Connect with us

Socialist

കൊവിഡ് പരിചരണം; അബുദാബി അതിശയിപ്പിച്ചു

കൊവിഡ് ബാധിച്ച് അബൂദബിയില്‍ ചികിത്സയില്‍ കഴിഞ്ഞ സിറാജ് അബൂദബി ബ്യൂറോ ചീഫ് റാശിദ് പൂമാടം അവിടത്തെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു

Published

|

Last Updated

മാസങ്ങളായി ദുബൈയില്‍ പോയിട്ട്. എന്നാല്‍, ഒന്ന് ദുബൈ പോയി വരാം എന്ന് കരുതിയാണ് കോവിഡ് 19 പി സി ആര്‍ പരിശോധന നടത്തിയത്. എന്ത് പറയാന്‍ ഇതാ, കിടക്കുന്നു പോസറ്റീവ്. വ്യാപനം തുടങ്ങിയിട്ട് വര്‍ഷം ഒന്നര കഴിഞ്ഞെങ്കിലും കൊറോണ വൈറസ് എന്റെ പരിസരത്ത് കൂടി പോലും വന്നിരുന്നില്ല. നിര്‍ഭാഗ്യമെന്ന് പറയട്ടെ എവിടെയോ ഒരു ജാഗ്രത കുറവ് ഉണ്ടായതോടെ എന്നെയും കോവിഡ് 19 കൊറോണ വൈറസ് പിടികൂടി.

പരിശോധന ഫലം പോസറ്റീവ് ആണെന്ന വിവരം ഫോണില്‍ സന്ദേശമായി എത്തിയതോടെ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കാതെ സീഹയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു ആവശ്യമായ മാര്‍ഗനിര്‍ദേശം സ്വീകരിച്ചു. സീഹയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം അടുത്ത മണിക്കൂറില്‍ തന്നെ മഫ്‌റഖ് ആശുപത്രി വെച്ച് പിടിച്ചു. ആശുപത്രിയില്‍ പോസിറ്റീവ് ആണെന്ന വിവരം അറിയിച്ചതോടെ പോസറ്റീവ് രോഗികളെ കാത്ത് മഫ്‌റഖ് ആശുപത്രിയുടെ പുറത്ത് കാത്തുനില്‍ക്കുന്ന ബസില്‍ കയറി ഇരിക്കുവാന്‍ ആരോഗ്യ ജീവനക്കാര്‍ നിര്‍ദേശിച്ചു.

അടുത്ത സമയം മഫ്‌റഖ് ആശുപത്രിയില്‍ നിന്നും മുസഫ ഫീല്‍ഡ് ആശുപത്രിയിലേക്ക്, അവിടെ നിന്നും പി സി ആര്‍ പരിശോധനക്ക് ശേഷം റസീന്‍ ക്വാറന്റൈന്‍ സെന്ററിലേക്ക്, അവിടെ നിന്നും ഹ്യുമാനിറ്റേറിയന്‍ സെന്ററിലേക്ക്. എല്ലാം വളരെ വേഗത്തിലായിരുന്നു, നാട്ടിലേത് പോലെ ആരുടെയും കയ്യും കാലും പിടിക്കാതെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ മുന്നോട്ട് പോകുന്നു.

കോവിഡ് രോഗികളെ എന്നും ഭയപ്പെടുത്തുന്നത് മനുഷ്യര്‍ പടച്ചു വിടുന്ന ലുങ്കി വാര്‍ത്തകളാണ്. എന്നാല്‍, കോവിഡ് 19 പോസറ്റീവ് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ഒരുക്കങ്ങള്‍. ഒന്നര വര്‍ഷത്തോളമായി അബുദാബിയിലെ കോവിഡ് 19 രോഗം സംബന്ധിച്ച വാര്‍ത്തകള്‍ എഴുതുന്നു. എന്നാല്‍ ഇതുവരെ ഒന്നും അനുഭവിച്ചു അറിഞ്ഞില്ല. ഇന്ന് എല്ലാം നേരിട്ട് അനുഭവിക്കുകയാണ്.

അബുദാബി നഗരത്തില്‍ നിന്നും വളരെ ദൂരെയാണ് റസീന്‍ സെന്റര്‍. എല്ലാവരെയും അതിശയിപ്പിക്കുന്ന കേന്ദ്രമാണ് റസീന്‍ ക്യാമ്പ്. പതിനായിരങ്ങളെ താമസിപ്പിക്കാന്‍ കഴിയുന്ന മരുഭൂമിയുടെ മധ്യത്തിലുള്ള ഏറ്റവും വലിയ ക്വാറന്റൈന്‍ കേന്ദ്രം. ആരോഗ്യ വകുപ്പ് കോവിഡ് രോഗികള്‍ക്ക് വേണ്ടി തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ ഒന്നാണ് റസീന്‍.

മഫ്‌റഖിലേയും മുസഫയിലേയും ആശുപത്രികളില്‍ നിന്നും വരുന്ന രോഗികളെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഓരോ റൂമിലേക്കും മാറ്റും. ഒരു റൂമില്‍ നാല് പേര് താമസിക്കണം. വിപുലമായ സൗകര്യമുള്ള റൂമുകളാണ് ഓരോന്നും. റൂമിന് പുറത്ത് വിപുലമായ ബാത്രൂം സൗകര്യവും കുളിമുറിയുമുണ്ട്. മൂന്ന് നേരെത്തെ ഭക്ഷണം ഉള്‍പ്പെടെ ഓരോ രോഗിക്കും ആവശ്യമായ എല്ലാ സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ബ്രഷ് മുതല്‍ ടിഷ്യൂ വരെ ആരോഗ്യ വകുപ്പ് നല്‍കും. രണ്ട് ദിവസം കൂടുമ്പോള്‍ ഓരോ രോഗിയേയും പി സി ആര്‍ പരിശോധനക്ക് വിദേയമാക്കും . രോഗികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കേന്ദ്രത്തില്‍ തയ്യാറാണ്.

റസീനില്‍ നിന്നും വ്യത്യസ്തമാണ് ഹ്യൂമാനിറ്റേറിയന്‍ കേന്ദ്രം. ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന അറബ് വംശജരെ താമസിപ്പിച്ച കേന്ദ്രമാണ് ഹ്യൂമാനിറ്റേറിയന്‍ കേന്ദ്രം. ഓരോ രോഗിക്കും ഓരോ റൂം, ആധുനീക രീതിയില്‍ ഒരുക്കിയ റൂമുകളാണ് ഹ്യുമാനിറ്റേറിയന്‍ കേന്ദ്രത്തിലെ റൂമുകള്‍. മൂന്ന് നേരെത്തെ ഭക്ഷണത്തിന് പുറമെ ഒരു രോഗിക്ക് നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ആരോഗ്യ വകുപ്പ് വിതരണം ചെയ്യുന്നു.

ഓരോ രാജ്യക്കാരനും അവനവന്‍ കഴിക്കുന്ന ഭക്ഷണം. വിപുലമായ പരിശോധന സംവിധാനം. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും അതി വേഗ വൈഫൈ സംവിധാനം. ഒരു രോഗിക്കും ഒരു ടെന്‍ഷനും ഇല്ല. രണ്ട് ദിവസം കൂടുമ്പോള്‍ പി സി ആര്‍ പരിശോധന നടത്തും. പി സി ആര്‍ പരിശോധനയില്‍ രണ്ട് പ്രാവശ്യം നെഗറ്റീവ് വന്നാല്‍ രോഗിക്ക് സ്വന്തം റൂമിലേക്ക് മടങ്ങി പോകാം. ആരും മാതൃകയാക്കേണ്ട പ്രവര്‍ത്തിയാണ് ആരോഗ്യ വകുപ്പ് കോവിഡ് രോഗികള്‍ക്കായി അബുദാബിയില്‍ തയ്യാറാക്കിയിട്ടുള്ളത്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി