Connect with us

പടനിലം

തുടർ വിജയവും ഫ്ലാറ്റും ട്വന്റി20യും

കോണ്‍ഗ്രസ്സും സി പി എമ്മും നേരിട്ടുള്ള പോരാട്ടത്തിനപ്പുറം ബി ജെ പി യും ട്വന്റി 20യും കൂടി കളംനിറയുമ്പോള്‍ എറണാകുളം പോരിന് തീച്ചൂട് തന്നെ.

Published

|

Last Updated

സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഒരു വോട്ടു പോലും പാഴാക്കാതെ പെട്ടിയിലാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ്സും സി പി എമ്മും നേരിട്ടുള്ള പോരാട്ടത്തിനപ്പുറം ബി ജെ പി യും ട്വന്റി 20യും കൂടി കളംനിറയുമ്പോള്‍ എറണാകുളം പോരിന് തീച്ചൂട് തന്നെ.

പതിനെട്ടടവും പയറ്റി
മണ്ഡലം കോണ്‍ഗ്രസ്സിന്റെ പൊന്നാപുരം കോട്ടയെന്ന് അവകാശപ്പെടുമ്പോഴും ഇടത്തോട്ട് പലതവണ ചാഞ്ഞതിന്റെ പേടി യു ഡി എഫിനുണ്ട.് അതിനാല്‍ പരമ്പരാഗത വോട്ടുകള്‍ ഉറപ്പിക്കാനും വോട്ടെണ്ണം കൂട്ടാനുമുള്ള കഠിന പരിശ്രമത്തിലാണ് അവര്‍. സിറ്റിംഗ് എം പി ഹൈബി ഈഡന്‍ ആണ് യു ഡി എഫിന്റെ തുരുപ്പുചീട്ട്. ഒത്തുപിടിച്ചാല്‍ ചരിത്രവിജയം ആവര്‍ത്തിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ നാടിളക്കിമറിച്ചുള്ള പ്രചാരണമാണ് എല്‍ ഡി എഫിന്റേത്.

പി രാജീവിന് രാഹുല്‍ ഗാന്ധി തരംഗത്തില്‍ നഷ്ടമായ മണ്ഡലം, കെ ജെ ഷൈനിലൂടെ നേടാമെന്നാണ് സി പി എം കരുതുന്നത്. ഇരുപക്ഷവും പതിനെട്ടടവും പയറ്റുമ്പോള്‍ വോട്ട് കൂട്ടാന്‍ ബി ജെ പി കളത്തിലുണ്ട്. കഴിഞ്ഞ തവണ ആലപ്പുഴയില്‍ മത്സരിച്ച മുന്‍ പി എസ് സി ചെയര്‍മാന്‍ ഡോ.കെ എസ് രാധാകൃഷ്ണന്‍ ബി ജെ പി സ്ഥാനാര്‍ഥിയായി
രംഗത്തുണ്ട്.

കുന്നത്ത്നാട് നിയമസഭാ മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള ട്വന്റി 20ക്ക് അഡ്വ. ആന്റണി ജൂഡിയാണ് സ്ഥാനാര്‍ഥി. കൂടെ എ എ പി, വീ ഫോര്‍ കൊച്ചി എന്നിവയുടെയും വോട്ടുകള്‍ ആരെ വീഴ്ത്തും ആരെ വാഴിക്കും എന്ന കാര്യത്തില്‍ ഇക്കുറി മുന്നണികള്‍ക്കിടയിലും ആശങ്ക
യുണ്ട്.

പാര്‍ലിമെന്റ് മണ്ഡലം പരിധിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് യു ഡി എഫും മൂന്നിടത്ത് എല്‍ ഡി എഫുമാണ്. എറണാകുളം നിയമസഭാ മണ്ഡലമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എക്കാലത്തും യു ഡി എഫിന്റ ഭൂരിപക്ഷം കുത്തനെ കൂട്ടുന്നത്.

കഴിഞ്ഞ തവണ 31,178 വോട്ടുകളുടെ ഭൂരിപക്ഷം ഇവിടെ നിന്ന് മാത്രം ലഭിച്ചു. എല്‍ ഡി എഫ് ആകെ പിടിച്ചതിനേക്കാള്‍ വോട്ട് ഇവിടെ നിന്ന് യു ഡി എഫിന് ഭൂരിപക്ഷമായി കിട്ടി.
2014ല്‍ 16,893 വോട്ട് ഭൂരിപക്ഷമായി ലഭിച്ചിരുന്നു. ഇക്കുറിയും ഈ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്ന് യു ഡി എഫ് കണക്കുകൂട്ടുന്നു. എന്നാല്‍, 2019ലെ ഉപതിരഞ്ഞെടുപ്പില്‍ വെറും 3,750 വോട്ടാണ് മണ്ഡലത്തിലെ ഭൂരിപക്ഷമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലും വലിയതോതില്‍ നേട്ടമുണ്ടാകുമെന്നും അട്ടിമറി വിജയമാണ് എറണാകുളത്തെന്നും എല്‍ ഡി എഫ് നേതൃത്വം ആണയിടുന്നു.

ഫ്‌ലാറ്റ് പ്രചാരണം
ഫ്‌ലാറ്റ് നിവാസികളുടെ വോട്ട് എറണാകുളത്ത് നിര്‍ണായകമാണ്. തൃക്കാക്കര, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഫ്‌ലാറ്റുകള്‍. നഗരത്തിലുള്ളതിന്റെ ഇരട്ടിയിലേറെയുള്ളതിനാല്‍ ആയിരക്കണക്കിന് വോട്ടര്‍മാരുണ്ട്. ഇവരെയൊന്നും കാണുക എളുപ്പമല്ല. രാഷ്ട്രീയ വീക്ഷണം പിടികിട്ടുകയുമില്ല. താമസിക്കുന്നതില്‍ പകുതിയിലേറെയും വാടകക്കാരായതിനാല്‍ പലര്‍ക്കും ഇവിടെയല്ല വോട്ടെന്നത് സ്ഥാനാര്‍ഥികളെ കുഴക്കുന്നുണ്ട്.

ഒരു ഫ്‌ലാറ്റ് സമുച്ചയത്തില്‍ കയറിയാല്‍ ചുരുങ്ങിയത് അമ്പത് പേരോടെങ്കിലും വോട്ട് ചോദിക്കാമെങ്കിലും അകത്ത് കടന്നുകയറുക ബാലികേറാ
മലയാണ്.

വോട്ടിനായി ഓരോ വാതിലിലും മുട്ടുകയത്ര എളുപ്പമല്ലാത്തതിനാല്‍ അസ്സോസിയേഷന്‍ ഭാരവാഹികളെ കണ്ട് യോഗം സംഘടിപ്പിക്കുകയാണ് യു ഡി എഫ്. പ്രദേശത്തെ കൗണ്‍സിലര്‍മാരെയോ ഫ്‌ലാറ്റിനുള്ളില്‍ പരിചയമുള്ളവരെയോ കൂട്ടുപിടിച്ച് വോട്ടുതേടുകയാണ് എല്‍ ഡി എഫിന്റെ തന്ത്രം.

നഗരവികസനം
നഗരവികസനവും കുടിവെള്ളവും യാത്രാ സൗകര്യവുമൊക്കെയാണ് മണ്ഡലത്തില്‍ പ്രധാന ചര്‍ച്ച. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നേട്ടങ്ങളും കോട്ടങ്ങളുമാണ് സ്ഥാനാര്‍ഥികള്‍ ഉന്നയിക്കുന്നത്. ഭരണവിരുദ്ധ തരംഗമുണ്ടെന്നും കാര്യങ്ങള്‍ എളുപ്പമാകുമെന്നും കരുതുന്ന യു ഡി എഫ്, കഴിഞ്ഞ കാല വികസന നേട്ടങ്ങള്‍ ഒന്നൊന്നായി നിരത്തിയാണ് പ്രചാരണ രംഗത്ത് സജീവമാകുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ ജനകീയ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍ ഡി എഫിന്റെ മറുപടി. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിലെ പ്രശ്‌നങ്ങളും എല്‍ ഡി എഫ് ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കുന്നുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ എറണാകുളത്തിനുണ്ടായ നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എന്‍ ഡി എ നീങ്ങുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest