International
ശീതക്കാറ്റ് മുന്നറിയിപ്പ്; അമേരിക്കയില്‍ 10,000ത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
വാഷിങ്ടണ്‍ | ശീതക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയില്‍ 10,000ത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്ത് നിന്ന് പുറത്തേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയിട്ടുള്ളത്. യു എസിലെ ആകെ ജനസംഖ്യയുടെ പകുതിയിലധികം വരുമിത്.
റോക്കീസ് മുതല്‍ ന്യൂ ഇംഗ്ലണ്ട് വരെയുള്ള 37 പ്രവിശ്യകളിലാണ് ശീതക്കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 19 കോടിയോളം പേരെ ശീതക്കാറ്റ് പ്രതികൂലമായി ബാധിക്കും. മഞ്ഞും ഐസും ന്യൂ മെക്‌സിക്കോ മുതല്‍ ടെന്നെസീ താഴ്‌വരയാകമാനം മൂടിയ നിലയിലാണ്. കനത്ത മഞ്ഞ് രാജ്യത്തിന്റെ മധ്യപടിഞ്ഞാറ്, മധ്യ-അത്‌ലാന്റിക് ഭാഗങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. തണുത്ത കാലാവസ്ഥ മധ്യ, കിഴക്കന്‍ അമേരിക്കയില്‍ അപകടകരമായ തോതില്‍ ഗ്രസിച്ചിട്ടുണ്ട്. ഇലിനോയ്, മിഷിഗന്‍, മിനസോട്ട, ഒഹായോ തുടങ്ങി യു എസിന്റെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം പ്രവിശ്യകളില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നിലവിലെ താപനില.
ശീതക്കാറ്റുണ്ടായാല്‍ ജനങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കാന്‍ രക്ഷാപ്രവര്‍ത്തക സംഘങ്ങളെ ഫെഡറല്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചര്‍ച്ചുകള്‍ ഞായറാഴ്ച പ്രാര്‍ഥനകള്‍ ഓണ്‍ലൈനിലാക്കി. ലൂയിസിയാനയിലെ കാര്‍ണിവല്‍ പരേഡുകള്‍ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു.

