Connect with us

Editorial

ഇരുചക്ര വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം

"വാഹനങ്ങളുടെ നഷ്ടത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ലെ'ന്ന് ബോര്‍ഡ് വെക്കാറുണ്ട് ചില പാര്‍ക്കിംഗ് നടത്തിപ്പുകാര്‍. നിയമപരമായി ഒരു പ്രസക്തിയുമില്ല ഈ അറിയിപ്പിന്. ഫീസ് വാങ്ങി പാര്‍ക്കിംഗ് അനുവദിക്കുന്നവര്‍ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി വിധിയുണ്ട്.

Published

|

Last Updated

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. തീപ്പിടിത്തത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തെളിവിന് ആശ്രയിക്കാവുന്ന ഏക അവലംബമായ, പാര്‍ക്കിംഗ് ഏരിയയിലെ സി സി ടി വി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡി വി ആര്‍ (ഡ്രൈവ്) കത്തി നശിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ട്. അതില്‍ പരാജയപ്പെട്ടാല്‍ അന്വേഷണം അതീവ ശ്രമകരമാകും.

വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണു, ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു, പാര്‍ക്കിംഗ് ഏരിയയിലെ ചവറിന് തീപ്പിടിച്ചു എന്നിങ്ങനെ മൂന്ന് കാരണങ്ങളാണ് സംശയിക്കപ്പെടുന്നത്. റെയില്‍വേ സ്റ്റേഷനിലെ വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണതാണ് ദുരന്തത്തിനു കാരണമെന്നാണ് പാര്‍ക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരി പറയുന്നത്. ഇതുപക്ഷേ റെയില്‍വേ അധികൃതര്‍ തള്ളിക്കളയുന്നു. പാര്‍ക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ഉയര്‍ന്നത്, അത് പിന്നീട് പടര്‍ന്നു പിടിക്കുകയായിരുന്നുവെന്നാണ് റെയില്‍വേയുടെ ഭാഷ്യം. ചട്ടം ലംഘിച്ചാണ് സ്റ്റേഷനില്‍ പാര്‍ക്കിംഗ് കേന്ദ്രം പണിതതെന്നും ചട്ടലംഘനത്തിനെതിരെ തൃശൂര്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയതായും വാര്‍ത്തയുണ്ടായിരുന്നു. അതും സത്യവിരുദ്ധമെന്ന് റെയില്‍വേ പറയുന്നു. അവര്‍ക്ക് അങ്ങനെയൊരു നോട്ടീസ് കിട്ടിയില്ലത്രെ. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ തീപ്പിടിത്തമുണ്ടായത്. ആദ്യം രണ്ട് ബൈക്കുകളില്‍ ബാധിച്ച തീ നിമിഷങ്ങള്‍ക്കകം മറ്റു ബൈക്കുകളിലേക്ക് പടരുകയായിരുന്നു.

തീപ്പിടിത്തത്തിന് കാരണമെന്തായാലും പാര്‍ക്കിംഗ് ഏരിയക്ക് സ്ഥലം നിര്‍ണയിച്ചതില്‍ റെയില്‍വേ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന പ്രസരണ ശേഷിയുള്ള വൈദ്യുതി ലൈനിന്റെ തൊട്ടുസമീപത്തായാണ് സ്ഥലം നല്‍കിയത്. പാര്‍ക്കിംഗ് ഏരിയയുടെ മേല്‍ക്കൂര വൈദ്യുതി കമ്പിയില്‍ നിന്ന് അധികം ദൂരത്തിലുമല്ല. സാധാരണ നിലയില്‍ റെയില്‍വേ ട്രാക്കിനോട് ഇത്രയും ചേര്‍ന്ന് പാര്‍ക്കിംഗ് ഏരിയ അനുവദിക്കാറില്ല. തുറസ്സായ സ്ഥലങ്ങളിലാണ് പാര്‍ക്കിംഗ് ഒരുക്കേണ്ടതെന്നാണ് നിര്‍ദേശം.

തൃശൂരിലെ മാത്രം കഥയല്ല ഇത്. പാര്‍ക്കിംഗ് കരാറിന് റെയില്‍വേ വകുപ്പ് മുന്‍വെച്ച നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് മിക്ക സ്റ്റേഷനുകളിലും പാര്‍ക്കിംഗ് കരാര്‍ നല്‍കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയായിരിക്കണം പാര്‍ക്കിംഗിന് കരാര്‍ നല്‍കേണ്ടതെന്ന് റെയില്‍വേ ബോര്‍ഡ് 2022 ജൂലൈ 17ന് സോണ്‍ മാനേജര്‍മാര്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മിക്ക സ്റ്റേഷനുകളിലും ചുരുങ്ങിയ കാലത്തേക്കാണ് കരാര്‍ നല്‍കുന്നത്. ഈ കരാര്‍ കാലാവധി അവസാനിച്ചാല്‍ 15, 30, 60 എന്നിങ്ങനെ ഏതാനും ദിവസത്തേക്ക് നീട്ടിക്കൊടുക്കുന്ന പതിവുമുണ്ട് പലയിടത്തും. ചുരുങ്ങിയ കാലാവധിയാകുമ്പോള്‍ പാര്‍ക്കിംഗ് ഏരിയയില്‍ സി സി ടി വി ക്യാമറകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍, മേല്‍ക്കൂര നിര്‍മാണം, വൈദ്യുതി വിളക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കാനും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനും കരാറുകാര്‍ സന്നദ്ധമാകില്ല. റെയില്‍വേ നടത്തിയ സുരക്ഷാ ഓഡിറ്റിംഗില്‍, സംസ്ഥാനത്തെ റെയില്‍വേ പാര്‍ക്കിംഗ് ഏരിയകളില്‍ തീയണക്കാനുള്ള സംവിധാനം ഇല്ലെന്ന് കണ്ടെത്തിയ കാര്യവും ശ്രദ്ധേയമാണ്.

തൃശൂര്‍ റെയില്‍വേയില്‍ 250-300 വാഹനങ്ങള്‍ കത്തിനശിച്ചുവെന്നാണ് കണക്ക്. ലക്ഷങ്ങള്‍ വില വരുന്ന ബൈക്കുകള്‍ വരെയുണ്ട് കൂട്ടത്തില്‍. ഞായറാഴ്ച അവധിയായതിനാല്‍ ബൈക്ക്, പാര്‍ക്കിംഗ് നടത്തിപ്പുകാരെ ഏല്‍പ്പിച്ചു നാട്ടില്‍ പോയവരാണ് മിക്കവരും. സാധാരണക്കാരാണ് ഭൂരിഭാഗവും. അവരെ സംബന്ധിച്ചിടത്തോളം ഈ നഷ്ടം വളരെ വലുതാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചേ തീരൂ. പാര്‍ക്കിംഗ് കേന്ദ്ര നടത്തിപ്പുകാരും റെയില്‍വേയുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സൗജന്യമല്ല; നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട് എല്ലാ റെയില്‍വേ പാര്‍ക്കിംഗ് കേന്ദ്രത്തിലും. ഫീസ് വാങ്ങുമ്പോള്‍, വാഹനങ്ങള്‍ സൂക്ഷിക്കാനും സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാനുമുള്ള ഉത്തരവാദിത്വവുമുണ്ട് പാര്‍ക്കിംഗ് കേന്ദ്ര നടത്തിപ്പുകാര്‍ക്ക്. ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വലിയൊരു ഭാഗം റെയില്‍വേ ഈടാക്കുന്ന സാഹചര്യത്തില്‍ റെയില്‍വേക്കും ഈ ബാധ്യതയില്‍ നിന്നൊഴിവാകാനാകില്ല. ഏത് സേവനത്തിലും ലാഭം കൈപ്പറ്റുന്നവര്‍, അതില്‍ സംഭവിക്കുന്ന നഷ്ടങ്ങളിലും ഭാഗഭാക്കാകേണ്ടതാണ്.

‘വാഹനങ്ങളുടെ നഷ്ടത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ലെ’ന്ന് ബോര്‍ഡ് വെക്കാറുണ്ട് ചില പാര്‍ക്കിംഗ് നടത്തിപ്പുകാര്‍. നിയമപരമായി ഒരു പ്രസക്തിയുമില്ല ഈ അറിയിപ്പിന്. ഫീസ് വാങ്ങി പാര്‍ക്കിംഗ് അനുവദിക്കുന്നവര്‍ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചതാണ്. 1998ല്‍ ഡല്‍ഹി താജ് ഹോട്ടല്‍ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത വാഹനം മോഷണം പോയ കേസിലായിരുന്നു ഈ വിധി പ്രസ്താവം. വാഹനം കാണാതായതിനെക്കുറിച്ച് ഉടമ ഹോട്ടല്‍ അധികൃതരോട് അന്വേഷിച്ചപ്പോള്‍, പാര്‍ക്കിംഗ് രശീതിന്റെ പിന്‍വശത്ത് രേഖപ്പെടുത്തിയ അറിയിപ്പ് ചൂണ്ടിക്കാണിച്ച് അവര്‍ ഒഴിഞ്ഞുമാറി. ‘പാര്‍ക്ക് ചെയ്ത വാഹനത്തിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ ഹോട്ടല്‍ ഉത്തരവാദിയല്ല’ എന്നായിരുന്നു അറിയിപ്പ്. വാഹന ഉടമ കോടതിയെ സമീപിച്ചു. 2019 നവംബറിലാണ് സുപ്രീം കോടതി കേസില്‍ വിധി പ്രസ്താവിച്ചത്. പാര്‍ക്കിംഗിന് പ്രതിഫലം കൈപ്പറ്റുന്നവര്‍ക്ക് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതയുണ്ട്; രശീതിനു പിറകില്‍ ‘ഞങ്ങള്‍ ഉത്തരവാദികളല്ല’ എന്നെഴുതിയത് കൊണ്ട് ഈ ബാധ്യതയില്‍ നിന്നൊഴിവാകില്ലെന്ന് കോടതി തറപ്പിച്ചു പറഞ്ഞു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗിന് ഫീസ് ഈടാക്കുന്ന സാഹചര്യത്തില്‍ ഈ വിധി അവിടെയും ബാധകമാണ്. പാര്‍ക്കിംഗ് നടത്തിപ്പുകാര്‍ക്കും റെയില്‍വേക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പാര്‍ക്കിംഗ് ഏരിയയില്‍ കൃത്യമായി അഗ്‌നിശമന സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ വരുത്തിയ വീഴ്ചക്കും അവര്‍ മറുപടി പറയേണ്ടതാണ്.