Editorial
മലപ്പുറം ജില്ലയുടെ വിഭജനം അനിവാര്യം
ജില്ലാ വിഭജനത്തിന്റെ അനിവാര്യത സംസ്ഥാന സര്‍ക്കാറിനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും നല്ല ബോധ്യവുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍.വര്‍ഷാന്തം വിവിധ ആവശ്യങ്ങള്‍ക്ക് കോടികള്‍ ചെലവിടുന്ന സര്‍ക്കാര്‍, മലപ്പുറത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ തുക ചെലവിടുന്നതില്‍ കാണിക്കുന്ന വിമ്മിഷ്ടം ദുരൂഹമാണ്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കേരളയാത്ര ബുധനാഴ്ച മലപ്പുറം ജില്ലയിലേക്ക് കടന്നപ്പോള്‍ ഉന്നയിച്ച മുഖ്യ ആവശ്യം ജില്ലയുടെ വിഭജനമാണ്. തീര്‍ത്തും പ്രസക്തവും സംസ്ഥാന ഭരണകൂടം അനിവാര്യമായി പരിഗണിക്കേണ്ട ആവശ്യവുമാണിത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തുന്നത് ഒരു ജില്ലയിലെ ജനസംഖ്യയെ കൂടി ആശ്രയിച്ചാണ്. ജനസംഖ്യ ഉയരുമ്പോള്‍ സേവനങ്ങള്‍ ജനങ്ങളിലെത്താന്‍ വൈകും. കേരളത്തിലെ ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ 1990കളുടെ അവസാനത്തില്‍ നിയമിതനായ എം എസ് ജോസഫ് അധ്യക്ഷനായ സമിതിയും വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കരണ സമിതിയും ചൂണ്ടിക്കാട്ടിയതാണ് ഇക്കാര്യം. ജനസംഖ്യ കൂടുതലുള്ള ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ലകള്‍ രൂപവത്കരിക്കുകയാണ് ഭരണ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗമെന്ന് സമിതികള്‍ നിര്‍ദേശിക്കുകയുണ്ടായി.
1969ലാണ് മലപ്പുറം ജില്ല രൂപവത്കൃതമായത്. അന്ന് 13.49 ലക്ഷമായിരുന്നു ജില്ലയിലെ ജനസംഖ്യ. 2011ലെ സെന്‍സസ് അനുസരിച്ച് 41.12 ലക്ഷമാണ്. ആധാര്‍ എന്റോള്‍മെന്റും പ്രൊജക്ഷനുകളും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ പ്രകാരം 46.5 ലക്ഷം വരും ജില്ലയിലെ 2024-25ലെ ജനസംഖ്യ. രൂപവത്കരണ കാലത്തെ അപേക്ഷിച്ച് 3.3 മടങ്ങാണ് വര്‍ധന. അതേസമയം കോട്ടയം ജില്ലയില്‍ മലപ്പുറത്തിന്റെ പകുതിയില്‍ താഴെയാണ് ജനസംഖ്യ. 20.50 ലക്ഷം. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ ജനസംഖ്യ യഥാക്രമം 12 ലക്ഷവും 11.5 ലക്ഷവും 8.5 ലക്ഷവുമാണ്. വയനാട് ജില്ലയേക്കാള്‍ ഏകദേശം അഞ്ചര മടങ്ങ് വരും മലപ്പുറത്തെ ജനസംഖ്യ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലെ ആകെ ജനസംഖ്യ കൂട്ടിയാല്‍ പോലും മലപ്പുറത്തേക്കാള്‍ കുറവാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ പതിനാല് ശതമാനം (ഏഴിലൊന്ന്) മലപ്പുറത്താണ്. എന്നിട്ടും ജില്ലയിലെ ഭരണ സംവിധാനങ്ങള്‍ പഴയപടി തുടരുന്നത് തികച്ചും നീതികേടല്ലേ?
ജില്ലാ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭരണകൂടം പല വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നത്. നേരത്തേ മെഡിക്കല്‍ കോളജുകളില്ലാത്ത എല്ലാ ജില്ലകളിലും ഓരോ കോളജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് 8.5 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 12 ലക്ഷം ജനസംഖ്യയുള്ള ഇടുക്കിക്കും 47 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ലഭിച്ചത് ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ മലപ്പുറത്തിന് നാലോ അഞ്ചോ മെഡിക്കല്‍ കോളജുകള്‍ക്ക് അര്‍ഹതയുണ്ട്. ജില്ല വിഭജിക്കപ്പെട്ടിരുന്നുവെങ്കില്‍ ചുരുങ്ങിയത് രണ്ട് മെഡിക്കല്‍ കോളജുകളെങ്കിലും ലഭിക്കുമായിരുന്നു.
ജനസംഖ്യാനുപാതികമായി വിലയിരുത്തുമ്പോള്‍ വികസന ഫണ്ടിലും സര്‍ക്കാര്‍ തസ്തികകളിലും (സ്റ്റാഫ് സ്ട്രെംഗ്ത്) വിവേചനം നേരിടുന്നുണ്ട് മലപ്പുറം ജില്ല. സര്‍ക്കാര്‍ ഫണ്ടുകളിലെ ആളോഹരി വിഹിതം ഏറ്റവും കുറവ് മലപ്പുറത്താണ്. വിദ്യാഭ്യാസ മേഖലയില്‍ ഇത് വളരെ പ്രകടം. മലപ്പുറത്തെ എസ് എസ് എല്‍ സി വിജയികളില്‍ നല്ലൊരു പങ്കും പ്ലസ് വണ്‍ സീറ്റ് കിട്ടാതെ വലയുന്നത് ഓരോ വിദ്യാഭ്യാസ വര്‍ഷത്തെയും പതിവു സംഭവമാണ്. കലക്ടറേറ്റുകളിലും മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും തസ്തികകള്‍ അനുവദിക്കുന്നത് ജനസംഖ്യാ അടിസ്ഥാനത്തിലല്ല. ഭരണപരമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് ജനസംഖ്യ കൂടുതലുള്ള ജില്ലകളില്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും ജനങ്ങള്‍ക്ക് സേവന ലഭ്യത വൈകിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ജില്ലാ വിഭജനം നടന്നാല്‍ പുതിയ ജില്ലാ പഞ്ചായത്ത് വഴി കൂടുതല്‍ കേന്ദ്ര-സംസ്ഥാന വികസന ഫണ്ടുകള്‍ എത്തും. പുതിയ കലക്ടറേറ്റ് ഓഫീസും നൂറുകണക്കിന് തസ്തികകളും സൃഷ്ടിക്കപ്പെടുകയും സേവനം കൂടുതല്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തുകയും ചെയ്യും. ജില്ലയെ വിഭജിക്കാതെ നിലവിലെ സാഹചര്യം തുടരുന്നത് മലപ്പുറത്തെ ഓരോ പൗരനും ലഭിക്കേണ്ട അര്‍ഹമായ വിഹിതം നിഷേധിക്കലാണ്. ഇതടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂക്ഷ്മമായി പഠിച്ചു കൊണ്ടുള്ള ജില്ലാ പുനഃസംഘടനയാണ് വേണ്ടതെന്നും മലപ്പുറം ജില്ലക്കാരുടെ മൊത്തം വികാരമായി ഈ ആവശ്യത്തെ കാണണമെന്നും
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറിയും ജാഥാ ഉപനായകനുമായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
കേരള മുസ്‌ലിം ജമാഅത്ത് മാത്രമല്ല, മുസ്‌ലിം ലീഗ് നേതാവും തിരൂര്‍ എം എല്‍ എയുമായ കുറുക്കോളി മൊയ്തീന്‍, പി വി അന്‍വര്‍ തുടങ്ങി പലരും മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ വിഭജനത്തിന്റെ അനിവാര്യത സംസ്ഥാന സര്‍ക്കാറിനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും നല്ല ബോധ്യവുമുണ്ട്. സംഘ്പരിവാര്‍ ഇതിനെ വര്‍ഗീയമായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തുമെന്ന ആശങ്കമൂലം സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍. പുതിയ കലക്ടറേറ്റ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ആശുപത്രി, കോടതികള്‍ തുടങ്ങി പുതിയ ജില്ലാ സംവിധാനങ്ങള്‍ക്ക് ശതകോടികള്‍ ചെലവ് വരും. നിലവിലെ സാഹചര്യത്തില്‍ ഇത് താങ്ങാനാകുന്നതല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ജില്ല വിഭജിക്കുന്നത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ കൂടുതല്‍ കരുത്ത് നല്‍കുമോ എന്ന ഭയവുമുണ്ട് ചിലര്‍ക്ക്.
വര്‍ഷാന്തം വിവിധ ആവശ്യങ്ങള്‍ക്ക് കോടികള്‍ ചെലവിടുന്ന സര്‍ക്കാര്‍, മലപ്പുറത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ തുക ചെലവിടുന്നതില്‍ കാണിക്കുന്ന വിമ്മിഷ്ടം ദുരൂഹമാണ്. വികസന രംഗത്തെ അസന്തുലിതാവസ്ഥ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യനീതിക്കും തുല്യതക്കും കടകവിരുദ്ധമാണെന്ന കാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.



