Connect with us

cpim kannur

പാനൂര്‍ സ്മാരക നിര്‍മാണം; വിവാദത്തിനു ചെവികൊടുക്കാതെ സി പി എം

ഈ മാസം 22ന് സ്മാരകം ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍വഹിക്കും

Published

|

Last Updated

കണ്ണൂര്‍ | ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്ക് സ്മാരകം പണിതതിനെ വിവാദമാക്കാനുള്ള നീക്കത്തിനു ചെവികൊടു ക്കേണ്ടതില്ലെന്ന തീരുമാനവുമായി സി പി എം.

2015 ജൂണ്‍ ആറിനാണ് ബോംബ് നിര്‍മാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സമയത്ത് തള്ളിപ്പറഞ്ഞ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ സ്മാരകം പണിയുന്നുവെന്നും അന്നത്തെ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞവര്‍ക്കു പണിയുന്ന സ്മാരകം ഇപ്പോഴത്തെ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്നു എന്നുമുള്ള വിവാദത്തെ പാര്‍ട്ടി തള്ളിക്കളയുകയാണ്.

കൊല്ലപ്പെട്ട സമയത്ത് രണ്ടു പ്രവര്‍ത്തകരേയും തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടിയുടെ അറിവോടെയല്ല ബോംബു നിര്‍മാണം നടന്നത് എന്ന തരത്തിലാണ് അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി പ്രതികരിച്ചതെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത് അന്ന് കണ്ണൂരിലെ സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. പാര്‍ട്ടി പതാക പുതപ്പിച്ചു വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. പാര്‍ട്ടിയുടെ ഭൂമിയിലായിരുന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. ഇതെല്ലാം കാണിക്കുന്നത് കൊല്ലപ്പെട്ടവരെ അന്നു പാര്‍ട്ടി തള്ളിപ്പറഞ്ഞില്ല എന്നാണെന്നു പാര്‍ട്ടി വിശദമാക്കുന്നു.

പാനൂര്‍ മേഖലയില്‍ ആര്‍ എസ് എസ് – സി പി എം സംഘര്‍ഷം ശക്തമായി നിലനിന്ന സമയത്താണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. ആര്‍ എസ് എസിനെ പ്രതിരോധിക്കുന്നതിനിടയില്‍ ജീവന്‍ വെടിയേണ്ടിവന്ന രക്തസാക്ഷികള്‍ എന്ന നിലയിലാണ് രണ്ടുപേരേയും പാര്‍ട്ടി ആദരിക്കുന്നത്.
കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ ഒരു കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇരുവരും കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരിയിലാണ് സ്മാരകം പണിയാനുള്ള ധന സമാഹരണം തുടങ്ങിയത്. എല്ലാവര്‍ഷവും ജൂണ്‍ ആറിന് ഇരുവരുടെയും രക്തസാക്ഷി ദിനമായി പാര്‍ട്ടി ആചരിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിനു പാര്‍ട്ടി തയ്യാറായിട്ടില്ല. പാര്‍ട്ടി ജില്ലാ നേതൃത്വമാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നുമാത്രമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജില്ലാ സെക്രട്ടറി എം വി ജയരാജനും കൂടുതല്‍ പ്രതികരണത്തിനു മുതിര്‍ന്നില്ല.

പാനൂര്‍ തെക്കും മുറിയില്‍ ഈ മാസം 22ന് സ്മാരകം ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് നിര്‍വഹിക്കുന്നത്. മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിവാദം കോണ്‍ഗ്രസും ബി ജെ പിയും സി പി എമ്മിനെതിരെ ആയുധമാക്കുമ്പോഴും പ്രതികരിച്ചു വിവാദം കൊഴുപ്പിക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.

Latest