Connect with us

Athmeeyam

സർഗ സഞ്ചാരം

വിജ്ഞാനം തേടിയുള്ള യാത്രകള്‍ക്ക് ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. അത്തരം യാത്രകളെ വിശുദ്ധ ഖുർആനും തിരുനബി(സ)യും പ്രോത്സാഹിപ്പിക്കുകയും യാത്ര നടത്താൻ അനുചരർക്ക് ഉപദേശം നൽകുകയും ചെയ്തിരുന്നു. ജ്ഞാനം തേടിയുള്ള യാത്രികൻ അത്യധികം അുഗൃഹീതമായ സ്വർഗീയ വഴിയിലാണെന്ന് അവിടുന്ന് പഠിപ്പിച്ചു. തിരുനബി(സ)യുടെ കാലത്ത് നിരവധി ദിക്കുകളിൽ നിന്നും മദീനയെ ലക്ഷ്യം വെച്ച് അനേകം വിജ്ഞാന കുതുകികൾ പ്രയാണം നടത്തിയിരുന്നു.

Published

|

Last Updated

അറിവിന് അത്യധികം പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. അറിവാണ് ഏറ്റവും വലിയ ശക്തിയും ആയുധവും. അത് വെളിച്ചവും പ്രതിരോധവും ജീവാമൃതും ജീവനോപാതിയുമാണ്. അന്ധകാരത്തിൽ നിന്ന് അത്ഭുത പ്രകാശത്തിലേക്ക് മനുഷ്യനെ നയിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിയിലെ വിസ്മയകരമായ വിഭവങ്ങളെ ഉപയോഗപ്രദമാക്കുന്നതും അത്ഭുത പ്രപഞ്ചം സംവിധാനിക്കുന്നതും അറിവാണ്. അതുകൊണ്ടാണ് വിഭ്യാഭ്യാസത്തിന്, പ്രപഞ്ചത്തില്‍ മനുഷ്യൻ തന്റെ ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ പ്രാപ്തനാക്കുന്ന പ്രക്രിയയെന്ന് വിവക്ഷിക്കുന്നത്.

പുതിയ മോഹങ്ങളും നവപ്രതീക്ഷകളും പ്രതിജ്ഞകളും ഒപ്പം ആശങ്കകളുമായി പുതിയ വിദ്യാഭ്യാസ വർഷം കടന്നുവരുന്നു. ശവ്വാൽ മുതൽ ശഅബാൻ വരെയാണ് ആഗോളാടിസ്ഥാനത്തിൽ ഇസ്്ലാമിക കലണ്ടറിലെ അധ്യയന വർഷം. ജൂൺ മുതൽ മാർച്ച് വരെയാണ് പൊതുവിൽ കേരളത്തിലെ ഭൗതിക വിദ്യാഭ്യാസത്തിന്റെ പഠന വർഷമായി കണക്കാക്കപ്പെടുന്നത്.

വിജ്ഞാനം തേടിയുള്ള യാത്രകള്‍ക്ക് ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. അത്തരം യാത്രകളെ വിശുദ്ധ ഖുർആനും തിരുനബി(സ)യും പ്രോത്സാഹിപ്പിക്കുകയും യാത്ര നടത്താൻ അനുചരർക്ക് ഉപദേശം നൽകുകയും ചെയ്തിരുന്നു. ജ്ഞാനം തേടിയുള്ള യാത്രികൻ അത്യധികം അുഗൃഹീതമായ സ്വർഗീയ വഴിയിലാണെന്ന് അവിടുന്ന് പഠിപ്പിച്ചു. തിരുനബി(സ)യുടെ കാലത്ത് നിരവധി ദിക്കുകളിൽ നിന്നും മദീനയെ ലക്ഷ്യം വെച്ച് അനേകം വിജ്ഞാന കുതുകികൾ പ്രയാണം നടത്തിയിരുന്നു. വിവിധ ദേശക്കാരായ സ്വഹാബിമാർ ദിർഘകാലം തിരുനബി(സ)യുടെ ഓരംപറ്റി നിൽക്കുകയും ആകാവുന്നത്ര ഒപ്പിയെടുക്കുകയും ചെയ്ത ശേഷമായിരുന്നു സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോയിരുന്നത്. മദീനാ മസ്ജിദിന്റെ ചെരുവിൽ അഹ്്ലുസ്സുഫ്ഫയെന്ന ജ്ഞാന സംഘം തന്നെയുണ്ടായിരുന്നു. അവിടുത്തെ വിയോഗ ശേഷവും അനുചരരെയും ശേഷക്കാരെയും ലക്ഷ്യമാക്കി ധാരാളം വ്യക്തികളും സംഘങ്ങളും മദീനയിലേക്കും ബസ്വറയിലേക്കും കൂഫയിലേക്കും ഈജിപ്തിലേക്കും മറ്റു വിജ്ഞാന കേന്ദ്രങ്ങളിലേക്കും പ്രയാണം തുടരുന്നു. മതത്തിൽ അവഗാഹം നേടുന്നതിനായി ഭൂമിയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ നിങ്ങളെ സമീപിക്കുമെന്നും അവര്‍ നിങ്ങളുടെ അടുത്തെത്തിയാല്‍ അവരെ നന്മ കൊണ്ട് ഉപദേശിക്കണമെന്നും മുത്ത് നബി(സ) അനുചരരെ ഉണർത്തിയിരുന്നു.

ഇസ്്ലാമിന്റെ സഞ്ചാരപാതകള്‍ അതിവിപുലമാണ്. വിശ്വാസിയുടെ പരിപൂർണതക്ക് യാത്രകൾ അനിവാര്യവുമാണ്. യാത്രകളിൽ സുപ്രധാനവും ശ്രേഷ്ഠവുമാണ് അറിവ് തേടിയുള്ള യാത്രകൾ. “വിജ്ഞാനം സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാൽ അത് എവിടെ കണ്ടാലും അവന് ഏറ്റവും അവകാശപ്പെട്ടതാണ്’ (തിർമിദി) എന്ന തിരുവചനം ശ്രദ്ധേയമാണ്. ചരിത്ര പണ്ഡിതൻ ഇബ്നു ഖല്‍ദൂന്‍(റ) മുഖദ്ദിമയില്‍ ജ്ഞാനയാത്രയുടെ മഹത്വങ്ങളെ വിശദമായി അപഗ്രഥിക്കുന്നുണ്ട്.

മാനവർക്ക് മാര്‍ഗനിര്‍ദേശകരായി നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം അൽപ്പകാലത്തേക്കെങ്കിലും സ്വദേശം വിട്ടവരായിരുന്നു. പ്രവാചകന്മാരിൽ ഉന്നതരായ മൂസാ നബി(അ) മഹാനായ ഖളിര്‍(അ)നോടൊപ്പം നടത്തിയ സർഗ സഞ്ചാരത്തിന്റെ ഉജ്ജ്വലവിവരണം വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍കഹ്ഫ് വിശദമാക്കുന്നുണ്ട്.
കിഴക്കും പടിഞ്ഞാറും നിരവധി തവണ കറങ്ങി, നൂറുകണക്കിന് ഗുരുനാഥന്മാരില്‍ നിന്നും വിജ്ഞാനം ശേഖരിച്ച വിശ്രുതരായ അനേകം പണ്ഡിതന്മാർ ചരിത്രത്താളുകളിലുണ്ട്. വൈജ്ഞാനിക യാത്ര നടത്താത്ത ഒരു പണ്ഡിതനും കഴിഞ്ഞു പോയിട്ടില്ല എന്നുതന്നെ പറയാം. ഇസ്‌ലാമിലെ രണ്ടാമത്തെ അടിസ്ഥാന പ്രമാണമായ ഹദീസ് ശേഖരണാർഥം ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ), ഇമാം തുർമുദി(റ) തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ നടത്തിയ യാത്രകളും വിജ്ഞാന സമ്പാദനാർഥം ഇമാം ശാഫിഈ(റ), ഇമാം അബൂഹനീഫ(റ) പോലുള്ള കർമശാസ്ത്ര പണ്ഡിതര്‍ നടത്തിയ സഞ്ചാരങ്ങളും ശാസ്ത്രീയ, വൈദ്യശാസ്ത്ര, ഗോളശാസ്ത്ര, തത്വശാസ്ത്ര, സാമൂഹിക ശാസ്ത്ര മേഖലകളില്‍ ഇമാം ഗസ്സാലിയും ഇബ്‌നു സീനയും ഫാറാബിയും ഇബ്‌നു ഖല്‍ദൂനും ഇബ്‌നു ഹസ്മുമെല്ലാം നടത്തിയ പ്രയാണങ്ങളും ഇത്തരത്തിലുള്ള വൈജ്ഞാനിക യാത്രകള്‍ തന്നെയായിരുന്നു. ഇമാം അഹ്്മദ്ബ്നു ഹമ്പൽ(റ) ഹദീസുകൾ തേടിയുള്ള യാത്ര തുടങ്ങിയത് പതിനാറാം വയസ്സിലായിരുന്നു. മഹാനവർകൾ അനവധി വർഷം നിരവധി സ്ഥലങ്ങൾ സന്ദർശിച്ച് അനേകം ഗുരുക്കന്മാരിൽ നിന്നും സമാഹരിച്ചതാണ് തന്റെ മുസ്നദിലെ ഹദീസുകള്‍. ആരോഗ്യവാനായ ഇമാം ശാഫിഈ(റ) കൈയിൽ ഒരു വടി കരുതുമായിരുന്നു. അതിനെ കുറിച്ച് അന്വേഷിച്ച ശിഷ്യരോട് അവിടുന്ന് നൽകിയ മറുപടി ഞാനൊരു യാത്രികനാണെന്ന ഓർമ നിലനില്‍ക്കാനാണെന്നായിരുന്നു.

യാത്രകളിൽ പ്രിയപ്പെട്ടവരെ പിരിയുമ്പോഴുണ്ടാകുന്ന മനോവിഷമം സ്വഭാവികമാണ്. എന്നാല്‍ വിജ്ഞാനത്തിന്റെ മാധുര്യമറിയുമ്പോൾ, അതിന്റെ ആഴിയിൽ ഊളിയിടുമ്പോൾ വിഷമതകളെല്ലാം മഞ്ഞ് പോലെ ഉരുകിപ്പോകുന്നു. പ്രിയപ്പെട്ട പലതും ത്യജിച്ചും ഒട്ടേറെ പ്രതിബന്ധങ്ങള്‍ താണ്ടിക്കടന്നുമുള്ള ഇത്തരം യാത്രകളാണ് ലോകത്ത് വൈജ്ഞാനിക നാഗരികതകൾ നിർമിച്ചതും സാംസ്കാരിക വിസ്ഫോടനങ്ങൾ സൃഷ്ടിച്ചതും. ബുദ്ധിമാന്മാർ സ്വന്തം നാട്ടില്‍ ചടഞ്ഞിരിക്കരുതെന്നും യാത്രികനാകാതിരുന്നാല്‍ ഒന്നും നേടാനാകില്ലെന്നും ശാഫി ഇമാം(റ) ഉൽബോധിപ്പിക്കുന്നു.

യാത്ര ചെയ്യുമ്പോൾ വേർപിരിയുന്നവർക്കു പകരം മാന്യരായ കൂട്ടുകാരെ ലഭിക്കുമെന്നും വിശ്വാസി ത്യാഗിയും അധ്വാനശീലനുമാകുമ്പോഴാണ് ജീവിതം അർഥപൂർണവും ആസ്വാദ്യകരവുമാവുന്നതെന്നും കെട്ടിനില്‍ക്കുമ്പോള്‍ ജലം അശുദ്ധമാകുമെന്നും നിര്‍ഗളിക്കുമ്പോഴാണ് അത് ശുദ്ധമാവുകയെന്നും മഹാൻ വ്യക്തമാക്കുന്നു. (ദീവാനുശ്ശാഫിഈ) വൈജ്ഞാനിക യാത്രക്കൊരുങ്ങുന്നവന് വിശ്രുത പണ്ഡിതൻ മുൻതഖബ് ബ്നുൽ മുവഫഖ്(റ) നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധേയമാണ്: “ഇൽമ് നേടാൻ നീണ്ട കാലയളവും ആത്മാർഥമായ അധ്വാനവും ആവശ്യമാണ്. ഇഷ്ടജനങ്ങളെയും ജന്മദേശങ്ങളെയും വെടിഞ്ഞ് യാത്ര പോകുകയും ഒരു യാചകനെപ്പോലെ വിജ്ഞാന വാതിലുകളിലോരോന്നിലും മുട്ടുകയും വേണം’. (ഫത്ഹുല്‍ ഖയ്യൂം).

ജ്ഞാനികളുടെ പദവികൾ പടിപടിയായി ഉയർന്നുകൊണ്ടിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. (മുജാദില: 11) അറിവിന്റെ വർധനവിനു വേണ്ടി നിരന്തരം പ്രാർഥന നടത്തണമെന്ന് ഖുർആൻ പറയുന്നു: “എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക’ (ത്വാഹാ 114). മനുഷ്യന് സവിശേഷമായി ലഭിച്ച ബുദ്ധിയുപയോഗിക്കാനും പഠിക്കാനും ചിന്തിക്കാനും ഗവേഷണങ്ങള്‍ നടത്താനും വിശുദ്ധ ഖുര്‍ആന്‍ അടിക്കടി ആഹ്വാനം ചെയ്യുന്നുണ്ട്. “അറിവ്’ എന്ന പദം അതിന്റെ വിവിധ രൂപങ്ങളില്‍ 780 സൂക്തങ്ങളില്‍ ഖുര്‍ആൻ പരാമർശിച്ചത് അറിവിന്റെ പ്രാധാന്യത്തെയാണ് ബോധ്യപ്പെടുത്തുന്നത്.

ആയുഷ്കാലമത്രയും അറിവ് നുകർന്നുകൊണ്ടിരിക്കണം. പഠനം യൗവനത്തെ നിലനിർത്തുമെന്നും അത് നിർത്തുമ്പോൾ പ്രായമാകുമെന്നും പ്രമുഖ ചിന്തകൻ ഹെൻട്രി ഫോർഡിന്റെ വാക്കുകളിൽ കാണാം. മുഴുവൻ വിഷയങ്ങളിലും നിരന്തരം അപ്ഡേഷൻ നടക്കണം. “അറിവ് നേടുക, തൊട്ടില്‍ മുതല്‍ ചുടല വരെ’ എന്നൊരു പ്രയോഗം തന്നെയുണ്ട്. അറിവ് തേടിയുള്ള യാത്രക്ക് ദൂരം ഒരു പ്രശ്‌നമേ ആകരുത്. ഏറ്റവും കിഴക്കുള്ള രാജ്യമായ ചൈനയില്‍ പോയിട്ടെങ്കിലും അറിവ് നേടണമെന്ന് മഹദ് വചനങ്ങളിലുണ്ട്. വായന, പഠനം, മനനം, എഴുത്ത്, അധ്യാപനം എന്നീ കലകളെയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ വൈജ്ഞാനിക ലോകത്തേക്കാണ് വിശുദ്ധ ഖുർആനിലെ പ്രഥമ സൂക്തം തന്നെ വെളിച്ചം വീശുന്നത്. (അലഖ്: 1 – 5) ഖുർആനിന്റെ ചോദ്യം എത്ര പ്രസക്തം: “അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? വിചാരശീലമുള്ളവര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ’ (സുമര്‍: 9).

Latest