സാഹിത്യം
ഒറ്റവാക്യത്തിലൊരു അക്ഷരവിസ്മയം
ഒട്ടേറെ ഭാഷകളിലായി പരക്കെ വായിക്കപ്പെടുന്ന ഡാനിയൽ ക്രൗസിന്റെ രചനകളിൽ മിക്കതും ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ പുലിറ്റ്സർ പ്രൈസ് നേടിയ ഡാനിയൽ ക്രൗസ് സമകാലിക അമേരിക്കൻ സാഹിത്യലോകത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രചനയായ ഏഞ്ചൽ ഡൗൺ (Angel Down) എന്ന നോവലാണ് അമേരിക്കയിലെ ഏറ്റവും വലിയ ഈ സാഹിത്യ ബഹുമതിക്ക് ക്രൗസിനെ അർഹനാക്കിയത്. അമേരിക്കൻ പുസ്തക വിപണിയിൽ ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തിലാണ് ഏഞ്ചൽ ഡൗൺ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇരുപതിലേറെ ഭാഷകളിലായി ലോകത്തിന്റെ വിവിധയിടങ്ങളിൽ ഈ നോവൽ വായിക്കപ്പെടുന്നു.
1975 ജൂൺ ഏഴിന് മിഷിഗണിലെ മിഡ്‌ലാൻഡിൽ ജനിച്ച ഡാനിയൽ ക്രൗസ് സാഹിത്യം, സിനിമ, ടെലിവിഷൻ രംഗങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്ന പ്രതിഭയാണ്. ഇപ്പോൾ ചിക്കാഗോയിൽ കുടുംബസമേതം താമസിക്കുന്ന ഈ എഴുത്തുകാരനിൽനിന്നും ഒട്ടേറെ നോവലുകൾ വായനാലോകത്തിനു ലഭിച്ചിട്ടുണ്ട്. രചനകളിൽ ഹൊറർ നോവലുകളും ത്രില്ലറുകളും ഉൾപ്പെടുന്നു. 2009ൽ പ്രസിദ്ധീകരിച്ച “The Monster Variations’ എന്ന ആദ്യനോവൽ തന്നെ വിപുലമായ സഹൃദയശ്രദ്ധ നേടുകയുണ്ടായി. Rotters (2011), Scowler (2013), The Death and Life of Zebulon Finch (2015), Bent Heavens (2020), Whalefall (2023) എന്നിവയാണ് ശ്രദ്ധേയമായ മറ്റു രചനകൾ.
ഒട്ടേറെ ഭാഷകളിലായി പരക്കെ വായിക്കപ്പെടുന്ന രചനകളിൽ മിക്കതും ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹമായ ഏഞ്ചൽ ഡൗൺ 2025 ലാണ് പ്രസിദ്ധീകരിച്ചത്. ആ വർഷത്തെ ഏറ്റവും മികച്ച പത്ത് നോവലുകളിൽ ഒന്നായി ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത ഈ രചന ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടത്. ഒരേസമയം സയൻസ് ഫിക്്ഷന്റേയും മാജിക്കൽ റിയലിസത്തിന്റെയും ഗണത്തിൽ ഉൾപ്പെടുത്താവുന്ന നോവലാണ് ഏഞ്ചൽ ഡൗൺ.
യുദ്ധകാലത്ത് ഒരിക്കൽ പരിക്കേറ്റു വീണുകിടക്കുന്ന ഒരു മാലാഖയെ ഒരു കൂട്ടം സൈനികർ കണ്ടെത്തുന്നതും, അതിനെ തങ്ങളുടെ കമാൻഡിംഗ് ഓഫീസറിൽനിന്നും ഒളിപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവഗതികളും ആവിഷ്കരിക്കുന്ന ഈ നോവൽ ലോകത്ത് ഒരിക്കലും അവസാനിക്കാത്ത ദുരന്തമായി യുദ്ധത്തെ ചിത്രീകരിക്കുന്നു. യുദ്ധഭൂമിയിലെ കിടങ്ങിൽ ഒളിച്ചിരിക്കവേ അമാനുഷികമായൊരു ആക്രന്ദനം കേട്ട് അമ്പരന്ന സൈനികരാണ് ദൂരെ മുറിവേറ്റുകിടക്കുന്ന മാലാഖയെ കണ്ടെത്തുന്നത്.
തങ്ങളുടെ സ്വകാര്യവും വ്യക്തിപരവുമായ ആഗ്രഹങ്ങളും ആവശ്യങ്ങളും ഈ മാലാഖയിലൂടെ നിറവേറ്റാമെന്ന പ്രതീക്ഷ ഓരോ സൈനികന്റെയും മനസ്സിൽ മുളപൊട്ടിയപ്പോൾ അതിനെ രക്ഷിക്കാനും സുരക്ഷിതമായൊരു ഇടത്ത് ഒളിപ്പിക്കാനും അവർ ശ്രമിക്കുന്നു. വലിയ പ്രതിസന്ധികൾക്കിടയിലും മനുഷ്യമനസ്സിനെ മഥിക്കുന്ന വിചിത്രമായ വൈകാരിക ഭാവനകളെ അസാധാരണമായ യാഥാർഥ്യബോധത്തോടെ വിശകലനം ചെയ്യുകയാണ് ഈ നോവൽ.
ആഖ്യാനപരമായി പല പുതുമകളും അവകാശപ്പെടാവുന്ന നോവലാണ് ഏഞ്ചൽ ഡൗൺ. അതിൽ ഏറ്റവും ശ്രദ്ധേയം ആദ്യന്തം ഒരൊറ്റ നീളൻ വാചകത്തിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. ആശയവ്യക്തതക്കു വേണ്ടി ലക്ഷക്കണക്കിന് അർധവിരാമങ്ങൾ ഇതിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നോവലിസ്റ്റിന്റെ ഈ ഏകവാക്യ രചന പക്ഷേ വായനക്കാരെ മടുപ്പിക്കുന്നില്ല. ഇരുന്നൂറ്റി അമ്പതിലധികം പേജുകളിലായി നൂതനമായൊരു വയനാനുഭവമാണ് ഈ നോവൽ സഹൃദയർക്കായി ഒരുക്കിവെച്ചിരിക്കുന്നത്.
യു എസ്സിലെ ഏറ്റവും വലുതും അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയതുമായ പുലിറ്റ്സർ പ്രൈസ് ഫിക്്ഷൻ, കവിത, നാടകം, പത്രപ്രവർത്തനം, സംഗീതം തുടങ്ങിയ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് വർഷംതോറും നൽകിവരുന്നു. 1917 ൽ ജോസഫ് പുലിറ്റ്സർ എന്ന പ്രസാധകനാണ് ഇത് ഏർപ്പെടുത്തിയത്. ഓരോ വിഭാഗത്തിലും പതിനയ്യായിരം ഡോളറും പ്രശംസാ പത്രവും ഉൾപ്പെടുന്ന ഈ വിഖ്യാത പുരസ്‌കാരം ഇക്കഴിഞ്ഞ മെയ് നാലിന് കൊളംബിയ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡാനിയൽ ക്രൗസ് ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് സമ്മാനിച്ചു.
Content Highlights:
Renowned American author Daniel Kraus has won the prestigious Pulitzer Prize for fiction for his latest bestselling novel Angel Down. Published in 2025, the World War I-centered novel blends science fiction and magical realism into a unique single-sentence narrative spanning over 250 pages. The plot follows a group of soldiers who discover a wounded angel on the battlefield and attempt to hide it from their commanding officer. The award ceremony was organized under the auspices of Columbia University, where Kraus received a prize of fifteen thousand dollars and a citation.







