിനും വിശപ്പ് കൂടാതിരിക്കാനും സഹായിക്കുന്നു.
  • പല ആളുകളും പാർട്ടി ദിവസങ്ങളിൽ ഒരു നേരത്തെ ആഹാരം ഒഴിവാക്കി ഭക്ഷണ ക്രമീകരണം നടത്താൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് വിശപ്പ് കൂട്ടുന്നതിനും സാധാരണയിലും കൂടുതൽ ഭക്ഷണം കഴിക്കുന്നതിനും അതുവഴി അധിക ഊർജം ശരീരത്തിൽ ഉണ്ടാവുകയും അത് കൊഴുപ്പായി മാറുന്നതിനും കാരണമാകുന്നു. ഇതൊഴിവാക്കുക.
  • നമ്മുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ ആരോഗ്യകരമായ രീതിയിൽ പാചകം ചെയ്ത് കഴിക്കുന്നത് ഒരു നല്ല മാറ്റം ആയിരിക്കും. ഉദാഹരണത്തിന് റീഫൈൻഡ് ധാന്യപ്പൊടികൾക്ക് പകരമായി മുഴു ധാന്യങ്ങൾ പൊടിച്ചതും , പഞ്ചസാരക്ക് പകരം ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, ശർക്കര എന്നിവ ചേർക്കുന്നതും സോസുകൾക്കും മയോണൈസിനും പകരം യോഗർട്ട്ഡിപ്പുകൾ, പുളി കുറഞ്ഞ തൈര്, പുതിന ചട്ണി എന്നിവ ചേർത്തും ചെറിയ മാറ്റങ്ങൾ പരീക്ഷിക്കാവുന്നതാണ്.
  • ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ദഹനം ശരിയായി നടക്കുന്നതിനും മെറ്റബോളിസം ശരിയാക്കുന്നതിനും കൊഴുപ്പ് കുറക്കുന്നതിനും വെള്ളം അത്യാവശ്യമാണ്. ഒരു ദിവസം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെയെങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. നാരങ്ങ വെള്ളം, മോരും വെള്ളം, ഹെർബൽ ചായ, മധുരം ഇടാത്ത ജ്യൂസുകൾ എന്നിവയും തിരഞ്ഞെടുക്കാം.
  • പകരം വെക്കാനാകാത്ത ഒന്നാണ് ശരിയായ ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ആറ് മുതൽ ഏഴ് മണിക്കൂർ വരെ നല്ല ഉറക്കം കിട്ടിയിരിക്കണം. ഉറക്കക്കുറവ് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെയും മൂല കാരണമാണ് എന്നു തന്നെ പറയാം. രാത്രികളിലെ അമിതാഹാരം പല ആളുകളുടെയും ഉറക്കം കളയുന്നതായി പഠനങ്ങൾ പറയുന്നുണ്ട്.
  • കൃത്രിമ നിറങ്ങൾക്കും മണങ്ങൾക്കും രുചികൾക്കും പകരമായി സുഗന്ധവ്യഞ്ജനങ്ങൾക്ക് പേര് കേട്ട നമ്മുടെ നാട്ടിൽ സുലഭമായ സ്‌പൈസസും ഹെർബ്‌സും ഉപയോഗിക്കുന്നതല്ലേ നല്ലത്.
  • എല്ലാത്തിനുമുപരിയായി ഹെൽത്തി പ്ലേറ്റിനെ കുറിച്ചുള്ള അറിവ് നമ്മെ ഒത്തിരി സഹായിക്കും. നമ്മുടെ പാത്രത്തിൽ പകുതി ഭാഗം പച്ചക്കറികളും ഇലക്കറികളും പഴങ്ങളും കാൽഭാഗം പ്രോട്ടീൻ അടങ്ങിയ നോൺവെജ് വിഭവങ്ങളോ പയർ, പരിപ്പ് പോലെയുള്ളവയോ അവസാന കാൽ ഭാഗം അന്നജം അടങ്ങിയ ചോറ്, ചപ്പാത്തി പോലെയുള്ള ധാന്യ വിഭവങ്ങളും ആകാം… ഈ നിയമം ആഘോഷങ്ങളിൽ ശീലമാക്കിയാൽ സന്തോഷം കളയുകയും വേണ്ട ആരോഗ്യം പോകുകയുമില്ല.

ആരോഗ്യമാണ് എല്ലാ കാലത്തും മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് കണ്ണടച്ച് പറയാം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് ഇതിനുള്ള പോംവഴി എന്നറിഞ്ഞു കൊണ്ട് തന്നെ അതിന്റെ കാതലായ ആരോഗ്യ പ്രദമായ ഭക്ഷണ രീതിയും വ്യായാമവും നമ്മൾ മനപ്പൂർവം മറന്നുപോകുന്ന അവസ്ഥക്ക് മാറ്റം വരേണ്ടത് വളരെ അത്യാവശ്യമാണ്. മാറ്റം തുടങ്ങേണ്ടത് നമ്മൾ ഓരോരുത്തരിലും നിന്ന് തന്നെയാണ്. എങ്കിലേ ആരോഗ്യമുള്ള ഒരു ജനതക്ക് തുടർച്ചയുണ്ടാകൂ.

---- facebook comment plugin here -----

Latest