Nipah virus
മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം; ആഴത്തിലുള്ള പഠനം വേണമെന്ന് വിദഗ്ധർ
നിപ്പാ പോലുള്ള വൈറസുകൾ മസ്തിഷ്‌കത്തെ ബാധിക്കുമെന്നിരിക്കെയാണ് ഈ അഭിപ്രായം ഉയർന്നു വരുന്നത്.
കോഴിക്കോട് | നിപ്പായടക്കമുള്ള മാരക രോഗങ്ങൾ ബാധിക്കുന്നത് മസ്തിഷ്‌കത്തെയാണെന്നിരിക്കെ സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ബാധിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം വേണമെന്ന് വിദഗ്ധർ. എൻകഫലൈറ്റിസ് അഥവാ വൈറസുകൾ കാരണമുണ്ടാകുന്ന മസ്തിഷ്‌ക രോഗങ്ങളേയും മരണങ്ങളേയും കുറിച്ച് വിശദമായി പഠിക്കാത്ത അവസ്ഥയാണുള്ളതെന്ന് കോഴിക്കോട് മെഡിക്കൽകോളജിലെ റിട്ട. സീനിയർ പാത്തോളജിസ്റ്റ് ഡോ. കെ പി അരവിന്ദൻ പറഞ്ഞു.
നിപ്പാ പോലുള്ള വൈറസുകൾ മസ്തിഷ്‌കത്തെ ബാധിക്കുമെന്നിരിക്കെയാണ് ഈ അഭിപ്രായം ഉയർന്നു വരുന്നത്. പല തരത്തിലുള്ള വൈറസുകൾ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്നുണ്ട്. ഒരു സാമ്പിളിൽ നിന്ന് തന്നെ പത്തിലധികം വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള സൗകര്യവും ഇപ്പോഴുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾ സംസ്ഥാനത്ത് പരിമിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, 2018ൽ നിപ്പാ ബാധിച്ച് 17 പേർ മരണപ്പെടാനിടയായെങ്കിലും ആദ്യം മരിച്ച വ്യക്തിക്ക് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് ഇതു വരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2018ൽ നിപ്പാ സ്ഥിരീകരിക്കപ്പെട്ട രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലേയും പേരാമ്പ്ര ഭാഗത്ത് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിന്ന് കണ്ടെത്തിയ വൈറസും തമ്മിലുള്ള സാമ്യം 99.7- 100 ശതമാനമായിരുന്നു.




