Connect with us

Ongoing News

ചിറ്റാറിലെ ജനവാസ മേഖലകളില്‍ കണ്ടത് കടുവയെന്നു സ്ഥിരീകരണം

കാരിക്കയം പാലയ്ക്കല്‍ സോമരാജന്റെ വീടിന്റെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്

Published

|

Last Updated

പത്തനംതിട്ട |  ചിറ്റാറിലെ ജനവാസ മേഖലകളില്‍ കണ്ടത് കടുവയെന്നു സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കാരിക്കയം പാലയ്ക്കല്‍ സോമരാജന്റെ വീടിന്റെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. കടുവയുടെ മുമ്പില്‍ ചെന്നുപെട്ട സോമരാജന്‍ കഷ്ടിച്ചാണ് രക്ഷപെട്ടത്. പുലര്‍ച്ചെ വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോയി മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടന്ന കടുവയുടെ മുമ്പില്‍ ഇദ്ദേഹം ചെന്നുപെടുന്നത്. ഭയന്നുവിറച്ച് ഇയാള്‍ ഒച്ചവച്ചതോടെ കടുവ ഓടിപ്പോയി.

കാരിക്കയം, മുതലവാരം, പടയനിപ്പാറ മേഖലകളെല്ലാം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. കര്‍ഷകരും സാധാരണ ജനങ്ങളുമാണധികവും. പ്രദേശത്ത് ഇതാദ്യമായാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് എത്തിയ വനപാലകരും കടുവയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. കടുവയുടെ സഞ്ചാരപഥവും തിരിച്ചറിഞ്ഞിട്ടുണ്ട്. കാരിക്കയം ഭാഗത്തു കടുവയുടെ സാന്നിധ്യം ആദ്യമാണെന്നു പറയുന്നു. കടുവയെ കണ്ട വീടിനു സമീപം ഒരു കേഴമാനിനെയും കണ്ടിരുന്നു. ഇതിനെ ഓടിച്ചുകൊണ്ടാണ് കടുവ ഇവിടെവരെ എത്തിയതെന്നു കരുതുന്നു.

 

ജാഗ്രതാനിര്‍ദേശവുമായി വനപാലകര്‍

കടുവയെ കണ്ടെത്തിയതിനാല്‍ പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ വനപാലകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച ടാപ്പിങ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ വനം ദ്രുതകര്‍മസേനയുടെ കാവല്‍ ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. രണ്ടുമാസം മുമ്പ് മണിയാര്‍ പോലീസ് ക്യാംപിന് സമീപത്തു കടുവയെ രണ്ടുതവണ കണ്ടിരുന്നു. വീണ്ടും കാരിക്കയത്ത് കടുവയെ കണ്ടതോടെ ഈ മേഖലയില്‍ കടുവയുടെ സ്ഥിര സാന്നിധ്യമുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊടുമുടി വനമേഖലയിലും കടുവയെ മുന്പു കണ്ടിരുന്നു.
മലയോര മേഖലയിലെ പല സ്ഥലങ്ങളിലും കടുവയുടെയും പുലിയുടെയും സാന്നിധ്യം ഇപ്പോള്‍ ശക്തമാണ്. മുന്‍പ് കാട്ടുപന്നികളാണ് ഭീഷണി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കടുവയും കാട്ടുപോത്തുമെല്ലാമാണ് കൃഷിയിടങ്ങള്‍ കൈയടക്കിയിരിക്കുന്നത്. പല തോട്ടങ്ങളിലും ടാപ്പിങ് ഏറെക്കാലമായി മുടങ്ങിയിരിക്കുകയുമാണ്

 

Latest