editorial
ജോഷിമഠിലെ ഭൗമപ്രതിഭാസം
എന്താണ് ജോഷിമഠിലെ പ്രതിഭാസത്തിനു കാരണം? ഭൗമശാസ്ത്ര വിദഗ്ധര്‍ വ്യത്യസ്ത വീക്ഷണക്കാരാണ്. ഒരു നൂറ്റാണ്ട് മുമ്പ് സംഭവിച്ച ഭൂകമ്പത്തിന്റെ ബാക്കിപത്രമാകാം വിള്ളലെന്നാണ് വാഡിയയിലെ ഹിമാലയന്‍ ജിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാലാചന്ദ് സെയിനിന്റെ അഭിപ്രായം.

ഇരുപതിനായിരത്തോളം വരുന്ന പ്രദേശവാസികളെ മാത്രമല്ല, ഭൗമശാസ്ത്ര ലോകത്തും അമ്പരപ്പും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. സമുദ്രനിരപ്പില്‍ നിന്ന് 6,150 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വത നിരകള്‍ക്ക് മുകളിലെ ഈ ടൗണ്‍ഷിപ്പില്‍ അടുത്ത ദിവസങ്ങളിലായി ഭൂമി ഇടിഞ്ഞു വീഴുകയും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ സംഭവിച്ചു കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ കാണപ്പെട്ടത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്കും വിള്ളല്‍ വീണുതുടങ്ങി. 86 വീടുകള്‍ ഉള്‍പ്പെടെ 700ലേറെ കെട്ടിടങ്ങള്‍ക്ക് ചുമരിലെ വിള്ളലുകളടക്കം കേടുപാടുകള്‍ സംഭവിച്ചതായാണ് റിപോര്‍ട്ട്. പ്രദേശത്തെ അതിശൈത്യം ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ജോഷിമഠിന് ചുറ്റുമുള്ള 20 സൈനിക യൂനിറ്റുകള്‍ക്കും വിള്ളലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അവിടെ നിന്ന് കരസേനയുടെ ചില ട്രൂപ്പുകളെ മാറ്റാന്‍ തീരുമാനമുണ്ട്.
വിള്ളലിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാനായി കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം ഈ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. വീട് ഒഴിയേണ്ടി വരുന്നവര്‍ക്കായി പ്രഖ്യാപിച്ച ഒന്നര ലക്ഷം രൂപ അപര്യാപ്തമാണെന്നും തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ.് ബദരീനാഥ് ക്ഷേത്ര വികസനത്തിന് സ്ഥലമേറ്റെടുത്തപ്പോള്‍ വിട്ടുകൊടുത്തവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തിന്റെ തോതില്‍ വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ബദരീനാഥ് പ്രശ്‌നത്തില്‍ വിപണി വിലയുടെ നാലിരട്ടി നല്‍കിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എന്താണ് ജോഷിമഠിലെ പ്രതിഭാസത്തിനു കാരണം? ഭൗമശാസ്ത്ര വിദഗ്ധര്‍ വ്യത്യസ്ത വീക്ഷണക്കാരാണ്. ഒരു നൂറ്റാണ്ട് മുമ്പ് സംഭവിച്ച ഭൂകമ്പത്തിന്റെ ബാക്കിപത്രമാകാം വിള്ളലെന്നാണ് വാഡിയയിലെ ഹിമാലയന്‍ ജിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാലാചന്ദ് സെയിനിന്റെ അഭിപ്രായം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പൊട്ടല്‍ പ്രദേശത്തിന്റെ അടിത്തറ ദുര്‍ബലമാക്കും. ഭൂകമ്പ സാധ്യത കൂടിയ സീസ്മിക് സോണ്‍ 5 കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ജോഷിമഠ്.
ഹിമാലയന്‍ മലനിരകളില്‍ ഭൂചലനത്തില്‍ ഇടിഞ്ഞുവീണ മണ്ണും പാറയും കൊണ്ടാണ് ഈ പ്രദേശം രൂപപ്പെട്ടത്. ഇത്തരം മേഖലകളില്‍ ഭൂമി ഇടിഞ്ഞുതാഴുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ബദരിനാഥ് തുടങ്ങി തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന മാര്‍ഗമായതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീതമായുണ്ടാകുന്ന വര്‍ധനവും പ്രദേശത്തെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടാകാമെന്ന് സെയിന്‍ പറയുന്നു. ഈ നിഗമനത്തെ ബലപ്പെടുത്തുന്നതാണ് ഡെറാഡൂണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗിന്റെ ഉപഗ്രഹ പഠന റിപോര്‍ട്ട്. ജോഷിമഠും പരിസര പ്രദേശങ്ങളും പ്രതിവര്‍ഷം 2.5 ഇഞ്ച് ഇടിഞ്ഞു താഴുകയാണെന്നും വര്‍ഷങ്ങളായി ഈ പ്രതിഭാസം തുടങ്ങിയിട്ടെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്.
വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചും പരിസ്ഥിതി ആഘാതങ്ങള്‍ കണക്കിലെടുക്കാതെയുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വിള്ളലിനു കാരണമെന്നാണ് മറ്റു ചില വിദഗ്ധരുടെ വിലയിരുത്തല്‍. വിനോദ സഞ്ചാരികളും തീര്‍ഥാടകരും ധാരാളമായെത്തുന്ന പ്രദേശത്ത് യാതൊരുവിധ നിയന്ത്രണങ്ങളും പാലിക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 900 കി.മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ദേശീയ പാത, നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ ടി പി സി) തപോവൻ-വിഷ്ണുഖണ്ഡ് ജല വൈദ്യുത പദ്ധതി, ഋഷികേശില്‍ നിന്ന് കര്‍ണപ്രയാഗിലേക്കുള്ള റെയില്‍ ലൈന്‍ നിര്‍മാണം എന്നിവയാണ് നിലവില്‍ ഈ പ്രദേശത്ത് നടക്കുന്ന പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. തപോവന്‍ ജലവൈദ്യുത പദ്ധതിയുടെ ടണലുകള്‍ ജോഷിമഠിനടിയിലൂടെയാണ് കടന്നു പോകുന്നത്. അതിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ അളകനന്ദയിലെ ജലം ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങിയിരുന്നു. ടണല്‍ നിര്‍മാണം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ കൂടിയതെന്നാണ് പ്രദേശത്ത് പൊതുവെയുള്ള അഭിപ്രായം. ജോഷിമഠിന്റെ ഭൗമപ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 1976ല്‍ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ 18 അംഗ ശാസ്ത്ര സംഘത്തെ നിയോഗിച്ചിരുന്നു. അതി തീവ്ര പരിസ്ഥിതിലോല പ്രദേശമാണ് ജോഷിമഠെന്നാണ് അവരുടെ വിലയിരുത്തല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളും മലഞ്ചെരുവുകളിലെ കൃഷിയും പ്രദേശത്ത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും മിശ്ര കമ്മിറ്റി റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജോഷിമഠിനു പിന്നാലെ ഉത്തരാഖണ്ഡ് തെഹ്‌രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലും മണ്ണിടിച്ചില്‍, കെട്ടിടങ്ങളില്‍ വിള്ളലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. എന്‍ ടി പി സി നിര്‍മിക്കുന്ന തുരങ്കത്തിന് സമീപത്തും മുകളിലുമായുള്ള വീടുകളുടെ ചുമരുകളിലാണ് ഇവിടെയും വിള്ളലുകള്‍ രൂപപ്പെട്ടത്. പൊതുവെ ഭീതിയോടെയാണ് ഈ പ്രദേശത്തെ ജനങ്ങള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിത സുരക്ഷിതത്വത്തിന്റെ അനിവാര്യതയാണ് മലകളെന്നും അവയുടെ നാശം മനുഷ്യനാശത്തിനിടയാക്കുമെന്നും ആധുനിക ശാസ്ത്രവും നേരത്തേ ദൈവിക ഗ്രന്ഥമായ ഖുര്‍ആനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലസമ്പത്ത് ഉള്‍പ്പെടെ അനേകം പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് മലനിരകള്‍. അവക്ക് ക്ഷതമേല്‍ക്കുമ്പോള്‍ കാലാവസ്ഥയില്‍ വ്യതിയാനവും ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങളുമുണ്ടാകും. ഉരുള്‍പൊട്ടല്‍, ഭൂപിളര്‍പ്പ്, വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കും ഇതര ജീവികളുടെ കൂട്ട പലായനങ്ങള്‍ക്കും ഇത് നിമിത്തമായേക്കുമെന്നും ഭൗമശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിച്ചതാണ്.