Connect with us

Travelogue

മണ്ണറകൾ തേടിയലയുന്ന ദർവീശുകൾ

ബുഖാറക്ക് സാംസ്‌കാരിക തലത്തിൽ വലിയ സംഭാവന നൽകാൻ കഴിഞ്ഞത് സിൽക്ക് റൂട്ടെന്ന മഹനീയ കച്ചവട പാതയിൽ നിന്നാണ്. സഹസ്രാബ്ദങ്ങൾ നിലനിന്ന ആ പാതയിലൂടെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കച്ചവടക്കാർ, പണ്ഡിതന്മാർ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു. വിവിധങ്ങളായ പ്രദേശങ്ങളിൽ തമ്പടിച്ചു. അവർക്ക് മികച്ച ആതിഥ്യവും സത്കാരവും നൽകിയ സ്ഥലങ്ങൾ വേഗത്തിൽ പുരോഗതി പ്രാപിച്ചു. അതിൽ മധ്യേഷ്യൻ പ്രദേശങ്ങളിൽ ഏറെ കേളികേട്ടത് ബുഖാറയാണ്.

Published

|

Last Updated

ഇസ്‌ലാമിക കലയിലെ ആത്മീയ പ്രകാശനം പത്ത് രീതിയിൽ കാണാം. ഫോണ്ടുകൾ, ചിത്രകലകൾ – അതിൽ ജ്യാമിതീയ രൂപങ്ങളും ഉണ്ടാകും, കൈയെഴുത്തു പ്രതികൾ അഥവാ പാരമ്പര്യ എഴുത്തുകൾ, പാത്ര നിർമാണങ്ങൾ, കൊത്തുപണികൾ അതിൽ രൂപങ്ങളും വർണങ്ങളും ഉണ്ടാകും, അലങ്കരിച്ച ഹ്രസ്വരൂപങ്ങൾ, വാസ്തുവിദ്യകൾ അത് ഓരോ നാടിനും വ്യതിരക്തമായിരിക്കും. എങ്കിലും ഒരു സമാനത എവിടെയും ഉണ്ടാകും. ഇസ്്ലാമിക് കാലിഗ്രാഫി, സ്വർണത്താലും വെള്ളിയാലുമുള്ള അലങ്കാരങ്ങൾ, പുസ്തകങ്ങളുടെ അരികുകൾ അതിലെ പ്രതിപാദ്യ വിഷയവുമായി ബന്ധപ്പെടുത്തി ചിത്രങ്ങളാലും അടയാളങ്ങളാലും ഭംഗിയാക്കൽ. ഇവകളുടെ നൂറ് ശതമാനം സാക്ഷാത്കാരവും ഞങ്ങൾക്ക് ഉസ്‌ബെക്കിസ്ഥാനിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതും എല്ലാത്തിന്റെയും വിശിഷ്ടമായ പരിപൂർണതയിൽ തന്നെ.

അസീസ് ഖ്വാജ ചാർ ബക്്റിന്റെ ഓരോ മുക്കിലും മൂലയിലും ഞങ്ങളെ കൂട്ടി പോയി. നൂറ്റാണ്ടുകളുടെ ചരിത്രമാണ് അദ്ദേഹം വളരെ ലളിതമായി വിവരിക്കുന്നത്. അതിൽ ഉസ്‌ബെക്ക് മുസ്്ലിം ചരിത്രവും, സോവിയറ്റ് അധിനിവേശവും, ഉസ്‌ബെക് ജനതയുടെ കഷ്ടപ്പാടുകളും ആത്മീയ അപജയങ്ങളും പിന്നീടുണ്ടായ ഉയിർത്തെഴുന്നേൽപ്പും ഒന്നൊഴിയാതെ ലളിതമായ അറബി ഭാഷയിൽ പറഞ്ഞു തന്നു. “ചാർ ബക്ർ’ വലിയൊരു നെക്രോപോളിസാണ്. ഉസ്‌ബെക്ക് ചരിത്രത്തിൽ ഒഴിവാക്കാനാകാത്ത വ്യക്തിത്വങ്ങൾ അവിടെ മറപെട്ടു കിടക്കുന്നു. മുഹമ്മദ് ശൈബാനിയെന്ന ഭരണാധികാരിയുടെ സംഭാവനയാണീ നെക്രോപോളിസ്. ഇഷ്ടികകൾ കൊണ്ട് നിർമിച്ച കെട്ടിടങ്ങൾ. ചില പ്രധാന ഭാഗങ്ങളിൽ വർണ ടൈലുകളാൽ അലങ്കരിച്ചിട്ടുണ്ട്. സൗന്ദര്യം കൂട്ടാൻ വേണ്ടി താഴികക്കുടത്തിന് നീല നിറവും നൽകിയിട്ടുണ്ട്. ഇഷ്ടികകൾ കൊണ്ട് തന്നെയാണ് നിലം പാകിയത്. അതിനടിയിലൂടെ ജലസേചനവും വളരെ ഭംഗിയായി നടക്കുന്നുവെന്ന് അറിഞ്ഞത് ഞങ്ങളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ആ സംഗതി കണ്ടപ്പോൾ പ്രത്യേകം നിരീക്ഷിക്കാണമെന്നും അതിന്റെ രീതികൾ ശ്രദ്ധിക്കണമെന്നും ഡോ. ഹകീം അസ്ഹരി ഉസ്താദ് നിർദേശിച്ചു. ഓരോ യാത്രകൾ കഴിഞ്ഞു വരുമ്പോഴും നവീന ആശയങ്ങൾ എങ്ങനെയാണ് അദ്ദേഹത്തിന് ഞങ്ങളോട് അവതരിപ്പിക്കാൻ കഴിയുന്നതെന്ന് മനസ്സിലായത് ഉസ്‌ബെക്കിസ്ഥാൻ യാത്രയിലാണ്. മണിക്കൂറോളം നടന്നും ഇരുന്നുമുള്ള അസീസ് ഖ്വാജയുടെ വിശദീകരണങ്ങൾ ഒരു ചരിത്ര ക്ലാസിനേക്കാൾ മികച്ചതായിരുന്നു. നമ്മളിൽ ഓരോരുത്തരും ആ ചുരുങ്ങിയ സമയത്തിനിടയിൽ അദ്ദേഹവുമായി കൂടിക്കലർന്നിരുന്നു. മണ്ണറകൾ പ്രചോദനം നൽകുന്നയിടങ്ങൾ തേടി ദർവീശുകൾ അലയാറുണ്ട്. അവരെ അവിടെ ആകർഷിക്കുന്ന ഏക സംഗതി പുഷ്‌കലമായ ഇന്നലെകളുടെ ചരിത്രം മാത്രമാണ്. അസീസ് ഖ്വാജയോടും സഹപ്രവർത്തകരോടും യാത്ര പറഞ്ഞു ഞങ്ങൾ ബുഖാറയുടെ വടക്ക് ഭാഗത്തുള്ള ഗിജ്ദുവാനിലേക്ക് യാത്രയായി.

ബുഖാറയുടെ പ്രശസ്തി ഇമാം ബുഖാരി(റ), അബ്ദുൽ ഖാലിഖ് ഗിജ്ദുവാനി(റ), ഖ്വാജാ അമീർ കുലൽ(റ), ഇമാം ബഹാഹുദ്ധീൻ നഖ്ശബന്ദി(റ), ഇബ്‌നു സീന എന്നീ വ്യക്തികളിലൂടെയാണ്. ബുഖാറക്ക് സാംസ്‌കാരിക തലത്തിൽ വലിയ സംഭാവന നൽകാൻ കഴിഞ്ഞത് സിൽക്ക് റൂട്ടെന്ന മഹനീയ കച്ചവട പാതയിൽ നിന്നുമാണ്. സഹസ്രാബ്ദങ്ങൾ നിലനിന്ന ആ പാതയിലൂടെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കച്ചവടക്കാർ, പണ്ഡിതന്മാർ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു. വിവിധങ്ങളായ പ്രദേശങ്ങളിൽ തമ്പടിച്ചു. അവർക്ക് മികച്ച ആതിഥ്യവും സത്കാരവും നൽകിയ സ്ഥലങ്ങൾ വേഗത്തിൽ പുരോഗതി പ്രാപിച്ചു. അതിൽ മദ്ധ്യേഷ്യൻ പ്രദേശങ്ങളിൽ ഏറെ കേളികേട്ടത് ബുഖാറക്കാണ്. അതിഥികൾക്ക് ആവശ്യമായ ആരാധനാലയങ്ങൾ, സത്രങ്ങൾ, കുളിപ്പുരകൾ, അലക്കു കേന്ദ്രങ്ങൾ, വായനശാലകൾ, ഭക്ഷണവസ്തുക്കൾ ഇവകളുടെ നിർമാണവും നടത്തിപ്പും ഒട്ടനവധി തൊഴിൽ മേഖല സൃഷ്ടിച്ചു. ക്രമേണ ഗ്രാമം നഗരമായും നഗര രീതി നാഗരിക രീതിയായും അത് പിന്നീട് സംസ്‌കാരമായും രൂപാന്തരപ്പെടുകയായിരുന്നു.

ഗിജ്ദുവാനിലേക്കെത്തുമ്പോൾ വെയിൽ നന്നായി പുറത്ത് വന്നിട്ടുണ്ട്. ശീതക്കാറ്റിനൊപ്പം വെയിലിന്റെ അസഹ്യമായ പൊള്ളലും ഏൽക്കുന്നുണ്ട്. വിശാലമായ ഉദ്യാനത്തിന്റെ ഉള്ളിലൂടെ മിനുട്ടുകളോളം നടന്നു വേണം അബ്ദുൽ ഖാലിഖ് ഗിജ്ദുവാനി(റ) എന്ന മഹാന്റെ അരികിലെത്താൻ. കുത്തനെ കൂർത്ത് നിൽക്കുന്ന നൂറു കണക്കിന് ബുഷ് ചെടികളാണ് കൃത്യമായ അകലത്തിലും വലുപ്പത്തിലും ഉയരത്തിലും അവിടെ വളർത്തിയിട്ടുള്ളത്. ശരിയായ സമയത്ത് ഗാർഡനിംഗിൽ നിപുണരായ ആളുകൾ അതിനെ പരിപാലിക്കുന്നുണ്ടെന്ന് ഓരോ യാത്രികനും ആദ്യകാഴ്ചയിൽ തന്നെ മനസ്സിലാകും. ഉയർത്തി കെട്ടിയ ഒരു ചത്വരത്തിന്റെ നടുവിലായി അബ്ദുൽ ഖാലിഖ് ഗിജ്ദുവാനി(റ) എന്ന മഹാൻ വിശ്രമിക്കുന്നു. ബൈസാന്റിയൻ ഭരണകാലത്ത് അറിയപ്പെട്ട വലിയ പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് അബ്ദുൽ ജമീൽ. ആധുനിക തുർക്കിയുടെ ഭാഗമായ മലത്യ പ്രദേശത്ത് നിന്നും ഗിജ്ദുവാനിലേക്ക് കുടിയേറിപ്പാർത്തതാണ്. അനറ്റോളിയ ഭരിച്ച സെൽജൂക്ക് രാജ കുടുംബത്തിലെ രാജകുമാരിയായിരുന്നു മാതാവ്. ബാല്യ കാലം ഷെയ്ഖ് സദറുദ്ദീനിൽ നിന്നും കർമശാസ്ത്രം, ഹദീസ്, ഖുർആൻ, അറബി ഭാഷ തുടങ്ങിയവയിൽ വ്യുൽപ്പത്തി നേടി. ശരീഅ പഠനം പൂർത്തിയാക്കിയതിനു ശേഷം ആത്മീയ യാത്ര ആരംഭിച്ചു. നിരന്തരം ഏകാന്ത ധ്യാനം ഇരുന്നും ശരീരത്തോട് സമരം ചെയ്തും ആത്മീയ ഔന്നിത്യം കരഗതമാക്കി. ഡമാസ്‌കസിലേക്ക് യാത്ര പോയ ഷെയ്ഖ് അവിടെ ഒരു പർണശാല സ്ഥാപിക്കുകയും വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു.

ഷെയ്ഖ് ഉബൈദുല്ല അഹ്‌റാറിന്റെ ശിഷ്യനായ ഷെയ്ഖ് യൂസുഫ് ഹമദാനിൽ നിന്നാണ് ആത്മീയ വിദ്യാഭ്യാസം കരഗതമാക്കിയത്. നിശബ്ദമായി കൊണ്ടുള്ള ദിക്ർ ചൊല്ലുകയും അതിനെ ഒരു ആത്മീയ ധാരയുടെ മാർഗമാക്കിയതും ഷെയ്ഖ് അബ്ദുൽ ഖാലിഖ് ഗിജ്ദുവാനിയാണ്. അപ്രകാരം ത്വരീഖത്തുകൾ സ്വീകരിച്ചിരുന്ന മാർഗങ്ങൾ ആറ്റി കുറുക്കിയ വാക്കുകളിലായി അവതരിപ്പിച്ചതും ഷെയ്ഖ് അവർകളാണ്.

Latest