Connect with us

Featured

പൊള്ളുന്ന ഭൂമിയെ തണുപ്പിക്കുക

ആഗോള താപനം കുറക്കാന്‍ വ്യവസ്ഥാപിതമായ നീക്കങ്ങള്‍ ഉണ്ടാകാതെ വന്നാല്‍, ലോകത്തുണ്ടാവാന്‍ പോകുന്ന ദുരന്തങ്ങളെപ്പറ്റി ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട്..

ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ഐ പി സി സി കാലാവസ്ഥമാറ്റം സംബന്ധിച്ച് ഓരോ 7 വര്‍ഷം കൂടുമ്പോഴും ഐക്യ രാഷ്ട്ര സംഘടനക്ക് സമര്‍പ്പിക്കപ്പെടുന്ന റിപ്പോര്‍ട്ട് ആണ്. ഇത്തരത്തിലുള്ള ആറാമത്തെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 234 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട വിദഗ്ദ്ധ സമിതിയാണ് 4000 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. മനുഷ്യന്റെ വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളാല്‍, കാലാവസ്ഥ ഗുരുതരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .

ജനീവയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, വന്‍പ്രളയം, കത്തുന്ന താപം തുടങ്ങിയ അപകടങ്ങള്‍ നമുക്ക് തൊട്ടുമുമ്പില്‍ ദൃശ്യമാകുന്നുവെന്നു വിശ്വസിക്കേണ്ടിവരികയാണ്. ആഗോളതാപനം വര്‍ധിപ്പിക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ശക്തമായ നീക്കവും പ്രവര്‍ത്തനങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, ഭൂമിയും സര്‍വ ചരാചരങ്ങളും വലിയ ദുരന്തം അനുഭവിക്കേണ്ടിവരുമെന്ന് സൂചന നല്‍കുകയാണ് റിപ്പോര്‍ട്ട്. ആഗോളതാപന നിരക്കിലെ വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിര്‍ത്തുക എന്നത് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

2040 ആകുമ്പോഴേക്കും ഈ ലക്ഷ്യം കൈവിട്ടുപോകുമത്രേ. 2100 ലെത്തുമ്പോഴേക്കും താപവര്‍ധന 2 ഡിഗ്രിക്ക് മുകളിലെത്തും. 1.5 എന്ന പരിധി 2030 കളില്‍ തന്നെ മറികടക്കുമെന്ന് ഐ പി സി സി വ്യക്തമാക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍, ഈ നിരക്ക് നിയന്ത്രിക്കാനുള്ള നീക്കങ്ങളില്‍ അലംഭാവം പുലര്‍ത്തിവരുന്നു എന്നത് പ്രതിഷേധാര്‍ഹമായ സംഗതിയാണ്.

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഓരോ 10 വര്‍ഷം കൂടുംതോറും കടല്‍ 17 മീറ്റര്‍ വീതം കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, കാര്‍ബണ്‍ നിര്‍ഗമനം കുറച്ചില്ലെങ്കില്‍ 2100 ആകുമ്പോഴേക്കും സമുദ്രജല നിരപ്പ് 40 സെന്റി മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളും, പ്രകൃതി ദുരന്തങ്ങളും നമ്മുടെ രാജ്യത്തെ മുമ്പത്തേതിനേക്കാള്‍ ബാധിക്കുന്ന സ്ഥിതിയാണുള്ളത്. തുടര്‍ പ്രളയങ്ങള്‍, ഉരുള്‍പൊട്ടലുകള്‍, കൊടും മാരികള്‍,സംഹാര രുദ്രമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവയെല്ലാം നാട്ടില്‍ ദുരിതം വിതച്ച് ആവര്‍ത്തിച്ചേക്കാം.

അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വാതകങ്ങള്‍ നിര്‍ദാക്ഷണ്യം പുറന്തള്ളുകയാണ് രാജ്യങ്ങള്‍. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍ അതിതീവ്ര മഴയും അസ്സഹനീയമായ ചൂടും, കാട്ടുതീയും, ചുഴലിക്കാറ്റും, കടല്‍ക്ഷോഭവും ആവര്‍ത്തിക്കുകയാണ്. ഇതെല്ലാം ഉള്‍പ്പെട്ട തീവ്രമായ ഒരു ദുരിത കാലഘട്ടം ആരംഭിക്കുകയാണെന്ന വെളിപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും താപം കൂടിയ കടലായി അറേബ്യന്‍ സമുദ്ര മേഖല മാറിക്കഴിഞ്ഞു. ബംഗാള്‍ ഉല്‍ക്കടലും ഈ നിലക്ക് നീങ്ങുകയാണ്. താപം വര്‍ധിക്കുമ്പോള്‍ കടലിലെ അസിഡിറ്റി ഉയരുകയും, ഓക്‌സിജന്‍ തോത് കുറയുകയും ചെയ്യും മഞ്ഞുരുകുന്ന സ്ഥിതി രൂക്ഷമായാല്‍ ജലനിരപ്പുയരും. ഹിമാലയത്തിലും മഞ്ഞുരുക്കം തുടങ്ങി ക്കഴിഞ്ഞു.

അന്തരീക്ഷത്തിലേക്കു തള്ളുന്ന ചൂടിന്റെ 93 % വും കടല്‍ ആഗിരണം ചെയ്യുന്നു. അപ്പോള്‍ ഏറ്റവും വേഗത്തില്‍ സമുദ്രം ചൂടുപിടിക്കുമെന്നുറപ്പാണല്ലോ. ഇന്ത്യന്‍ മഹാസമുദ്ര മേഖല ഇത്തരത്തില്‍ താപവര്‍ദ്ധനവിന് വിധേയമാകുന്നുണ്ടെന്നു കണ്ടെത്തപ്പെട്ടത് ഗൗരവത്തോടെ കാണേണ്ടതാണ്. ഹിമാലയത്തിലെ മഞ്ഞുമലകളുടെ ഉരുക്കം വലിയ ദുരന്തം സമ്മാനിച്ചേക്കാമെന്നതും കാണാതിരുന്നുകൂടാ. ലോകത്തെ പല ഭാഗങ്ങളിലും വനമേഖലകള്‍ അഗ്‌നിക്കിരയാകുന്നു. ചൈന ജര്‍മനി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ തോതില്‍ ചൂട് വര്‍ധിക്കുകയുമാണ്. അതിതീവ്ര മഴ തുടങ്ങിയ കാലാവസ്ഥ വ്യതിയാനങള്‍ ഇന്ത്യയിലും അസാധാരണമായി സംഭവിക്കുന്നു. ഇതൊക്കെ ആഗോള താപനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല.

1990 ലാണ് IPCC യുടെ ആദ്യറിപ്പോര്‍ട്ട് പുറത്തുവന്നത്. ആഗോളതാപനത്തിന്റെ തോത് വര്‍ധിക്കുന്നതിന്റ വേഗം അപകടകരമാoവിധം കൂടിയിട്ടുള്ളതായി ഇപ്പോള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ട 5 വര്‍ഷങ്ങള്‍ ഉള്‍പ്പെടുന്നു. 170 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ ചൂട്. ഇക്കണക്കിന് അന്തരീക്ഷത്തിലെയും സമുദ്രങ്ങളിലെയും താപം ഉയര്‍ന്നാല്‍ ഉണ്ടാകാന്‍ പോകുന്നത് തികച്ചും വിരുദ്ധമായ കാലാവസ്ഥ പ്രതിഭാസങ്ങളാവും. ലോകത്തിന്റെ ചിലയിടങ്ങളില്‍ അത്യുഷ്ണ തരംഗങ്ങളും കാട്ടുതീയും വ്യാപിക്കുമ്പോള്‍, മറ്റ് ചിലയിടങ്ങളിലാകട്ടെ അതിപ്രളയവുംവെള്ളപ്പൊക്കവും അനുബന്ധ ദുരന്തങ്ങളും തുടര്‍ക്കഥയായി മാറും. ഉദാഹരണത്തിന് കാനഡ, അമേരിക്ക ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ അത്യുഷ്ണവും കാട്ടുതീ പോലുള്ള ദുരന്തങ്ങള്‍ അടിക്കടി സംഭവിക്കുമ്പോള്‍, ഇന്ത്യ, ചൈന ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ വന്‍ പ്രളയം സംഭവിക്കുകയാണ്.

ആഗോള താപനം കുറക്കാന്‍ വ്യവസ്ഥാപിതമായ നീക്കങ്ങള്‍ ഉണ്ടാകാതെ വന്നാല്‍, ലോകത്തുണ്ടാവാന്‍ പോകുന്ന ദുരന്തങ്ങളെപ്പറ്റി റിപ്പോര്‍ട്ട് എണ്ണിയെണ്ണി പറയുന്നത് കാണാതെ പോകരുത്. ആഗോള താപന വര്‍ധനവിന് പ്രേരകമാകുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ കടമകള്‍ മറന്നാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നുറപ്പാണ്. 1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ നിബന്ധനകള്‍ പോലും പാലിക്കാന്‍ മടികാട്ടിയ യു എസ് പോലുള്ള വന്‍ ശക്തികള്‍, മറ്റ് വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു വലിയ ഭീഷണി ഉയര്‍ത്തുകയാണ്. ഫലവത്തായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ കൈകൊള്ളുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. ഇവരെ തിരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട് വിദഗ്ദ്ധര്‍.

ആഗോള താപനം നിയന്ത്രണാതീതമാം വിധം ഉയര്‍ന്നാല്‍ ഉണ്ടാകാവുന്ന പരിണത ഫലങ്ങള്‍ ഏവര്‍ക്കും വ്യക്തമാണ്. ഇതെപ്പറ്റി ശക്തമായ മുന്നറിയിപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കുന്നു. ദ്വീപ് രാഷ്ട്രങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാവും, വാസസ്ഥാനങ്ങള്‍ വ്യാപകമായി നഷ്ടപ്പെടും, ദാരിദ്ര്യവും തൊഴില്‍നഷ്ടവുമൊക്കെ അനുബന്ധ തിക്തഫലങ്ങളാവും. ഇന്ത്യക്ക് 7500 കിലോമീറ്റര്‍ കടല്‍ തീരമുണ്ട്. നമ്മുടെ രാജ്യത്തെ 3 കോടിയോളം വരുന്ന ജനങ്ങള്‍ കടല്‍ വേലിയേറ്റത്തിന്റെ രൂക്ഷത അനുഭവിക്കേണ്ടിവരും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലനിരപ്പ് പ്രതിവര്‍ഷം ഏതാണ്ട് 3 മില്ലിമീറ്റര്‍ കണ്ടു ഉയരുന്നുണ്ട് എന്ന കാര്യം അതീവ ഗൗരവതരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കരയിലേക്ക് കടല്‍ ജലം കടന്നുകയറുമെന്നും ഉറപ്പ്. രാജ്യത്തെ തീരദേശവാസികളുടെ കാര്യം അപകടത്തിലാവുകയും ചെയ്യും. ഭൂമിക്കു പൊള്ളുമ്പോള്‍,അന്തരീക്ഷം ക്രമാതീതമായി ചൂടുപിടിക്കുമ്പോള്‍, സമുദ്രനിരപ്പുയരുമ്പോള്‍ ഉണ്ടാകാവുന്ന പരിണത ഫലങ്ങളെപ്പറ്റി അക്കമിട്ടു നിരത്തുകയാണ് ഈ റിപ്പോര്‍ട്ട്.

നമ്മുടെ കണ്ണുകളും കാതുകളും തുറപ്പിക്കുന്നതാവട്ടെ ഇതിലെ കണ്ടെത്തലുകള്‍. രാജ്യങ്ങള്‍ക്ക് പലതും ഇക്കാര്യത്തില്‍ ചെയ്യാനുണ്ട്. ജനങ്ങള്‍ ഉത്തരവാദിത്തം അറിയാതെയും വീണ്ടുവിചാരമില്ലാതെയും സ്വാര്‍ത്ഥതയോടെയും മണ്ണിനേയും അന്തരീക്ഷത്തെയും പ്രകൃതിയെയും സമീപിക്കുന്നത് തുടര്‍ന്നാല്‍ വരും തലമുറകളോട് ചെയ്യുന്ന കടുത്ത അനീതിയാവും അത്. ഭൂമി ജീവന്‍ നിലനില്‍ക്കുന്ന ഏക ഗ്രഹമാണ് എന്നാറിയാവുന്ന നാം, ഇനിയുമിവിടെ തലമുറകള്‍ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം തുടരാന്‍ ഉപയുക്തമായ അന്തരീക്ഷം നിലനിര്‍ത്താന്‍ മറക്കരുത്. ശുദ്ധ വായുവും ശുദ്ധ ജലവും വരും തലമുറകള്‍ക്ക് കൂടി അവകാശപെട്ടതാണെന്നും മറന്നുപോകരുത്.

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താനും, മെച്ചപ്പെട്ട രൂപത്തില്‍ ഇതിനെ ഇനിയെത്തുന്ന തലമുറകള്‍ക്ക് ലഭ്യമാക്കുന്നതിനും ഇവിടെ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇതിലേക്ക് കൂടി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്. ഭൂമിയുടെയും, അന്തരീക്ഷത്തിന്റെയും സമുദ്രങ്ങളുടെയും താപം കൂട്ടുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ രാജ്യങ്ങളുടെ ഭരണാധികള്‍ക്ക് സാധിക്കട്ടെ എന്നും പ്രത്യാശിക്കാം. ഈ കാര്യത്തിലുള്ള കടമകള്‍ ആരും മറക്കാതിരിക്കുക

msajeev2244@gmail.com

 

പത്തനംതിട്ട ജില്ലാ പോലിസ് ഹെഡ് ക്വാർട്ടേഴ്സിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ

Latest