Kerala
ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തി സമ്പൂര്‍ണ നവീകരണം നടപ്പാക്കും: കെ ജയകുമാര്‍
ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്
തിരുവനന്തപുരം | ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തി സമ്പൂര്‍ണ നവീകരണം നടപ്പാക്കുമെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും. അവരവരുടെ ജോലികള്‍ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും.
തീര്‍ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണന. ശബരിമലയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് മാറ്റികൊണ്ടുപോകുന്ന മാരീചന്മാരെ തീര്‍ച്ചയായും മാറ്റിനിര്‍ത്തും. വരുന്ന ആളുകള്‍ക്ക് ഭംഗിയായി ശബരിമലയില്‍ അയ്യപ്പ ദര്‍ശനം സാധ്യമാകണം. അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക. പലകാര്യങ്ങള്‍ക്കായി ശബരിമലയെ ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. വളരെക്കാലമായുള്ള സ്ഥാപിത താത്പര്യം അതിനുപിന്നിലുണ്ടാകും. സമ്പൂര്‍ണ നവീകരണമാണ് ലക്ഷ്യം.
ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തില്‍ നല്ല ഒരു തീര്‍ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയില്‍ പുനക്രമീകരിക്കാന്‍ ശ്രമിക്കും. മേല്‍ശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താല്‍ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേല്‍ശാന്തിയെ സഹായിക്കലാണ്. അത് ചെയ്താല്‍ മതിയാകുമെന്നും കെ ജയകുമാര്‍ പറഞ്ഞു.


