Connect with us

Kerala

വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി; പൊതുജനാരോഗ്യ ബില്‍ ഉള്‍പ്പെടെ അഞ്ചു ബില്ലുകള്‍ നിയമമായി

വിശദമായ ചര്‍ച്ചയില്ലാതെയാണ് ബില്ലുകള്‍ നിയമമാക്കിയത്.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ പ്രതിഷേത്തിനിടെ ഉള്ളടക്കത്തിലും നിര്‍ദേശങ്ങളിലും ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ചില വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി പൊതുജനാരോഗ്യ ബില്‍ ഉള്‍പ്പെടെ അഞ്ചു ബില്ലുകള്‍ നിയമമായി. വിശദമായ ചര്‍ച്ചയില്ലാതെയാണ് ബില്ലുകള്‍ നിയമമാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ചയും വോട്ടെടുപ്പുമില്ലാതെ ബില്ലുകള്‍ നിയമസഭ പാസ്സാക്കിയത്.

ആരോഗ്യം പൗരന്റെ അവകാശമാക്കുന്നതിന് പകരം പല വ്യവസ്ഥകളും അടിച്ചേല്‍പ്പിക്കുന്നതാണ് ബില്ലിന്റെ ഉള്ളടക്കമെന്നും അലോപ്പതി വിഭാഗത്തിന് ചികിത്സാരംഗം തീറെഴുതിക്കൊടുക്കുന്നതിന് വഴിയൊരുക്കുന്നതാണ് പുതിയ നിയമമെന്നതടക്കമുള്ള ആരോപണങ്ങളാണ് ആരോഗ്യ ബില്ലിനെതിരെ ഉയര്‍ന്നിരുന്നത്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലെന്നിരിക്കെ ഈ പ്രശ്‌നം പരിഹരിക്കാനാണ് ബില്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്. കൊവിഡ്, നിപ തുടങ്ങി മഹാമാരികളെ നേരിട്ടപ്പോള്‍ ഏകീകൃത നിയമം ഇല്ലാത്തത് തിരിച്ചടിയായിരുന്നു. 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ മേഖലയിലെ 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകീകരിക്കുന്നതാണ് ഏകീകൃത കേരള പൊതുജന ആരോഗ്യ ബില്‍.

അതേസമയം പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടുന്ന 54 രോഗങ്ങള്‍ക്ക് ചികിത്സിക്കാനും ചികിത്സിച്ചു ഭേദമാക്കിയതിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനുമുള്ള അധികാരം പൂര്‍ണമായും ആധുനിക വൈദ്യ ശാസ്ത്രത്തില്‍ മാത്രം നിക്ഷിപ്തമാക്കുന്നതിലൂടെ അലോപ്പതി ഇതര ചികിത്സാ വിഭാഗങ്ങളെ അപ്രധാനമാക്കുമെന്ന പരാതിക്ക് കൃത്യമായ മറുപടി ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ല.

പൊതുജനാരോഗ്യ ബില്‍ നിയമമാകുന്നതോടെ ആയുഷ് വിഭാഗം ആധുനിക വൈദ്യശാസ്ത്ര വിഭാഗത്തിന്റെ റഫറല്‍ സംവിധാനം മാത്രമായി മാറും. ഇത് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആക്ട് 2020ന് എതിരാകുമെന്നാണ് സൂചന. പുതിയ പൊതുജനാരോഗ്യ ബില്‍ നിലവില്‍ വരുന്നതോടുകൂടി സര്‍ക്കാര്‍ തലത്തിലുള്ള ആയുഷ് മെഡിക്കല്‍ കോളജുകള്‍, ജില്ലാ ഹോസ്പിറ്റലുകള്‍ തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ ആയുഷ് സ്ഥാപനങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര വിഭാഗം അനുവദിക്കുന്ന രോഗങ്ങളെ മാത്രം ചികിത്സിക്കുന്ന രണ്ടാം നിര സേവന കേന്ദ്രങ്ങളാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം എന്നീ നാലു മേഖലകളിലായി പത്ത് സിറ്റിങിലൂടെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് നടത്തിയിരുന്നു. ഈമാസം 13നാണ് ഇതിന്റെ വിശദ റിപ്പോര്‍ട്ട് വീണ്ടും സബ്ജക്ട് കമ്മിറ്റിക്ക് വന്നത്.

കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകള്‍ പരിഗണിക്കപ്പെട്ടില്ലെന്നും, സര്‍ക്കാര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മാത്രം എടുത്ത് സഭയില്‍ വിശദമായ ചര്‍ച്ചയില്ലാതെ എളുപ്പത്തില്‍ നിയമമാക്കാനുള്ള ശ്രമമാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പൊതുജനാരോഗ്യ ബില്ലിനൊപ്പം ധനബില്‍, ധനവിനിയോഗ ബില്‍, പഞ്ചായത്തി രാജ് ബില്‍, സ്വകാര്യ വനം നിക്ഷിപ്തമാക്കല്‍ ബില്‍ എന്നിവയാണ് പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളത്തിന്റെ അവസാന ദിവസം ചര്‍ച്ചയും വോട്ടെടുപ്പുമില്ലാതെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പാസ്സാക്കിയത്.