Achievements
ഡോ. എൻ എസ് അബ്ദുൽ ഹമീദ് നൂറാനിക്ക് ജാമിഅ മില്ലിയ്യയിൽ നിന്ന് ഡോക്ടറേറ്റ്
“വിഷ്വൽ മീഡിയ എൻഗേജ്‌മെൻ്റ്സ് വിത്ത് ഇസ്‌ലാം ആൻഡ് ചേഞ്ചിംഗ് നരേറ്റീവ്സ്: എ സ്റ്റഡി ഓഫ് ദി പൊളിറ്റിക്സ് ആൻഡ് ഡൈനാമിക് ഓഫ് വിഷ്വൽ മീഡിയ കൾച്ചർ അമംഗ് സുന്നി മുസ്‌ലിംസ് ഇൻ മലബാർ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്

ന്യൂഡൽഹി | മാധ്യമ പഠനത്തിൽ ഡോ. എൻ എസ് അബ്ദുൽ ഹമീദ് നൂറാനിക്ക് ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയയിലെ എ ജെ കെ മാസ്സ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. “വിഷ്വൽ മീഡിയ എൻഗേജ്‌മെൻ്റ്സ് വിത്ത് ഇസ്‌ലാം ആൻഡ് ചേഞ്ചിംഗ് നരേറ്റീവ്സ്: എ സ്റ്റഡി ഓഫ് ദി പൊളിറ്റിക്സ് ആൻഡ് ഡൈനാമിക് ഓഫ് വിഷ്വൽ മീഡിയ കൾച്ചർ അമംഗ് സുന്നി മുസ്‌ലിംസ് ഇൻ മലബാർ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ഡോ. അതുൽ സിൻഹ, പ്രൊഫ. ഫർഹത്ത് ബസ്വീർ ഖാൻ എന്നിവർക്ക് കീഴിലായിരുന്നു ഗവേഷണം.
തൃശൂർ ജില്ലയിലെ എടവിലങ്ങ് സ്വദേശത്ത് നമ്പിപ്പുന്നിലത്ത് സുലൈമാന്റെയും റംലയുടെയും മകനായി ജനിച്ച ഹമീദ് നൂറാനി എടവിലങ്ങ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. ജാമിഅ മദീനത്തുന്നൂറിൽ നിന്ന് ബാച്ച്ലർ ഇൻ ഇസ്‌ലാമിക് സയൻസും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ ഹിസ്റ്ററിയും പൂർത്തിയാക്കി. ജാമിഅ മില്ലിയ്യ ഇസ്ലാമിയയിൽ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. ജെ ആർ എഫോടെയാണ് അദ്ദേഹം പി എച്ച് ഡിക്ക് പ്രവേശനം ലഭിച്ചത്.
എഴുത്തിലും പ്രസംഗങ്ങളിലും മികവ് പുലർത്തിയിരുന്ന അദ്ദേഹം 2015ലെ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവത്തിൽ ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഡോ. സുകുമാർ അഴീക്കോട് ഫൌണ്ടേഷൻ പ്രഭാഷണ മത്സരത്തിൽ ഫൈനലിസ്റ്റായി. 2017ലും 2018ലും കേന്ദ്ര സർവകലാശാല വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ്‌കോയ സ്മാരക പ്രസംഗ മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്നു.
ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “റാം കെ നാം” എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ‘ദി കോമ്പസ്’ (മലയാളം, ഇംഗ്ലീഷ്) ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപക എഡിറ്ററുമാണ്. രിസാല അപ്ഡേറ്റ് ഓൺലൈനിൽ “സത്യം പറഞ്ഞാൽ” എന്ന പേരിൽ എൻ എസ് അബ്ദുൽ ഹമീദ് വീഡിയോ പരമ്പര അവതരിപ്പിക്കുന്നുണ്ട്. എൻ എസ് യു ഐ ജാമിഅ മില്ലിയ്യ പ്രസിഡന്റായിരുന്നു.
മലബാറിലെ പരമ്പരാഗത സുന്നി മുസ്‌ലിംകളുടെ ദൃശ്യമാധ്യമ സംസ്കാരത്തെയും അവരുടെ ദൈവശാസ്ത്രപരവും സാമൂഹിക- രാഷ്ട്രീയവുമായ കാഴ്ചപ്പാടുകൾ മാധ്യമ ഇടപെടലുകളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നും മതപരമായ അധികാരം, ഭക്തിപരമായ ആചാരങ്ങൾ, ഗൾഫ് കുടിയേറ്റം, സമകാലിക രാഷ്ട്രീയം എന്നിവ ദൃശ്യ സാങ്കേതികവിദ്യകളുമായുള്ള ഇടപെടലിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഓഡിയോയിൽ നിന്ന് ദൃശ്യമാധ്യമങ്ങളിലേക്കുള്ള മാറ്റവും സുന്നി മതസംസ്കാരത്തിലെ ചലനാത്മകമായ ചർച്ചകളും ഉൾകൊള്ളുതാണ് ഗവേഷണം.
ജാമിഅ മദീനത്തുന്നൂർ ചെയർമാൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.