Connect with us

mundra port

മുൻദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട; അറസ്റ്റിലായ ദമ്പതികൾ ചരക്കിനെ കുറിച്ച് അജ്ഞർ

കണ്ടെയ്‌നറുകൾ ഇറക്കുന്നതിന് ഓരോന്നിനും 30,000 രൂപ വീതം ദമ്പതികൾ നൽകിയിരുന്നു. ചരക്കിന്റെ ക്ലിയറൻസ്, ട്രാൻസ്‌പോർട്ട് സംബന്ധിച്ച ഇടപാടുകൾക്ക് മൂന്ന് ലക്ഷം രൂപ ഹവാലയായി ഇവർക്ക് ലഭിച്ചതായും വിവരമുണ്ട്

Published

|

Last Updated

ഹൈദരാബാദ് | അദാനി ഗ്രൂപ്പിന് നടത്തിപ്പ് ചുമതലയുള്ള ഗുജറാത്തിലെ മുൻദ്ര തുറമുഖത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ടെയ്‌നറിനുള്ളിൽ എന്താണെന്നതിനെ കുറിച്ച് അറസ്റ്റിലായ ദമ്പതികൾ ബോധവാന്മാരാകാനിടയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.

വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിംഗ് കമ്പനി ഉടമസ്ഥരും ചെന്നൈയിൽ താമസക്കാരുമായ സുധാകർ മച്ചവരപ്പു, വൈശാലി ഗോവിന്ദരാജു എന്നിവരെ ഹൈദരാബാദിൽ വെച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് കണ്ടെടുത്ത രണ്ട് കണ്ടെയ്‌നറുകൾ വൈശാലി ഗോവിന്ദ രാജുവിന്റെ മാതാവ് തരക ഗോവിന്ദ രാജുവിന്റെ പേരിലാണ് എത്തിയത്.

കണ്ടെയ്‌നറുകൾ ഇറക്കുന്നതിന് ഓരോന്നിനും 30,000 രൂപ വീതം ദമ്പതികൾ നൽകിയിരുന്നു. ചരക്കിന്റെ ക്ലിയറൻസ്, ട്രാൻസ്‌പോർട്ട് സംബന്ധിച്ച ഇടപാടുകൾക്ക് മൂന്ന് ലക്ഷം രൂപ ഹവാലയായി ഇവർക്ക് ലഭിച്ചതായും വിവരമുണ്ട്. കഴിഞ്ഞ ജൂണിലും ഇവരുടെ പേരിൽ കണ്ടെയ്‌നർ എത്തിയിരുന്നു. ഇത് നേരിട്ട് ഡൽഹിയിലേക്ക് അയക്കുകയാണ് ചെയ്തത്.
അന്താരാഷ്ട്ര വിപണിയിൽ 20,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ചരക്ക് ഇറക്കുമതിക്ക് ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും ആളുകൾക്ക് ദമ്പതികൾ ഓർഡറുകൾ നൽകാറുണ്ട്. ചരക്കുകളുടെ ഇറക്കുമതിയിൽ താലിബാൻ- അഫ്ഗാനിസ്ഥാൻ- പാക്കിസ്ഥാൻ ബന്ധം ഇല്ലെന്ന് പറയാനാകില്ല. ഇത്തരത്തിലുള്ള രണ്ട് ചരക്കുകൾ കൂടി ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്ന കമ്പനിക്ക് ഒരുപക്ഷേ കണ്ടെയ്‌നറിനുള്ളിലെ യഥാർഥ വസ്തു എന്താണെന്നോ അതിന്റെ മൂല്യം എത്രയാണെന്നോ അറിയാനുള്ള സാധ്യതയില്ലെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് അഫ്ഗാൻ സ്വദേശികളും ഒരു ഇന്ത്യക്കാരനും പിടിയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വെണ്ണക്കല്ലുകളാണെന്ന വ്യാജേന ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴിയാണ് കണ്ടെയ്‌നറുകൾ മുൻദ്ര തുറമുഖത്തെത്തിയത്. വെണ്ണക്കല്ലുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

അഫ്ഗാനിസ്ഥാനിലെ നിമ്രൂസ് ആണ് ചരക്കിന്റെ ഉത്ഭവ കേന്ദ്രം. എന്നാൽ വെണ്ണക്കല്ലുകൾ ഉള്ള പ്രദേശമല്ല ഇത്.

37 കിലോ മയക്കുമരുന്ന് കണ്ടെടുത്തു; എട്ട് പേർ അറസ്റ്റിൽ
മുൻദ്ര തുറമുഖത്ത് മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് നടത്തിയ വ്യാപക പരിശോധനയിൽ ഡൽഹിയിൽ നിന്നും ഉത്തർ പ്രദേശിലെ നോയിഡയിൽ നിന്നും കൊക്കെയ്ൻ അടക്കമുള്ള 37 കിലോ മയക്കുമരുന്ന് പിടികൂടി. 16.1 കിലോ മയക്കുമരുന്നും 10.2 കിലോ കൊക്കെയ്‌നും ഡൽഹിയിലെ ഗോഡൗണിൽ നിന്നും 11 കിലോ നോയിഡയിലെ താമസ കേന്ദ്രത്തിൽ നിന്നുമാണ് പിടികൂടിയത്. നാല് അഫ്ഗാൻ, ഒരു ഉസ്ബക്കിസ്ഥാൻ സ്വദേശികളെയും മൂന്ന് ഇന്ത്യക്കാരെയും അറസ്റ്റ് ചെയ്തു.

ചരക്കുകൾ പരിശോധിക്കാൻ അനുവാദമില്ല: അദാനി ഗ്രൂപ്പ്
അഹമ്മദാബാദ് | മുൻദ്ര തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നും തുറമഖത്തെത്തുന്ന കണ്ടെയ്‌നറുകളിലെ ചരക്കുകൾ പരിശോധിക്കലോ സുരക്ഷാ കാര്യങ്ങളിൽ ഇടപെടലോ തങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും അദാനി ഗ്രൂപ്പ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ കാര്യങ്ങൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ ബി ജെ പിക്കെതിരെ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ കടുത്ത വിമർശമുന്നയിച്ചു. നാർകോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഒഴിവുകൾ നികത്താത്തത് എന്തുകൊണ്ടാണെന്ന കാര്യവും കോൺഗ്രസ്സ് ഉന്നയിച്ചു.

മയക്കുമരുന്ന് കടത്തിന് പിന്നിൽ ആരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ്സ് നേതാവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.