Connect with us

Kerala

വിവാദ സ്വാഗതഗാന ദൃശ്യാവിഷ്‌കാരം; കേരളത്തിന്റെ മതേതര സാമൂഹികതയോടുള്ള വെല്ലുവിളിയെന്ന് എസ് വൈ എസ്

ആ ദൃശ്യാവിഷ്‌കാരം പൊതുമനസില്‍ മുസ്ലിം ഭീതി ജനിപ്പിക്കുന്നു എന്ന ആക്ഷേപത്തില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണം.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ മതേതര സാമൂഹികതയോടുള്ള വെല്ലുവിളിയാണെന്ന് എസ് വൈ എസ്. സ്വാഗതഗാനത്തിലെ വരികളോട് ഒരുനിലക്കും നീതി പുലര്‍ത്തുന്നതായിരുന്നില്ല ദൃശ്യാവിഷ്‌കാരം. മത്സരാര്‍ഥികളുടെയും കാണികളുടെയും മനസ്സില്‍ നന്‍മയുണര്‍ത്തുന്നതിനു പകരം സങ്കുചിതമായ രാഷ്ട്രീയം കടത്തിക്കൊണ്ടുവരാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് എസ് എസ് എഫ് പ്രതികരിച്ചു.

ആ ദൃശ്യാവിഷ്‌കാരം പൊതുമനസില്‍ മുസ്ലിം ഭീതി ജനിപ്പിക്കുന്നു എന്ന ആക്ഷേപത്തില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണം. ബഹുസ്വരതയുടെ ആഘോഷമായി മാറേണ്ട വേദികളില്‍ പോലും മുസ്ലിം സമുദായത്തെ സംശയമുനയില്‍ നിര്‍ത്താനുള്ള ശ്രമം അപകടകരമാണ്. വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ട്. തീവ്രവാദിയുടെ വേഷം മുസ്ലിമിന്റേതാകണമെന്ന സംഘ്പരിവാര്‍ അജണ്ട നടത്തിയെടുക്കാന്‍ കലോത്സവവേദിയെ ദുരുപയോഗിച്ചവര്‍ക്കും അതിനു സഹായകമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകണം.

ഇടതുപക്ഷത്തിന്റെ ജനപ്രതിനിധി ഉള്‍പ്പടെ ഉള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയതിനു ശേഷമാണ് ഉദ്ഘാടന വേദിയില്‍ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചത്. രാഷ്ട്രീയമായി ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും കേരളത്തിന്റെ മതേതര ജാഗ്രതക്കും കളങ്കം വരുത്തിവെക്കുന്ന ഗുരുതര വീഴ്ചയാണ് റിഹേഴ്‌സല്‍ കണ്ടവരുടെ ഭാഗത്ത് സംഭവിച്ചിരിക്കുന്നത്. ഇക്കാര്യവും സര്‍ക്കാര്‍ പരിശോധിക്കണം.

 

Latest