Connect with us

Kerala

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി മരിച്ച സംഭവം: 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

മരണത്തില്‍ ദുരൂഹത ആരോപിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയുമായി സിദ്ധാര്‍ഥന്റെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

Published

|

Last Updated

വയനാട് | പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ഫെബ്രുവരി 18ന് റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിനെ ആയിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് സര്‍വകലാശാല  നടപടിയെടുത്തിരിക്കുന്നത്.

മരണത്തില്‍ ദുരൂഹത ആരോപിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയുമായി സിദ്ധാര്‍ഥന്റെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥിനെ മര്‍ദിക്കുകയും പരസ്യവിചാരണ നടത്തിയെന്നുമാണ് പറയുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 14ാം തിയ്യതി സീനിയര്‍ വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ വിട്ട് നാട്ടിലേക്ക് പോകാന്‍ എറണാകുളത്തെത്തിയ സിദ്ധാര്‍ഥിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തി തിരിച്ചുവിളിപ്പിച്ചു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ സിദ്ധാര്‍ഥന്‍ തുടര്‍ന്നും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. വിദ്യാര്‍ഥിയുടെ മരണശേഷം സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ലെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് 12 വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടി സ്വീകരിച്ചിരിക്കുന്നത്.

Latest