National
വിവാദ വഖ്ഫ് ബില്ല്; ജെ പി സി രൂപവത്കരിച്ചു
ഇത് സംബന്ധിച്ച വിജ്ഞാപനം സ്പീക്കർ ഓം ബിർള പുറത്തിറക്കി.
ന്യൂഡൽഹി | വിവാദ വഖ്ഫ് (ഭേദഗതി) ബില്ല് പരിശോധിക്കാനുള്ള സംയുക്ത പാർലിമെന്ററി സമിതി(ജെ പി സി)യുടെ ചെയർപേഴ്‌സനായി മുതിർന്ന ബി ജെ പി ലോക്സഭാംഗം ജഗദാംബിക പാലിനെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച വിജ്ഞാപനം സ്പീക്കർ ഓം ബിർള പുറത്തിറക്കി. ലോക്സഭയിൽ നിന്ന് 21 ഉം രാജ്യസഭയിൽ നിന്ന് 10ഉം പേരാണ് സമിതിയിലുള്ളത്. ബി ജെ പിക്കും എൻ ഡി എക്കും ഭൂരിപക്ഷമുള്ള സമിതിയാണ് രൂപവത്കരിച്ചത്.
ലോക്‌സഭയിൽ നിന്ന് ജഗദാംബികക്ക് പുറമെ നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാൾ, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡി കെ അരുണ (ബി ജെ പി), ഗൗരവ് ഗൊഗോയ്, ഇംറാൻ മസ്ഊദ്, മുഹമ്മദ് ജാവേദ് (കോൺഗ്രസ്സ്), മുഹിബുല്ല (എസ് പി), കല്യാൺ ബാനർജി (തൃണമൂൽ കോൺഗ്രസ്സ്), എ രാജ (ഡി എം കെ), ലവു ശ്രീകൃഷ്ണ ദേവരായലു (ടി ഡി പി), ദിലേശ്വർ കാമൈത് (ജെ ഡി യു), അരവിന്ദ് സാവന്ത് (ശിവസേന യു ബി ഡി), സുരേഷ് ഗോപിനാഥ് (എൻ സി പി ശരദ് പവാർ), നരേഷ് ഗൺപത് മഹസ്‌കെ (ശിവസേന), അരുൺ ഭാരതി (എൽ ജെ പി രാം വിലാസ്), അസദുദ്ദീൻ ഉവൈസി (എ ഐ എം ഐ എം) എന്നിവരെയാണ് ഉൾപ്പെടുത്തിയത്.
രാജ്യസഭയിൽ നിന്ന് ബ്രിജ് ലാൽ, ഡോ. മേധാ വിശ്രം കുൽക്കർണി, ഗുലാം അലി, ഡോ. രാധ മോഹൻദാസ് അഗർവാൾ, ഡോ. ധർമസ്ഥല വീരേന്ദ്ര ഹെഗ്ഡെ (ബി ജെ പി), സയ്യിദ് നസീർ ഹുസൈൻ (കോൺഗ്രസ്സ്), മുഹമ്മദ് നദീമുൽ ഹഖ് (തൃണമൂൽ), വി വിജയസായി റെഡ്ഢി ( വൈ എസ് ആർ കോൺഗ്രസ്സ്), എം മുഹമ്മദ് അബ്ദുല്ല (ഡി എം കെ), സഞ്ജയ് സിംഗ് (എ എ പി) എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതിപക്ഷ നിരയിൽ നിന്ന് ബില്ലിലെ വിവാദ വ്യവസ്ഥകൾ കാര്യമായി ഉയർത്തിക്കൊണ്ടുവന്ന മുസ്്ലിം ലീഗ് അംഗങ്ങളെയും ഇടത് പാർട്ടികളെയും ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത പാർലിമെന്റ് സമ്മേളനത്തിന്റെ ആദ്യയാഴ്ച ജെ പി സി റിപോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ്സിൽ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയാണ് ചെയർപേഴ്‌സൻ ജഗദാംബിക പാൽ. 1998ൽ ഒരു ദിവസത്തേക്ക് മാത്രമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിപദം കൈകാര്യം ചെയ്ത സവിശേഷതയും അദ്ദേഹത്തിനുണ്ട്.