Kerala
മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം നാളെ മുതല്‍
അടുത്തമാസം 25 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം| പേരൂര്‍ക്കടയില്‍ ദളിത് യുവതി ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് അന്യായമായി പോലീസ് കസ്റ്റഡിയില്‍ വച്ച് മാനസിക പീഡനമേല്‍പ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നാളെ മുതല്‍ ആരംഭിക്കും. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുക. മനുഷ്യാവകാശ കമ്മീഷന്റ നിര്‍ദ്ദേശപ്രകാരമാണ് ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താകും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുക. അടുത്തമാസം 25 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
സംഭവത്തില്‍ എഎസ്ഐ പ്രസന്നനെ സസ്പെന്‍ഡ് ചെയ്തിരുന്നു.. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനുണ്ടായിരുന്നത്. കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണുണ്ടായിരുന്നത്.
ബിന്ദുവിന്റെ ഭര്‍ത്താവിനെയും മക്കളെയും പ്രതികള്‍ ആക്കുമെന്ന് പ്രസന്നന്‍ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകിട്ട് ആറിനും രാവിലെ ആറിനുമിടയില്‍ സ്ത്രീകളെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ എസ്ഐ എസ്ജി പ്രസാദ് ഗുരുതര നിയമ ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.