Connect with us

Articles

ഹിജാബ് വിധിയിലെ ആശങ്കകള്‍

ഇടക്കാല ആശ്വാസം നിരസിക്കുകയാണെങ്കില്‍ ഹരജിക്കാര്‍ക്ക് നേരിടേണ്ടിവരുന്ന ക്ലേശവും ഇടക്കാല ആശ്വാസം അനുവദിക്കുന്നപക്ഷം എതിര്‍കക്ഷികള്‍ക്ക് ഉണ്ടാകുന്ന പ്രയാസവും താരതമ്യം ചെയ്ത് ബാലന്‍സ് ചെയ്താണ് ഇടക്കാല ആശ്വാസ വിധികള്‍ നമ്മുടെ കോടതികള്‍ പുറപ്പെടുവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മുസ്ലിം വിദ്യാര്‍ഥികളുടെ മൗലികാവകാശത്തിനൊപ്പം നില്‍ക്കേണ്ടിയിരുന്നു കര്‍ണാടക ഹൈക്കോടതി. പക്ഷേ, അതുണ്ടായില്ലെന്നത് ഖേദകരമാണ്.

Published

|

Last Updated

ര്‍ക്കാര്‍ കോളജുകളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയ ഭരണകൂട നടപടിക്കെതിരെ മുസ്ലിം വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതില്‍ ഹരജിയിലെ വാദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധി നീതിദീക്ഷയില്ലാത്തതാണെന്ന വിമര്‍ശം നിലനില്‍ക്കുമ്പോള്‍ തന്നെ വിധിയുടെ നഗ്നമായ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. കോളജ് ഡെവലപ്മെന്റ് കമ്മിറ്റി നിര്‍ണിത യൂനിഫോം നിര്‍ദേശിച്ച കോളജുകളിലാണ് മതപരമായ വേഷങ്ങള്‍ക്ക് ക്ലാസ്സ് മുറികളില്‍ ഇടക്കാല വിധി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിധിയില്‍ അക്കാര്യം സ്പഷ്ടമാണെന്നിരിക്കെ, ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ മറ്റു കോളജുകളിലേക്കും സ്‌കൂളുകളിലേക്കും ഹിജാബ് വിലക്ക് നീട്ടുന്ന സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ ലക്ഷ്യം വ്യക്തമാണ്. സംസ്ഥാനത്തൊന്നാകെ ആഴത്തിലുള്ള വര്‍ഗീയ വിഭജനമുണ്ടാക്കി അതില്‍ ദീര്‍ഘകാല രാഷ്ട്രീയ ഇന്ധനം കണ്ടെത്തുക എന്നത് തന്നെ. ഇളം വിദ്യാര്‍ഥി മനസ്സുകളില്‍ തന്നെ അപര വിദ്വേഷത്തിന്റെ വെറുപ്പ് പടര്‍ത്താനായാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്ന് ദക്ഷിണേന്ത്യയില്‍ വര്‍ഗീയത കത്തിച്ച് അധികാരം പിടിച്ച കര്‍ണാടകത്തിലെ ബി ജെ പി നേതൃത്വത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഫുള്‍ ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധി നല്‍കുന്നത് അപായ സൂചനയാണ്. ഇടക്കാല ആശ്വാസ വിധി പുറപ്പെടുവിക്കുന്നതിന് നമ്മുടെ കോടതികള്‍ നേരത്തേ അവലംബിച്ചു പോരുന്ന തത്വങ്ങളുണ്ട്. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാകുക എന്നത് അതില്‍ പ്രധാനപ്പെട്ടതാണ്. ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതും സംഗതവുമാണെന്ന് സ്ഥാപിക്കുന്നതിന് ഹരജിക്കാര്‍ കേരള, മദ്രാസ് ഹൈക്കോടതികളുടെ രണ്ട് വിധികളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹിജാബ് അത്യന്താപേക്ഷിത മതാചാരമാണെന്ന് അഭിപ്രായപ്പെടുന്നതാണ് ആ രണ്ട് വിധികള്‍. കൂടാതെ മത, വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നീതിന്യായ വ്യവഹാരങ്ങളിലെ നാഴികക്കല്ലായ ബിജോയ് ഇമ്മാനുവല്‍ കേസിലെ സുപ്രീം കോടതി വിധിയും ഹിജാബിനായി നിലകൊള്ളുന്ന വിദ്യാര്‍ഥികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കാന്‍ വിശ്വാസത്തിന്റെ ഭാഗമായി തയ്യാറാകാതിരുന്ന യഹോവ സാക്ഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത ഹരജിയില്‍ സുപ്രീം കോടതി വിദ്യാര്‍ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനൊപ്പം നിന്ന വിധിയായിരുന്നു അത്. മനസ്സാക്ഷിയുടെ അടിസ്ഥാനത്തില്‍ ഉത്തമ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനവും ഭരണഘടനയുടെ ബലത്തില്‍ സംരക്ഷിക്കപ്പെടുന്നതാണെന്ന സൂചനയാണ് ബിജോയ് ഇമ്മാനുവല്‍ കേസിന്റെ ആകത്തുക. ഭരണഘടനയുടെ 25ാം അനുഛേദത്തെ മുന്‍നിര്‍ത്തി ഹിജാബ് ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വിശുദ്ധ ഖുര്‍ആന്‍, ഹദീസ് വചനങ്ങളും ഹരജിക്കാര്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വസ്ത്രം തങ്ങളുടെ അസ്തിത്വത്തിന്റെ ആവിഷ്‌കാരമായതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19( 1)(എ) ഉറപ്പുനല്‍കുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി ചൂണ്ടിക്കാട്ടുമ്പോള്‍ വസ്ത്രത്തിലെ തങ്ങളുടെ തിരഞ്ഞെടുപ്പ് 21ാം ഭരണഘടനാനുഛേദം മുന്നോട്ടുവെക്കുന്ന സ്വകാര്യതക്കുള്ള മൗലികാവകാശമാണെന്നും എന്ത് ധരിക്കണമെന്ന് ഭരണകൂടത്തിന് ഉത്തരവിടാനാകില്ലെന്നും കൂടെ അടിവരയിടുന്നുണ്ട്.

പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നു എന്നതിന് ഹരജിക്കാര്‍ തങ്ങളുടെ വ്യവഹാരം സംഗ്രഹിച്ച് തെളിയിക്കണം എന്നര്‍ഥമില്ല. വാദയുക്തമായ ഒരു കേസ് തങ്ങള്‍ക്കുണ്ടെന്ന് കാണിക്കണം എന്നേയുള്ളൂ. സമാന സാഹചര്യത്തില്‍ പുറപ്പെടുവിച്ച പരമോന്നത നീതിപീഠത്തിന്റെ ശ്രദ്ധേയ വിധിയും രണ്ട് ഹൈക്കോടതി വിധികളും ഉണ്ടായിരിക്കെ ഹിജാബ് നിരോധനത്തിനുള്ള ഹരജി വാദയുക്തമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സൂചിപ്പിക്കാത്ത ഇടക്കാല വിധി ഹരജിക്കാരുടെ മൗലികാവകാശത്തെ റദ്ദാക്കുന്നതിലാണ് താത്പര്യം കാണിച്ചതെന്ന വിമര്‍ശം അവഗണിക്കാവതല്ല.

തങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിന്റെ ആദ്യകാലം മുതല്‍ നിരാക്ഷേപം ശിരോവസ്ത്രം ധരിച്ചുവരുന്നവരാണ് ഹരജിക്കാരായ വിദ്യാര്‍ഥിനികള്‍. 2021 ഡിസംബറില്‍ മാത്രമാണ് അവരുടെ ശിരോവസ്ത്രം പ്രശ്നവത്കരിക്കപ്പെടുന്നത്. ഇടക്കാല ആശ്വാസം നിരസിക്കുകയാണെങ്കില്‍ ഹരജിക്കാര്‍ക്ക് നേരിടേണ്ടിവരുന്ന ക്ലേശവും ഇടക്കാല ആശ്വാസം അനുവദിക്കുന്നപക്ഷം എതിര്‍കക്ഷികള്‍ക്ക് ഉണ്ടാകുന്ന പ്രയാസവും താരതമ്യം ചെയ്ത് ബാലന്‍സ് ചെയ്താണ് ഇടക്കാല ആശ്വാസ വിധികള്‍ നമ്മുടെ കോടതികള്‍ പുറപ്പെടുവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മുസ്ലിം വിദ്യാര്‍ഥികളുടെ മൗലികാവകാശത്തിനൊപ്പം നില്‍ക്കേണ്ടിയിരുന്നു കര്‍ണാടക ഹൈക്കോടതി. പക്ഷേ, അതുണ്ടായില്ലെന്നത് ഖേദകരമാണ്.

സര്‍ക്കാര്‍ കോളജുകളില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയ ഭരണകൂട നീക്കത്തെ ഫലത്തില്‍ അംഗീകരിക്കുകയാണല്ലോ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി. അതിലൂടെ രണ്ട് പ്രധാന മൗലികാവകാശങ്ങള്‍ക്കിടയില്‍ ഒരു ചോയ്സ് മാത്രം നല്‍കിയിരിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. അഥവാ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മത വിശ്വാസത്തിനും വിദ്യാഭ്യാസത്തിനുമുള്ള മൗലികാവകാശങ്ങള്‍ രണ്ടും ഒരേ സമയം തിരഞ്ഞെടുക്കാന്‍ കഴിയാതെ വരുന്നു. ഒരവകാശം ലഭിക്കുമ്പോള്‍ മറ്റൊന്ന് ഇല്ലാതാകുന്നു. ഇത് കുറച്ച് ദിവസത്തേക്കുള്ള കാര്യമാണെന്ന് കേസിന്റെ വിചാരണക്കിടെ ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിക്കുന്നുണ്ട്. മത വിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കുന്നവരോട് വിദ്യാഭ്യാസം ലഭിക്കുന്നതിനായി കുറച്ച് ദിവസത്തേക്ക് ആ അവകാശം റദ്ദാക്കാനാകില്ലേ എന്ന ചോദ്യം ഭരണഘടനാ മൂല്യങ്ങളുടെ ബലത്തിലാകാന്‍ തരമില്ല. സര്‍ക്കാര്‍ സഹായത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അസ്തിത്വം ബലികഴിക്കേണ്ടി വരുമെന്നാണെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ടതുമല്ല.

ഇടക്കാല ആശ്വാസ വിധി പരമമായ നീതിയെന്ന ലക്ഷ്യത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ ഹിജാബ് കേസിലെ ഇടക്കാല വിധി മുസ്ലിം സ്ത്രീകള്‍ക്കെതിരായ മതപരമായ വിവേചനം കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്. സംസ്ഥാനത്തുടനീളം ഹിജാബ്്വിരുദ്ധ വികാരം കത്തിക്കാനുള്ള ശ്രമമുണ്ടെന്ന ഔദ്യോഗിക റിപോര്‍ട്ട് പുറത്തുവരുന്ന വേളയിലാണ് ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹരജി ഹൈക്കോടതിയിലെത്തുന്നത്. മുസ്ലിം പെണ്‍കുട്ടികളെ ശിരോവസ്ത്രം ധരിച്ച് ക്ലാസ്സിലിരിക്കാന്‍ അനുവദിക്കുകയും ക്യാമ്പസുകളില്‍ സമാധാനം ഉറപ്പുവരുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയുമായിരുന്നു കര്‍ണാടക ഹൈക്കോടതി ചെയ്യേണ്ടിയിരുന്നത്. ഏറെക്കാലമായി വിവാദങ്ങള്‍ക്കൊരിടവുമില്ലാത്ത വിശ്വാസ സ്വാതന്ത്ര്യം, സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ കുരിശിലേറ്റപ്പെടുന്ന വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ നീതിപീഠത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം പൂര്‍ണമാകുന്നത് അപ്പോള്‍ മാത്രമാണ്. പകരം തത്്സ്ഥിതി മാറ്റി സമാധാന ശ്രമത്തിനായുള്ള ഇടപെടലിലൂടെ ഹരജിക്കാരുടെ അവകാശത്തെ നിഷേധിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.