Connect with us

ആത്മായനം

ഹൃദയ നൂലുകൾ അറ്റുപോകരുത്

ആരാധനകളിലും സേവന പ്രവർത്തനങ്ങളിലുമായി എത്ര വിയർപ്പൊഴുക്കിയാലും ബന്ധം മുറിച്ചവന്റെ കർമങ്ങൾ നിഷ്ഫലമായിരിക്കും. കുടുംബവുമായി അകന്ന് കഴിയുന്നവരുണ്ടാകുമ്പോൾ നല്ല സദസ്സുകൾക്ക് പോലും അതിന്റെ പവിത്രത നഷ്ടപ്പെടുമെന്ന കാര്യം ആ തെറ്റിന്റെ സംഹാരശേഷിയെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Published

|

Last Updated

ഴിഞ്ഞ ദിവസം ഏറെ സന്തോഷമുള്ളൊരു കാര്യമുണ്ടായി. അറുപത് വർഷം മുന്നേ ഏതോ സാഹചര്യത്തിൽ ഗ്രാമം വിട്ട് പോയ ഒരു സഹോദരന്റെ തിരിച്ചുവരവായിരുന്നു അത്. അബ്ദുല്ലക്ക തന്റെ വീട്ടുകാരോടൊപ്പം കുടുംബത്തിന്റെ അറുന്നുപോവാത്ത സ്നേഹത്തെ ഊഷ്മളമായി പുതുക്കി. പഴയതിനെ ബാക്കിയാക്കാതെ നാട് അടിമുടി മാറിയിട്ടുണ്ട്, ഏറെക്കുറെ മനുഷ്യരും. പക്ഷേ, അവരുടെ ഇഴയടുപ്പത്തിന്റെ മധുരം മാത്രം മാറാതെ അവശേഷിച്ചു. നാട് മുഴുക്കെ ആ സന്തോഷത്തെ പങ്കിട്ടു.

കുടുംബ ബന്ധം വിളക്കിച്ചേർക്കുകയെന്നത് നല്ല മനുഷ്യരുടെ സംസ്കാരമാണ്. അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ സങ്കുചിതാരിഷ്ടങ്ങൾ തേടി നടക്കുന്ന വർത്തമാനകാലത്ത് അതേ കുറിച്ചുള്ള സംസാരം ഏറെ പ്രസക്തവുമാണ്. കുടുംബങ്ങൾക്കിടയിലെ കണ്ണി വിഛേദിക്കൽ പുതിയ സംസ്കാരങ്ങൾക്കൊപ്പം കയറി വന്ന വൃത്തിഹീന സ്വഭാവമാണ്. ഞാനും ഭാര്യയും മക്കളും എന്നതിൽ കവിഞ്ഞ് മറ്റാരുമായും ബന്ധമില്ലാത്ത അപകട സാഹചര്യം പലയിടത്തുമുണ്ട്. ഏറെ അടുത്ത കുടുംബങ്ങളെ പോലും പരസ്പരം അറിയാതാവുന്ന സ്ഥിതിവിശേഷമുണ്ട്. അതുകൊണ്ട് പലരേയും പരിഗണിക്കേണ്ടതെങ്ങനെ എന്നു പോലും തലമുറകൾക്കറിയില്ല.

കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബത്തിലേക്കും അവിടെ നിന്ന് ഡിജിറ്റൽ നിഗൂഢതയിലേക്കുമുള്ള അതിദ്രുത മാറ്റം കുടുംബ ബന്ധമെന്ന സോഷ്യൽ ഫാബ്രികിനെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വന്തം മാതാപിതാക്കളോട് പോലുമുള്ള ഹൃദ്യമായ ബന്ധം അറ്റു തൂങ്ങുന്നുണ്ട്. പരിഹരിച്ചേ പറ്റൂ. കാരണം, കുടുംബ ബന്ധം ചേർക്കാത്തവർ വിശ്വാസികളിൽപ്പെട്ടവനല്ല. കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപ്പിച്ചത് (ബന്ധങ്ങൾ) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവർ’ (റഅ്ദ്: 21) എന്നാണ് വിശ്വാസികളെ ഖുർആൻ പരിചയപ്പെടുത്തിയത്.

അബൂഹുറൈറ(റ) രേഖപ്പെടുത്തുന്ന ഹദീസ് കൂടി വായിക്കാം: നബി(സ) പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അഥിതിയെ ആദരിക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബബന്ധം ചേർക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ നല്ലത് സംസാരിക്കട്ടെ. അല്ലെങ്കിൽ മൗനമായിരിക്കട്ടെ’ (ബുഖാരി). വിശ്വാസിയുടെ വിലാസത്തെ പഠിപ്പിച്ചതോടൊപ്പം ബന്ധം വിഛേദിക്കുന്നവരോടുള്ള കർശന നിലപാടും മതം വ്യക്തമാക്കുന്നുണ്ട്. “എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു എന്ന സൂറ: റഅദിന്റെ മുന്നറിയിപ്പും കുടുംബങ്ങൾക്കിടയിലെ ഹൃദയ നൂലുകൾ അറ്റു പോകുന്നതിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന സൂറ: നിസാഇന്റെ ജാഗ്രതയും അതിഗൗരവത്തിൽ നെഞ്ചേറ്റണം. കുടുംബഛേദി ഇഹലോകത്തും പരലോകത്തും പ്രതിസന്ധികൾ അനുഭവിക്കുന്നവനാണ്.

മൂർച്ചയുള്ള ഒരു ഹദീസിതാ “പാരത്രിക ലോകത്തേക്ക് കരുതി വെച്ച ദുരന്തത്തോടൊപ്പം ഭൗമിക ലോകത്ത് അതിവേഗം ശിക്ഷക്കിരയാക്കാൻ ശേഷിയുള്ള കുറ്റം അക്രമം പ്രവർത്തിക്കുന്നതിനേക്കാളും കുടുംബ ബന്ധം മുറിക്കുന്നതിനേക്കാളും മറ്റൊന്നില്ല’ (തിർമുദി) യാ..അല്ലാഹ് സ്വൈര്യജീവിതത്തിന് വേണ്ടിയാകും ചിലർ ബന്ധം മുറിച്ചത്. പക്ഷേ, ആ പ്രവൃത്തി നിന്റെ ഉറക്കം കെടുത്തുന്ന ശല്യമായി തീരുകയാണ് ചെയ്യുക. അതാണ് ഈ ഹദീസ് പറയുന്നതും. അസൂയ, ദുരഭിമാനം, അഹങ്കാരം തുടങ്ങിയ അപക്വമായ കാഴ്ചപ്പാടുകൾ കൊണ്ട് കുടുംബത്തെ അകറ്റിയവൻ ജീവിതത്തിൽ തീ കോരിയിടുകയാണ് ചെയ്യുന്നത്.

ആരാധനകളിലും സേവന പ്രവർത്തനങ്ങളിലുമായി എത്ര വിയർപ്പൊഴുക്കിയാലും ബന്ധം മുറിച്ചവന്റെ കർമങ്ങൾ നിഷ്ഫലമായിരിക്കും. കുടുംബവുമായി അകന്ന് കഴിയുന്നവരുണ്ടാകുമ്പോൾ നല്ല സദസ്സുകൾക്ക് പോലും അതിന്റെ പവിത്രത നഷ്ടപ്പെടുമെന്ന കാര്യം ആ തെറ്റിന്റെ സംഹാരശേഷിയെ ചൂണ്ടിക്കാട്ടുന്നുണ്ട്. “ഞങ്ങൾ തിരുദൂതർക്കൊപ്പം ഇരിക്കവേ അവിടുന്ന് പറഞ്ഞു: കുടുംബം മുറിച്ചവർ ഇവിടെ ഇരിക്കരുത്. കൂട്ടത്തിൽ നിന്ന് ഒരാൾ എഴുന്നേറ്റ് പോയി, അദ്ദേഹത്തിന്റെ ഉമ്മയുടെ സഹോദരിയുമായുണ്ടായ പിണക്കം പരിഹരിച്ച് തിരിച്ച് വന്നപ്പോൾ തിരുദൂതർ(സ) തുടർന്നു ” കുടുംബ ഛേദി കൂട്ടത്തിലുണ്ടായിരിക്കെ ഒരു ജനതയിലേക്കും അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങില്ല’ തിരു അനുചരരിൽ ഒരാളുടെ സാക്ഷ്യമാണിത്.

നോക്കൂ… എന്തൊരു സാമൂഹിക ദ്രോഹമാണ് അവൻ ചെയ്യുന്നത്. കാരണം ഒരാളുടെ വിഛേദം അയാളെ മാത്രമല്ല ബാധിക്കുന്നത്; അയാളുടെ ആശ്രിതർ, കൂട്ടുകാർ, ഇടപഴകുന്നവർ തുടങ്ങി നിരവധി പേരിലേക്ക് അതിന്റെ തിക്തഫലം വ്യാപിക്കും, പലർക്കിടയിലും വിദ്വേഷം ഇഞ്ചക്ട് ചെയ്യപ്പെടും. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ മൂന്നിടങ്ങളിൽ അത്തരം വ്യക്തികളെ അഭിശപ്തരായെണ്ണിയത്. കുടുംബഛേദം നിഷിദ്ധമാണ്; ചേർക്കൽ നിർബന്ധവും. എന്നാൽ നമ്മുടെ മതകീയ ജീവിതത്തെ തകർക്കുന്ന ബന്ധങ്ങൾ അപകടവുമാണ്. അത്തരക്കാരോട് അകൽച്ചയാണ് വേണ്ടത്. ആ ബന്ധം വലിയ ദുരന്തങ്ങൾ വരുത്തിവെക്കുന്നുവെന്നതാണ് കാരണം.

കുടുംബമെന്നത് പാവനമായ സാമൂഹിക വ്യവസ്ഥയാണ്. അതിനെ സംരക്ഷിക്കുകയെന്നത് ഏറെ മഹത്വമുള്ളതാണ്. വ്യക്തികളുടെ ബാധ്യതയുമാണ്. തിരുദൂതർ (സ)പറഞ്ഞില്ലേ: “കുടുംബബന്ധം എന്നുള്ളത് പരമകാരുണികനുമായുള്ള ബന്ധത്തിന്റെ അടിവേരാകുന്നു. അല്ലാഹു പറഞ്ഞു: ആരെങ്കിലും നിന്നെ (കുടുംബബന്ധത്തെ) ചേർത്താൽ ഞാൻ അവനെയും ചേർക്കുന്നതാണ്, ആരെങ്കിലും നിന്നെ (കുടുംബ ബന്ധത്തെ) മുറിച്ചുകളഞ്ഞാൽ ഞാൻ അവനെയും മുറിച്ചു കളയുന്നതാണ് (ബുഖാരി). ഇരട്ടിയായ പ്രതിഫലങ്ങളും ജീവിതാഹ്ലാദങ്ങളും സമ്പൽ സമൃദ്ധിയും ദീർഘായുസ്സും പാപമോചനവും സ്വിറാതിലെ അതി വേഗവും സ്വർഗ പ്രവേശനവും തുടങ്ങി ബൃഹത്തായ നന്മകളാണ് കുടുംബ ബന്ധം ചേർക്കലിലൂടെ വിശ്വാസികൾക്ക് അല്ലാഹു നൽകുന്നത്. സംസാരിച്ചും കത്തയച്ചും സന്ദർശിച്ചും വിരുന്നൊരുക്കിയും സന്തോഷങ്ങളിലും ദുഃഖങ്ങളിലും കൂടെ നിന്നും നമ്മുടെ കണ്ണികളെ ശക്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കണം. മതകീയ അച്ചടക്കങ്ങൾ പാലിച്ച് പാരസ്പര്യങ്ങളെ റീ കണക്ട് ചെയ്യാൻ നമ്മളുണ്ടാകുമെന്നുറപ്പിക്കുക.

 

 

Latest