Kerala
ആനയെഴുന്നള്ളത്ത്; രജിസ്റ്റര്‍ ചെയ്ത ഉത്സവങ്ങള്‍ക്ക് മാത്രം അനുമതി
നിലവില്‍ രജിസ്ട്രേഷന്‍ നേടിയ ഉത്സവങ്ങള്‍ക്കേ നിബന്ധനകള്‍ക്ക് വിധേയമായി ആനയെഴുന്നള്ളത്ത് നടത്താന്‍ കഴിയൂ. പുതിയ ഉത്സവങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കില്ല.
തിരുവനന്തപുരം | ആനയെഴുന്നള്ളത്തിന് ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്ത ഉത്സവങ്ങള്‍ക്ക് മാത്രം അനുമതി. നിലവില്‍ രജിസ്ട്രേഷന്‍ നേടിയ ഉത്സവങ്ങള്‍ക്കേ നിബന്ധനകള്‍ക്ക് വിധേയമായി ആനയെഴുന്നള്ളത്ത് നടത്താന്‍ കഴിയൂ. പുതിയ ഉത്സവങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കില്ല. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മുന്‍കൂര്‍ അനുമതിയാണ് തേടേണ്ടത്. ചില ക്ഷേത്രങ്ങളില്‍ അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.
നടന്നുവരുന്ന ഉത്സവമാണെങ്കിലും നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അനുമതി ലഭിക്കില്ല. രജിസ്ട്രേഷന്‍ നേടിയ സമയത്ത് അനുവദിച്ചതില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാനും കഴിയില്ല. ഉത്സവം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആനയെ എഴുന്നള്ളിക്കണമെങ്കില്‍ നാട്ടാന പരിപാലനചട്ട പ്രകാരമുള്ള സുരക്ഷാവ്യവസ്ഥകളെല്ലാം പാലിക്കണം. ഈസമയത്തേക്ക് കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്. അഞ്ചില്‍ക്കൂടുതല്‍ ആനകള്‍ ഉണ്ടെങ്കില്‍ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തുണ്ടാകണം. വീഴ്ച വരുത്തിയാല്‍ നാട്ടാന പരിപാലനചട്ട പ്രകാരം കേസെടുക്കും.
അനുമതിയില്ലാതെ എഴുന്നള്ളത്ത് നടത്തിയാല്‍ ഉത്സവക്കമ്മിറ്റിക്ക് എതിരെയാണ് നിയമനടപടി സ്വീകരിക്കുക.

