Connect with us

Kerala

വിദ്വേഷ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുക: കാന്തപുരം

പ്രതിസന്ധി ഘട്ടങ്ങളെ വളര്‍ച്ചയുടെ ഊര്‍ജമായി ഉപയോഗിച്ച മനോഹരമായ അതിജീവനത്തിന്റെ ചരിത്രമാണ് ഇസ്ലാമിന്റേത്.

Published

|

Last Updated

ചങ്ങരംകുളം | മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ കലഹം സൃഷ്ടിക്കുന്നവരെ സ്‌നേഹം കൊണ്ട് തോല്‍പ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം എടപ്പാള്‍ ഇര്‍ശാദ് ക്യാമ്പസ്സില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂഫീ പണ്ഡിതരുടെ ജീവിത സംസ്‌കാരവും പ്രബോധന മാതൃകകളും ആഴത്തില്‍ പഠിച്ച് പകര്‍ത്തുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളെ വളര്‍ച്ചയുടെ ഊര്‍ജമായി ഉപയോഗിച്ച മനോഹരമായ അതിജീവനത്തിന്റെ ചരിത്രമാണ് ഇസ്ലാമിന്റേത്.

സൃഷ്ടാവിന്റെ കാരുണ്യവും സ്‌നേഹവും നേടിയെടുത്ത് മുസ്ലിമായി ജീവിക്കുക പ്രധാനമായവര്‍ക്ക് മറ്റൊന്നിലും ആശങ്കപ്പെടേണ്ടതില്ല. ഇസ്ലാമിനെതിരെ നിരന്തരം ഉല്‍പാദിപ്പിക്കപ്പെടുന്ന വെറുപ്പിനെ സ്‌നേഹം കൊണ്ടും സൗഹൃദം കൊണ്ടും തോല്‍പ്പിച്ച മതത്തിന്റെ ചരിത്രത്തിന്റെ തുടര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും കാന്തപുരം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

എടപ്പാള്‍ പന്താവൂരിലെ ഇര്‍ശാദ് കാമ്പസില്‍ ആരംഭിച്ച നാലാമത് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മത്സരപരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ഞൂറോളം മതവിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മതവിജ്ഞാനത്തിന്റെ ഏറ്റവും ആഴമേറിയ തലങ്ങള്‍ പ്രതിപാദിക്കുന്ന ‘തസവുഫ്’ എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ സെന്‍സോറിയം ചര്‍ച്ച ചെയ്യുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി, സി മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങി വിവിധ പണ്ഡിതര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സെന്‍സോറിയത്തിന്റെ ഭാഗമായി സീനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി യഥാക്രമം മിന്‍ഹാജുല്‍ ആബിദീന്‍, ഹിദായത്തുല്‍ അദ്കിയ എന്നീ കിതാബുകളെ അടിസ്ഥാനമാക്കി നോളേജ് ടെസ്റ്റ് നടക്കും.