Connect with us

bhagat singh

ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഭഗത് സിംഗിനെ തങ്ങളുടെതാക്കി മാറ്റുന്നത് പരിഹാസ്യമെന്ന് മുഖ്യമന്ത്രി

ധ്രുവീകരണ ശ്രമങ്ങളെ ഇന്ത്യൻ ജനത ചെറുത്തു നിൽക്കുക തന്നെ ചെയ്യും. ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരുടെ ഐതിഹാസിക ചരിത്രം ഇതിന് ഊർജം പകരുമെന്നും പിണറായി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഭഗത് സിംഗിനെ തങ്ങളുടെ ചരിത്ര നായകനാക്കി മാറ്റാൻ മുന്നിൽ നിൽക്കുന്നത് പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭഗത്‌ സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷി ദിനത്തിലാണ് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ ഇക്കാര്യം കുറിച്ചത്.

ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ഭഗത് സിംഗ് അടക്കമുള്ളവർ ദേശീയപ്രസ്ഥാനത്തിലെ വിപ്ലവധാരക്ക് തുടക്കമിട്ടവരാണ്. സ്വാതന്ത്ര്യമെന്നാൽ അസമത്വത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനമാണെന്നറിയുന്ന ഏവർക്കും വലിയ പ്രചോദനമാണ് ഈ വിപ്ലവകാരികളുടെ ഉജ്വല സ്‌മരണകൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ വിമോചന വിപ്ലവധാരയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തെ വളച്ചൊടിക്കുകയാണ് വലതുപക്ഷ പാർട്ടികൾ.

കേന്ദ്ര സർക്കാർ പിന്തുടരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതമാക്കുന്നു. ഇതിനെതിരെ ഉയർന്നുവരുന്ന ജനകീയമുന്നേറ്റങ്ങളെ ഭിന്നിപ്പിക്കാൻ പ്രയത്നിക്കുകയാണ് വർഗീയ ശക്തികൾ. ഈ ധ്രുവീകരണ ശ്രമങ്ങളെ ഇന്ത്യൻ ജനത ചെറുത്തു നിൽക്കുക തന്നെ ചെയ്യും. ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരുടെ ഐതിഹാസിക ചരിത്രം ഇതിന് ഊർജം പകരുമെന്നും പിണറായി പറഞ്ഞു.

Latest