ആത്മായനം
സമ്പത്ത് കളയരുതേ.............
"നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ധിപ്പിച്ച് തരും' എന്ന ദൈവിക സന്ദേശം സമ്പത്തിന്റെ ശരിയായ വിനിയോഗം കൂടുതൽ സാമ്പത്തിക ശേഷി കൈവരിക്കാൻ കഴിയുമെന്നും അതുവഴി ധാരാളം നന്മകൾക്ക് അവസരമുണ്ടാകുമെന്നും വെളിപ്പെടുത്തുന്നുണ്ട്. സമ്പത്തുണ്ടെന്ന് കരുതി അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.

പരിഭവത്തോടെ അവർ റസൂലിനരികെയെത്തി. “നബിയേ സമ്പന്നർ അവരുടെ പണം ചെലവഴിച്ച് അശരണരെയും അഗതി, അനാഥകളെയും സഹായിക്കുന്നു. അവര്‍ക്ക് വീട് വെച്ച് കൊടുക്കുന്നു. പള്ളികള്‍ നിര്‍മിക്കുന്നു. അങ്ങനെ വ്യത്യസ്ത സാമ്പത്തിക സഹായങ്ങൾ ചെയ്ത് അവര്‍ പാരത്രിക ജീവിതത്തിലേക്ക് സമ്പാദിക്കുകയാണ്. ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ലല്ലോ?’ ദയനീയമായ ആ സംസാരത്തോടുള്ള റസൂലിന്റെ പ്രതികരണമാണ് ഇന്നത്തെ ആത്മായനത്തിന്റെ കാതൽ.
“അവര്‍ക്ക് ലഭിച്ച സമ്പത്ത് അല്ലാഹുവില്‍ നിന്നുള്ള ഔദാര്യമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കും. നിങ്ങള്‍ അതില്‍ ആകുലരാകേണ്ടതില്ല.’
നോക്കൂ… സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണ്. അതിന്റെ വിനിയോഗം ഉത്തരവാദിത്വപൂർവം ശരിയായ ദിശയിലാവൽ നാമോരോരുത്തരുടെയും ബാധ്യതയാണ്. സമ്പത്തുണ്ടെന്ന് കരുതി അലക്ഷ്യമായി കൈകാര്യം ചെയ്യാൻ മതം അനുവദിക്കുന്നില്ല. കുട്ടികളുടെ കൈയിലോ ബുദ്ധി കുറഞ്ഞ ആളുകളുടെ കൈയിലോ ധനം ഏല്‍പ്പിച്ച് അത് നശിപ്പിക്കരുതെന്ന ഉപദേശം വിശുദ്ധ ഖുര്‍ആനിലുണ്ട്. കുട്ടികളുടെ/ബുദ്ധി പരിമിതരുടെ സമ്പത്തുകൾ തന്നെ ഭാവി ജീവിതത്തിലേക്ക് ഉപകരിക്കുംവിധം ഉത്തരവാദപ്പെട്ടവർ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
സമ്പത്ത് ജീവിതത്തിന്റെ അനിവാര്യ ഘടകം തന്നെയാണ്. സാമ്പത്തിക ഭദ്രത നമുക്ക് സ്വാശ്രയത്വം തരും. മറ്റുള്ളവർക്ക് മുമ്പിൽ നമ്മുടെ മാന്യത കാക്കും. കൂടുതൽ സമ്പാദിക്കുകയെന്നത് ഒരിക്കലും തെറ്റായ കാര്യമല്ല. എന്നാൽ, സമ്പാദ്യങ്ങളെല്ലാം സ്വർഗവഴിയിൽ ഉപകരിക്കുന്നതാകാനുള്ള അധിക ശ്രദ്ധ നമുക്കുണ്ടാകണം.
കോടീശ്വരനായ ഖാറൂനിന്റെ കഥ സൂറത്തുല്‍ ഖസ്വസ് വെളിപ്പെടുത്തുന്നുണ്ട്. സമ്പത്തുണ്ടായതിനെ തുടര്‍ന്ന് പാവപ്പെട്ടവരെ അവഗണിച്ച് അഹങ്കരിച്ച് നടന്നതുകാരണം അല്ലാഹു അയാള്‍ക്ക് കൊടുത്ത ശിക്ഷ കഠിനമായിരുന്നു. സമ്പത്തുകളോടൊപ്പം ഭൂമിക്കടിയിലേക്ക് പൂഴ്ത്തിക്കളയപ്പെട്ട തിക്താനുഭവം അയാൾക്കുണ്ടായി.
സമ്പദ് സമൃദ്ധികൾ പടികയറി വരുമ്പോൾ അത് തന്ന അല്ലാഹുവെ കുറിച്ചുള്ള ഓർമകൾ പടിയിറങ്ങിപ്പോകുന്ന അവസ്ഥ അപകടമാണ്. സമ്പാദിച്ചതത്രയും നരകത്തീയായി മാറുന്നതിനെക്കാൾ ഹതഭാഗ്യം മറ്റെന്താണ്?
സുലൈമാന്‍ നബി (അ) നബിമാരുടെ കൂട്ടത്തില്‍ വലിയ ധനികനായിരുന്നു. സ്വഹാബികളുടെ കൂട്ടത്തിലെ വലിയ സമ്പന്നനായിരുന്നു സഅ്ദ് (റ). ഔലിയാക്കളുടെ കൂട്ടത്തിലെ സമ്പന്നനായിരുന്നു മുഹ്‌യിദ്ദീന്‍ ശൈഖ് (റ). അവരൊക്കെയും അവരുടെ സമ്പത്തിനെ വിനിയോഗിക്കുന്നതിൽ ജാഗ്രത പാലിച്ചത് കൊണ്ട് ജീവിതത്തിൽ വിജയിച്ചു.
“നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ധിപ്പിച്ച് തരും’ എന്ന ദൈവിക സന്ദേശം സമ്പത്തിന്റെ ശരിയായ വിനിയോഗത്തിലൂടെ കൂടുതൽ സാമ്പത്തിക ശേഷി കൈവരിക്കാൻ കഴിയുമെന്നും അതുവഴി ധാരാളം നന്മകൾക്ക് അവസരമുണ്ടാകുമെന്നും വെളിപ്പെടുത്തുന്നുണ്ട്. ഉമറുല്‍ ഫാറൂഖ് (റ) വലിയ സമ്പന്നനായിരുന്നു. കച്ചവടത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുമ്പോള്‍ നബി (സ) യുടെ പല സദസ്സുകളിലും പങ്കെടുക്കാന്‍ കഴിയാതെ വന്നു. അവിടുന്ന് തന്റെ കച്ചവടത്തിലേക്ക് ഒരാളെ കൂടി പങ്കാളിയാക്കി. ഒരു ദിവസം അയാള്‍ കച്ചവടത്തിന് പോകും. അന്ന് ഉമര്‍ (റ) നബിയോടൊപ്പം സദസ്സുകളിൽ പങ്കെടുക്കും. വൈകുന്നേരം സുഹൃത്ത് കച്ചവടം കഴിഞ്ഞ് തിരിച്ചുവന്നാല്‍ തിരുനബിയിൽ നിന്ന് കേട്ട സംഭവങ്ങളെല്ലാം പറഞ്ഞു കൊടുക്കും, പിറ്റേന്ന് ഉമർ(റ) കച്ചവടത്തിനിറങ്ങും. പങ്കാളി തിരുനബിയിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ ഉമറിന് (റ) കൈമാറും.
സാമ്പത്തിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും ആത്മീയ – വൈജ്ഞാനിക വിചാരങ്ങൾ മാറ്റിവെക്കാത്ത സ്വഭാവം നമുക്കവിടുത്തെ ജീവിതത്തിൽ നിന്ന് പഠിക്കാൻ കഴിയും. നാൾക്കുനാൾ വർധിക്കുന്ന ഉപഭോഗ സംസ്കാരത്തിന്റെ കുത്തൊഴുക്കിൽ പെട്ടു പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അത്യാവശ്യമുള്ളതിന് മാത്രം ചെലവഴിക്കുന്ന രീതി ശീലിക്കണം. നഗരങ്ങളെ കീഴടക്കുന്ന വൈവിധ്യങ്ങളായ ഭക്ഷണ വിപണികൾ സജീവമാകുന്നതോടൊപ്പം ആതുര മേഖലയുടെ പുരോഗതി കൂടി സാധ്യമാകുന്നുണ്ട്. കണ്ടതെല്ലാം വലിയ പണം ചെലവാക്കി വാങ്ങിക്കഴിച്ച് ശരീരത്തിന് ഇതുവരെ കേൾക്കാത്ത രോഗങ്ങൾ വാങ്ങി കൊടുത്ത് ആശുപത്രികളിൽ വൻതുക ചെലവിടേണ്ട ഗതികേടുകളൊക്കെയും സമ്പത്തിന്റെ ദുർവിനിയോഗം കൊണ്ട് സംഭവിക്കുന്നതാണ്. ഗതാഗത നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ പെറ്റിയടിക്കുന്നതും സാമ്പത്തിക ദുർവിനിയോഗത്തിന്റെ മറ്റൊരുദാഹരണമാണ്.
സമ്പത്തുള്ളവരുടെ ലക്ഷ്യം ബലഹീനരുടെ പുരോഗതിയാകണമെന്നാണ് ഇസ്്ലാമിന്റെ നിർദേശം. ആ ലക്ഷ്യ പൂര്‍ത്തീകരണത്തിന് വഴിയൊരുക്കാനാണ് മതം സകാത്ത് നിര്‍ബന്ധമാക്കിയത്. സകാത്തിന്റെ അവകാശികള്‍ക്ക് ഉപയോഗപ്പെടുന്ന രൂപത്തില്‍ സകാത് നല്‍കാന്‍ കൊടുക്കുന്നവര്‍ ശ്രദ്ധിക്കണം. ഉപജീവന മാര്‍ഗത്തിന് ഉപകരിക്കുന്ന രൂപത്തിലുള്ള തുക സകാതായി നല്‍കാന്‍ കഴിഞ്ഞാല്‍ അത് വളരെ ഗുണമുള്ളതാകും. ആ തുക ഉപയോഗിച്ച് പണിയായുധങ്ങള്‍ വാങ്ങിയോ കച്ചവടം തുടങ്ങിയോ മറ്റോ പാവപ്പെട്ടവർക്ക് സ്വാശ്രയത്വം ഉണ്ടാകും. ഒരു രാജ്യത്തിന്റെ തന്നെ പുരോഗതിക്ക് അത് കാരണമാവുകയും ചെയ്യും.
സ്വദഖ, ഹദ്‌യ തുടങ്ങി വ്യത്യസ്തമായ ദാനധർമങ്ങളിലൂടെ നമ്മുടെ സമ്പാദ്യത്തെ ശുദ്ധീകരിച്ചുകൊണ്ടിരിക്കണം. ചെലവാക്കുന്ന ഓരോ തുണ്ട് നാണയത്തെ കുറിച്ചും ചോദിക്കപ്പെടുമെന്ന വിചാരത്തെ അകമേ ഊട്ടിയുറപ്പിക്കണം.