Kerala
സുവോളജിക്കല്‍ പാര്‍ക്കില്‍ മാനുകള്‍ ചത്ത സംഭവം: വീഴ്ച പരിശോധിക്കും, മരണകാരണം ക്യാപ്ചര്‍ മയോപ്പതി; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
സുരക്ഷാ പഴുതുകള്‍ പരിഹരിക്കും. മാന്‍കൂട്ടിലും സിസിടിവി കാമറയ്ക്ക് ശുപാര്‍ശ നല്‍കും.
തൃശൂര്‍|തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് മാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ച പരിശോധിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍. ജീവനക്കാര്‍ വാതില്‍ തുറന്നിട്ടോ എന്നത് പരിശോധിക്കും. സുരക്ഷാ പഴുതുകള്‍ പരിഹരിക്കും. മാന്‍കൂട്ടിലും സിസിടിവി കാമറയ്ക്ക് ശുപാര്‍ശ നല്‍കും. പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മാനുകളുടെ മരണകാരണം ക്യാപ്ചര്‍ മയോപ്പതിയാണ്. നായ്ക്കള്‍ കടന്നതില്‍ മാനുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഇന്നലെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് മന്ത്രി സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, വനം വിജിലന്‍സ് വിഭാഗം സിസിഎഫ് ജോര്‍ജി പി മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരാണ് അംഗങ്ങള്‍. നാലുദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ലൈഫ് വാര്‍ഡന്റെ പ്രതികരണം.


