Connect with us

articles

വിലയിടിഞ്ഞ മോദി ഗ്യാരണ്ടി

ഹോര്‍ഡിംഗുകളിൽ "മോദി ഗ്യാരണ്ടി' നിറഞ്ഞു നില്‍ക്കുമ്പോള്‍ കഴിഞ്ഞ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്ന പോസ്റ്റ്മോര്‍ട്ടം അനിവാര്യമാണ്.

Published

|

Last Updated

ബി ജെ പി ഇപ്പോള്‍ പുറത്തിറക്കിയ പ്രകടനപത്രിക ജനങ്ങളെ പതിവ് പോലെ കബളിപ്പിക്കാനുള്ള വിശ്വവിഖ്യാതമായ നുണകളാണെന്ന് ഒരാവര്‍ത്തി കണ്ണോടിച്ചാല്‍ കാണാം. ‘വികസിത് ഭാരത്’ എന്ന പ്രകടനപത്രികയില്‍ സ്ത്രീ, യൂത്ത്, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരുടെ വികസനം എന്നാണ് പറയുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക, പാചക വാതകം (ഗെയ്ല്‍) എല്ലാ വീടുകളിലും എത്തിക്കുക, സൗജന്യ വൈദ്യുതിക്ക് പുറമെ കര്‍ഷകര്‍ക്ക് 6,000 രൂപ കൊല്ലം തോറും നല്‍കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് വരുത്തുക എന്നിങ്ങനെ ആകര്‍ഷകം എന്ന് തോന്നാവുന്ന എന്തൊക്കെ ഉണ്ടോ അതൊക്കെ ഇതില്‍ പെരുമ്പറയടിക്കുന്നു.

പൗരത്വ നിയമം എന്തായാലും നടപ്പാക്കുമത്രെ. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 15 ലക്ഷം നിര്‍ദേശങ്ങളില്‍ നിന്നാണ് വലിയൊരു പുസ്തകം തന്നെ മാനിഫെസ്റ്റോ ആക്കി ഇറക്കിയത്.
2019ലെ പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കി എന്നൊരു പെരും നുണയും ഇതോടൊപ്പമുണ്ട്. ഹോര്‍ഡിംഗുകളിലും ഗോഡി മാധ്യമങ്ങളിലും ‘മോദി ഗ്യാരണ്ടി’ നിറഞ്ഞു നില്‍ക്കുമ്പോള്‍ കഴിഞ്ഞ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്ന പോസ്റ്റ്മോര്‍ട്ടം അനിവാര്യമാണ്. അവ നടപ്പാക്കി എന്ന അവകാശവാദം എത്ര മാത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്.

നരേന്ദ്ര മോദിയും ബി ജെ പിയും കര്‍ഷകര്‍ക്കും അധ്വാനിക്കുന്ന മനുഷ്യര്‍ക്കും നല്‍കിയ പ്രകടനപത്രികാ വാഗ്ദാനങ്ങളില്‍ താങ്ങുവില തന്നെയാണ് മുഖ്യം. കഴിഞ്ഞ മാനിഫെസ്റ്റോയിലും താങ്ങുവില ഉണ്ടായിരുന്നു എന്നത് ജനം സൗകര്യപൂര്‍വം വിസ്മരിക്കും എന്നായിരിക്കും ധാരണ. എന്നാല്‍ കര്‍ഷകര്‍ അത് മറക്കുകയില്ല. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന മോദി ഗ്യാരണ്ടി 2014ലും 2019ലും വന്നിരുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില എന്ന ആകര്‍ഷകമായ 2014ലെയും 2019ലെയും ഉറപ്പ് നരേന്ദ്രമോദിയും ബി ജെ പിയും മാറ്റിമറിച്ചു. സി ടു + 50 ശതമാനം ഫോര്‍മുല അനുസരിച്ച് ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി കിട്ടണം മിനിമം താങ്ങുവില. കാര്‍ഷിക ഉത്പാദനത്തിന് ചെലവഴിച്ച പണം, വിത്ത്, രാസവളങ്ങള്‍, കീടനാശിനികള്‍, കൂലിപ്പണി, ഇന്ധനം, ജലസേചനം എന്നിവയോടൊപ്പം കൂലിയില്ലാത്ത കുടുംബ തൊഴിലാളികളുടെ ചെലവും വാടക, പലിശ, സ്ഥിര മൂലധന ആസ്തികളുടെ മൂല്യത്തകര്‍ച്ച എന്നിവയും ചേര്‍ത്താണ് മിനിമം താങ്ങുവില നിശ്ചയിക്കുക. മൊത്തം ചെലവിന്റെ അമ്പത് ശതമാനം കൂടി ചേര്‍ത്താണ് മിനിമം താങ്ങുവില നിശ്ചയിക്കുക എന്നായിരുന്നു അന്നത്തെ ഒരു ഉറപ്പ്. എന്നാല്‍, മോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം, മിനിമം താങ്ങുവില തീരുമാനിക്കാനാകില്ലെന്നും അങ്ങനെ വന്നാല്‍ വിപണിയില്‍ തിരിച്ചടിയുണ്ടാകുമെന്നുമാണ്.

ആന്ധ്രാപ്രദേശ്, ബിഹാര്‍, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ നെല്ലിന്റെ ഉത്പാദനച്ചെലവ് കമ്മീഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസസ് തീരുമാനിച്ചതിനേക്കള്‍ വളരെ കൂടുതലാണ്. നെല്ലിന് സി എ സി പി പറയുന്ന സി ടു ചെലവ് (ക്വിന്റലിന് 1,911 രൂപ) കണക്കിലെടുത്താല്‍ സി ടു + 50 ശതമാനം അനുസരിച്ച് ക്വിന്റലിന് 2,866.5 രൂപ കിട്ടണം. എന്നാല്‍, മിനിമം താങ്ങുവില 2,183 രൂപ മാത്രമാണ്.
2011ല്‍ ഒരു കിലോ റബ്ബറിന് 230 രൂപ കിട്ടിയിരുന്നു. ഇപ്പോഴിത് 175 രൂപയായി ഇടിഞ്ഞു. നേരത്തേ 124 രൂപ വരെ താഴോട്ട് പോയിരുന്നു. ഒരു ഹെക്ടര്‍ തോട്ടമുള്ള കര്‍ഷകന്‍ ശരാശരി 1,000 കിലോ റബ്ബര്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കിട്ടേണ്ട 2,30,000 രൂപ 2023ല്‍ 1,24,000 രൂപയായി കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോള്‍ 1,75,000 രൂപയായി നില്‍ക്കുന്നു.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കനുസരിച്ച് 2014നും 2023നുമിടയില്‍ ദിവസ വേതനക്കാരായ 3,12,214 പേര്‍ ആത്മഹത്യയില്‍ അഭയം തേടി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആത്മഹത്യയുടെ കണക്കുകള്‍ മൂടിവെക്കുകയോ വ്യാജ കണക്കുകള്‍ കാണിക്കുകയോ ആണ് ചെയ്തത്. സ്ത്രീ-പുരുഷ കര്‍ഷകര്‍, തൊഴിലാളികള്‍, ഭൂരഹിതര്‍, പാട്ടകൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ ആത്മഹത്യാ കണക്ക് ചേര്‍ക്കാത്തതാണ് ബി ജെ പി സംസ്ഥാനങ്ങളുടെ പട്ടിക. സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലമുണ്ടായ മനുഷ്യദുരന്തമായിരുന്നു ഇത്തരം ആത്മഹത്യകള്‍.

2016 ഫെബ്രുവരി 28ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസം നരേന്ദ്ര മോദി മറ്റൊരു വാഗ്ദാനം നല്‍കി. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. സിറ്റ്വേഷന്‍ അസെസ്മെന്റ് സര്‍വേ ഓഫ് അഗ്രികള്‍ച്ചറല്‍ ഹൗസ്ഹോള്‍ഡ്സ് 2021ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം 2018-2019ല്‍ കര്‍ഷക കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 10,218 രൂപ മാത്രമായിരുന്നു. വാര്‍ഷിക വരുമാനം 1,22,616 രൂപ. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പ്രകാരം 2022ല്‍ ലഭിക്കേണ്ടിയിരുന്നത് 2,71,378 രൂപയായിരുന്നു. ഒന്നും സംഭവിച്ചില്ല. കര്‍ഷകര്‍ കൂടുതല്‍ ദരിദ്രരായി മാറി. കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകരുടെ എണ്ണം പിന്നെയും കൂടി.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് 200 ദിവസത്തെ ജോലി, ഉയര്‍ന്ന വേതനം എന്ന ഗ്യാരണ്ടിക്ക് എന്താണ് സംഭവിച്ചത്? മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിച്ചുരുക്കി. 2014-2015 വര്‍ഷത്തില്‍ മൊത്തം ബജറ്റ് വിഹിതത്തിന്റെ 1.85 ശതമാനമായിരുന്നു ഇതെങ്കില്‍ 2023-2024 സാമ്പത്തിക വര്‍ഷം 1.33 ശതമാനമായി കുറഞ്ഞു. 100 ദിവസം തൊഴില്‍ നടപ്പാക്കാന്‍ രണ്ട് ലക്ഷം കോടി രൂപയാണ് ആവശ്യം. എന്നാല്‍, 2023-2024ല്‍ 60,000 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനത്തിന്റെ കുറവ്. 2023ലെ പുതുക്കിയ എസ്റ്റിമേറ്റില്‍ ഇത് 86,000 കോടി രൂപയായിരുന്നു. 2024-25ലെ എസ്റ്റിമേറ്റില്‍ വര്‍ധിപ്പിച്ചുമില്ല. ഈ വകയില്‍ പശ്ചിമ ബംഗാളിന് മാത്രം 7,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുണ്ട്. ലിബ് ടെക് ഇന്ത്യയുടെ കണക്ക് പ്രകാരം കഴിഞ്ഞ 21 മാസത്തില്‍ 7.6 കോടി തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകയുണ്ടായി. ആകെ 240 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി. 100 തൊഴില്‍ ദിവസങ്ങള്‍ എന്ന പദ്ധതി വാഗ്ദാനം കടലാസിലൊതുങ്ങി.

മറ്റൊരു മോദി ഗ്യാരണ്ടി എല്ലാ കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് സുരക്ഷ എന്നതായിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് നിഷേധിക്കപ്പെടുകയും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വന്‍ ലാഭം കൊയ്യുകയും ചെയ്തു. പദ്ധതി തികഞ്ഞ പരാജയമായിരുന്നു. ആന്ധ്ര, തെലങ്കാന, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മോദിയുടെ സ്വന്തം ഗുജറാത്ത് അടക്കം ഏഴ് വലിയ സംസ്ഥാനങ്ങള്‍ വലിയ ചെലവും കുറഞ്ഞ ക്ലെയിമും ചൂണ്ടിക്കാട്ടി പദ്ധതി ഉപേക്ഷിച്ചു.

എല്ലാ കൃഷിയിടങ്ങള്‍ക്കും ജലസേചന സൗകര്യം എന്നതായിരുന്നു മോദി സര്‍ക്കാറിന്റെ വേറൊരു ഗ്യാരണ്ടി. 2015ല്‍ നിലവില്‍ വന്ന പ്രധാനമന്ത്രിയുടെ അഗ്രികള്‍ച്ചര്‍ ഇറിഗേഷന്‍ സ്‌കീം (പി എം കെ എസ് വൈ) അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയും ഒരു വര്‍ഷം കൊണ്ട് 10,000 കോടി രൂപയും ചെലവഴിച്ച് എല്ലാ കൃഷിയിടങ്ങളിലേക്കും ജലസേചനം ഉറപ്പുവരുത്തും എന്നായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം. 2026 വരെ നീട്ടിയിട്ടും ഓരോ വര്‍ഷവും 10,000 കോടിയില്‍ കുറവായിരുന്നു വിഹിതം. മുമ്പുണ്ടായിരുന്ന ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം, കമാന്‍ഡ് ഏരിയ ഡെവലപ്മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ്, സബ്സിഡി ഫോര്‍ മൈക്രോ ഇറിഗേഷന്‍ എന്നീ പദ്ധതികള്‍ യോജിപ്പിച്ചാണ് പുതിയ പദ്ധതിയാക്കി അവതരിപ്പിച്ചത്.

ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനഫിറ്റ് പ്രോഗ്രാമിന്റെ 76 ലക്ഷം ഹെക്ടര്‍ സ്ഥലത്തിനു വേണ്ട ജലസേചനം നടപ്പാക്കുന്ന 99 പ്രൊജക്ടുകള്‍ 2019നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ 2016നും 2022നും ഇടയില്‍ 24 ലക്ഷം ഹെക്ടറില്‍ മാത്രമാണ് ജലസേചനം നടപ്പാക്കിയത്. ചെറുകിട ജലസേചന ഉപകരണങ്ങള്‍ നല്‍കാനുള്ള പദ്ധതിയും നടക്കുന്നില്ല. 2015-20 കാലത്ത് ഓരോ തുള്ളിയിലും കൂടുതല്‍ വിള എന്ന പദ്ധതിയനുസരിച്ച് ചെറുകിട ജലസേചന സാങ്കേതിക വിദ്യകളിലൂടെ 10 മില്യണ്‍ ഹെക്ടറില്‍ ജലസേചനം എത്തിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ 2022 ആയിട്ടും 6.2 മില്യണ്‍ ഹെക്ടര്‍ മാത്രമാണ് ഈ പദ്ധതിക്കു കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്.

ഇന്ത്യയില്‍ ഇപ്പോഴും കൃഷിയിടങ്ങളില്‍ ആവശ്യത്തിന് വെള്ളമെത്തുന്നില്ല. 2015 മുതല്‍ 2021 വരെ ഇന്ത്യയിലെ 35 മില്യണ്‍ ഹെക്ടറിലധികം ഭൂമിയില്‍ വരള്‍ച്ചയും ഉത്പാദനത്തില്‍ ഇടിവും നേരിട്ടു. 1876ന് ശേഷം ദക്ഷിണേന്ത്യ നേരിട്ട എറ്റവും വലിയ വരള്‍ച്ചയായിരുന്നു 2016ലേത്. ‘ഹര്‍ ഖേത് കോ പാനി’ എന്ന മോദി ഗ്യാരണ്ടി മറ്റൊരു വലിയ തട്ടിപ്പായിരുന്നുവെന്നര്‍ഥം. 60 വയസ് തികഞ്ഞ എല്ലാ കര്‍ഷകര്‍ക്കും 3,000 രൂപ പെന്‍ഷന്‍ എന്ന മോദി ഗ്യാരണ്ടിയും നടന്നില്ല. 18-40 പ്രായക്കാരായ കര്‍ഷകര്‍ക്കുള്ള കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീം പ്രകാരം ഒരു കര്‍ഷകന് പോലും പണം ലഭിച്ചിട്ടില്ല. 22 ലക്ഷം കര്‍ഷകരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വില സ്ഥിരപ്പെടുത്തലടക്കം മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച മറ്റെല്ലാ ഗ്യാരണ്ടികളും വമ്പന്‍ പരാജയത്തിലാണ് കലാശിച്ചത്. പാവപ്പെട്ടവര്‍ വന്‍ പ്രതിസന്ധി നേരിടുമ്പോഴും മോദി സര്‍ക്കാറിന്റെ കാര്‍ഷിക മന്ത്രാലയം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടി രൂപയിലേറെയാണ് ബജറ്റ് വിഹിതത്തില്‍ നിന്ന് വെട്ടിക്കുറച്ചത്. ഇതുകൂടാതെ കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് വത്കരിക്കാനും സര്‍ക്കാര്‍ നിയന്ത്രിത വിപണി ഇല്ലാതാക്കാനും കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരികയാണ് ബി ജെ പി ചെയ്തത്. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണ നീക്കവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് വര്‍ഷമായിട്ടും ഇക്കൊല്ലത്തെ ഇടക്കാല ബജറ്റില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥക്കും കാര്‍ഷിക മേഖലക്കും അനുബന്ധ മേഖലകള്‍ക്കുമുള്ള വിഹിതം 81,000 കോടി രൂപ വെട്ടിക്കുച്ചു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ കോര്‍പറേറ്റുകളും ബി ജെ പി സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങളും തമ്മിലുള്ള നിഗൂഢ ഇടപാടുകള്‍ വെളിവാക്കുന്നുണ്ട്. .

കര്‍ഷക മാര്‍ച്ച് ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ദേശീയപാതയില്‍ കിടങ്ങുകള്‍ കുഴിച്ചതും ജലപീരങ്കികളും പെല്ലറ്റ് തോക്കുകളും റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ഗ്യാസും പ്രയോഗിച്ചതും വൈദ്യുതിയും ഇന്റര്‍നെറ്റും വെള്ളവും വിഛേദിച്ചുകൊണ്ട് അവരെ അടിച്ചമര്‍ത്തിയതും കര്‍ഷകരും ദരിദ്ര ജനവിഭാഗങ്ങളും രാമക്ഷേത്രത്തിന്റെ തിളക്കത്തില്‍ മറക്കുമെന്ന് മോദി വിചാരിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായ 750 പേര്‍ക്ക് പുറമെ ഒരു മന്ത്രി പുത്രന്‍ കാര്‍ കയറ്റിക്കൊന്ന കര്‍ഷകരുമുണ്ട്. കോര്‍പറേറ്റ് കൊള്ളക്കും കോര്‍പറേറ്റ് വത്കരണത്തിനുമുള്ള ഗ്യാരണ്ടിയാണ് മോദി ഗ്യാരണ്ടി എന്ന് രാജ്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

Latest