Connect with us

National

അധികാരം കിട്ടിയാല്‍ ദളിത് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനം തടയാന്‍ രോഹിത് വെമുല ആക്ട് കൊണ്ടുവരും: കോണ്‍ഗ്രസ്

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വാക്കിലും പ്രവൃത്തിയിലും മുന്‍നിരയിലുണ്ടാകും.

Published

|

Last Updated

റായ്പൂര്‍| അധികാരത്തിലെത്തിയാല്‍ ദളിത് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനം തടയുകയും വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രോഹിത് വെമുല ആക്ട് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വാക്കിലും പ്രവൃത്തിയിലും മുന്‍നിരയിലുണ്ടാകുമെന്ന് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച സാമൂഹിക നീതി പ്രമേയത്തില്‍ പാര്‍ട്ടി വ്യക്തമാക്കി.

10 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദേശീയ സെന്‍സസിനൊപ്പം സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസും നടത്താന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം പറയുന്നു. സാമ്പത്തിക സംവരണത്തിനായി വാദിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ സമുദായത്തിലെയും പാവപ്പെട്ടവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ സാമ്പത്തിക സംവരണ ക്വാട്ടയില്‍ നിന്ന് ഒഴിവാക്കില്ലെന്നും കോണ്‍ഗ്രസ് പ്രമേയത്തില്‍ വ്യക്തമാക്കി.

സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുന്നതിന് വിസമ്മതിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദേശീയ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തും.