Kerala
ആലപ്പുഴയില്‍ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; ഉദ്യോഗസ്ഥന് പരുക്ക്
സംഭവത്തില്‍ അഭിജിത്ത് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ| ആലപ്പുഴ പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. പോലീസ് വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തില്‍ അഭിജിത്ത് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകള്‍ക്കുശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ യുവാക്കളെ പറഞ്ഞയക്കുന്നതിനിടെയാണ് അഭിജിത്തിന്റെ കൈയിലുണ്ടായിരുന്ന കഞ്ചാവ് പൊതി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
അഭിജിത്തിനെ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ലഹരി സംഘത്തില്‍പ്പെട്ടവരും അവിടെ കൂടിയവരും അറസ്റ്റ് തടസ്സപ്പെടുത്തി. മാന്നാര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനീത് പി എമ്മിനെ സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.




