Connect with us

Editorial

സി ജെ റോയിയുടെ മരണം ഉയര്‍ത്തുന്ന സന്ദേഹങ്ങള്‍

കേന്ദ്ര ഏജന്‍സികളുടെ പരിശോധനകളില്‍ മനുഷ്യത്വപരമായ നിലപാടിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് സി ജെ റോയിയുടെ മരണം. രേഖകള്‍ ഡിജിറ്റലായി പരിശോധിക്കാന്‍ സൗകര്യമുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ഓഫീസുകളിലും സംരംഭകന്റെ വീടുകളിലും നിരങ്ങുന്നതെന്തിനാണ്?

Published

|

Last Updated

കേരളത്തെയും വ്യവസായ ലോകത്തെയും ഞെട്ടിച്ച സംഭവമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും മലയാളി വ്യവസായിയുമായ സി ജെ റോയിയുടെ ആത്മഹത്യ. ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡാണ് റോയിയെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയതും ആത്മഹത്യയിലേക്ക് നയിച്ചതുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വസതിയിലും 70 മണിക്കൂറിലധികം നീണ്ട റെയ്ഡാണ് നടന്നതെന്നാണ് റിപോര്‍ട്ട്. ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കെയായിരുന്നു അദ്ദേഹം ജീവനൊടുക്കിയത്.
ഡിസംബറില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വിശദമായ പരിശോധന നടത്തിയതും അന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയതുമാണ്. പിന്നെയും ദിവസങ്ങള്‍ക്കകം ഇ ഡി റെയ്ഡിനെത്തിയതാണ് റോയിയെ കനത്ത മാനസിക സമ്മര്‍ദത്തിലാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാറിനു നല്‍കിയ പരാതിയിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. റെയ്ഡുകള്‍ പലപ്പോഴും സാമ്പത്തിക പരിശോധനയേക്കാളുപരി വ്യക്തികളെ മാനസികമായി തളര്‍ത്താനും പീഡിപ്പിക്കാനുമുള്ള ഉപകരണമായി മാറുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് സംഭവം. റോയിയുടെ കാര്യത്തില്‍ നിയമം നടപ്പാക്കാന്‍ വന്നവര്‍ മനുഷ്യത്വം മറന്നു പോയെന്ന ആക്ഷേപം ഗൗരവതരമായി കാണേണ്ടതാണ്.
ഒരു ഭാഗത്ത് സര്‍ക്കാർ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (സുഗമമായി ബിസിനസ്സുകള്‍ തുടങ്ങാനും നടത്താനുമുള്ള അന്തരീക്ഷം) ഉറപ്പ് നല്‍കുമ്പോള്‍, മറ്റൊരു ഭാഗത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വ്യവസായികളെയും വ്യാപാരികളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. കൊവിഡ് മഹാമാരിക്കു ശേഷമുള്ള ലോകത്ത് റിയല്‍ എസ്റ്റേറ്റ്, ചിട്ടി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി ജെ റോയിയെ പോലുള്ള സംരംഭകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഈയൊരവസ്ഥയില്‍ സൗഹൃദപരമായും സമ്മര്‍ദത്തിനു വിധേയമാക്കാതെയുമായിരിക്കണം ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഇടപെടല്‍. നികുതി വെട്ടിപ്പുണ്ടെങ്കില്‍ അത് കണ്ടെത്തുകയും നിയമപരമായ വഴികള്‍ സ്വീകരിക്കുകയും വേണം. അതുപക്ഷേ ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലാകരുത്.
പതിറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത ഒരു ബിസിനസ്സ് സ്ഥാപനത്തില്‍ പരിശോധനക്കെത്തുമ്പോള്‍ കുറ്റവാളിയോടെന്ന മട്ടിലായിരിക്കരുത്, മാന്യമായിരിക്കണം ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഇടപെടലും. മറിച്ചുള്ള സമീപനം സംരംഭകന്റെ ആത്മവിശ്വാസം തകര്‍ക്കുകയും രംഗത്ത് പിടിച്ചു നില്‍ക്കാനുള്ള മാനസികാവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്യും. ഭരണകൂട പീഡനം മൂലം ഒരു വ്യവസായി തന്റെ സംരംഭത്തില്‍ നിന്ന് പിന്മാറാനോ, ജീവിതം തന്നെ അവസാനിപ്പിക്കാനോ ഇടവരുമ്പോള്‍ ആ വ്യവസായം മാത്രമല്ല, അതില്‍ നിന്ന് ലഭ്യമായിരുന്ന നികുതിപ്പണവും നൂറുകണക്കിന് പേരുടെ തൊഴിലും കൂടി ഇല്ലാതാകുന്നുവെന്ന കാര്യം ഉത്തരവാദപ്പെട്ടവര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
സി ജെ റോയിയുടെ മരണം ഒറ്റപ്പെട്ട സംഭവമായി കാണാതെ, സംരംഭകര്‍ക്ക് ഭയരഹിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഭരണകൂടം സന്നദ്ധമാകണം. എങ്കിലേ രാജ്യത്ത് സാമ്പത്തിക മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുകയുള്ളൂ. റെയ്ഡിന്റെ പേരില്‍ വ്യവസായികളെ സമ്മര്‍ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍, ഈ രംഗത്തേക്ക് കടന്നുവരാന്‍ സംരംഭകര്‍ വിമുഖത പ്രകടിപ്പിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തുകയെന്നതിനപ്പുറം രാഷ്ട്രീയ വിരോധം തുടങ്ങി ബാഹ്യതാത്പര്യങ്ങളാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പല ഇ ഡി റെയ്ഡുകള്‍ക്കും പിന്നില്‍.

സി ജെ റോയിക്ക് ഒരു പാര്‍ട്ടിയുമായും പരസ്യമായ രാഷ്ട്രീയ ബന്ധമുണ്ടായിരുന്നില്ലെങ്കിലും കര്‍ണാടകയിലെ ഭരണകക്ഷി നേതാക്കളുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി റോയിക്കുണ്ടായിരുന്ന അടുപ്പം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഫിഡന്റ്ഗ്രൂപ്പിനെതിരായ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കര്‍ണാടകയിലെ ഭരണകക്ഷി നേതാക്കള്‍ ആരോപിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ വ്യവസായികളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകളും കര്‍ണാടക നേതാക്കളുടെ ഭാഗത്ത് നിന്നുയരുന്നുണ്ട്. കഴിഞ്ഞ വാരത്തില്‍ കോണ്‍ഫിഡന്റ്ഗ്രൂപ്പ് ബെംഗളൂരുവില്‍ 700 കോടി രൂപക്കുള്ള ഭൂമി വില്‍പ്പന നടത്തിയിരുന്നു. ഈ പണം കേരളത്തിലെ ചില പദ്ധതികളില്‍ നിക്ഷേപിക്കാനിരിക്കെ കേന്ദ്ര ഭരണകക്ഷി വന്‍തുക സംഭാവന ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. ഇത് സാധിച്ചെടുക്കാനുള്ള സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായിരുന്നു റെയ്‌ഡെന്നും പറയപ്പെടുന്നു. ഇ ഡിയുടെ നിരന്തര പരിശോധനക്കെതിരെ കോണ്‍ഫിഡന്റ്ഗ്രൂപ്പ് കര്‍ണാടക ഹൈക്കോടതിയിലും ട്രൈബ്യൂണലിലും നിയമ പോരാട്ടം നടത്തി വരികയുമാണ്.

കേന്ദ്ര ഏജന്‍സികളുടെ പരിശോധനകളില്‍ മനുഷ്യത്വപരമായ നിലപാടിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് സി ജെ റോയിയുടെ മരണം. ഒരു സ്ഥാപനത്തില്‍ നടത്തുന്ന റെയ്ഡ് ദിവസങ്ങളോളം നീണ്ടുപോകാതെ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുകയും സംരംഭകരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് സമ്മര്‍ദത്തിലാക്കുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം. രേഖകള്‍ ഡിജിറ്റലായി പരിശോധിക്കാന്‍ സൗകര്യമുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ഓഫീസുകളിലും സംരംഭകന്റെ വീടുകളിലും നിരങ്ങുന്നതെന്തിനാണ്? റെയ്ഡുകള്‍ പൂര്‍ണമായും ക്യാമറ നിരീക്ഷണത്തിലാക്കുകയും വേണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റം വിലയിരുത്താന്‍ ഇത് സഹായിക്കും.

Latest